Nagasaki Day | നാഗസാക്കി ദിനം: മറക്കാനാവാത്ത ദുരന്തം; മനുഷ്യരാശിയുടെ കറുത്ത അധ്യായം
4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാൻ' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് നഗരത്തെ പൂർണമായും തകർത്തു. പതിനായിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു.
ന്യൂഡൽഹി: (KVARTHA) ഓഗസ്റ്റ് ഒമ്പത്, ലോകം ഒരിക്കലും മറക്കാത്ത ഒരു ദിനം. 1945ൽ ജപ്പാന്റെ നാഗസാക്കി നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച ദിനം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ അധ്യായമായിരുന്നു അത്.
അണുബോംബിന്റെ വിനാശകമായ ശക്തി
1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന് തൊട്ടുപിന്നാലെയാണ് നാഗസാക്കിയിലും ഈ ഭീകരമായ ആക്രമണം നടന്നത്. 4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാൻ' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് നഗരത്തെ പൂർണമായും തകർത്തു. പതിനായിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു. അതിജീവിച്ചവർ പോലും ആണവ വികിരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചുകൊണ്ട് വേദനാജനകമായ ജീവിതം നയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം
രണ്ടാം ലോകമഹായുദ്ധം ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു. 1939 മുതൽ 1945 വരെ നീണ്ടുനിന്ന ഈ യുദ്ധത്തിൽ ലോകത്തിലെ പ്രധാന രാജ്യങ്ങളെല്ലാം പങ്കെടുത്തു. യൂറോപ്പിലെ യുദ്ധം ജർമ്മനി കീഴടങ്ങിയതോടെ അവസാനിച്ചെങ്കിലും, ജപ്പാൻ കീഴടങ്ങാൻ വിമുഖത കാണിച്ചു. ഇതാണ് അണുബോംബ് പ്രയോഗത്തിലേക്ക് നയിച്ചത്.
രണ്ടാം ലോകമഹായുദ്ധമായിരുന്നു ലോകത്തിലെ ഏറ്റവും ഭീകരമായ യുദ്ധകാലം. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത യുദ്ധമായിരുന്നു. പ്രധാനരാജ്യങ്ങളെല്ലാം അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി. യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ കൊടുംക്രൂരതയുടെ അധ്യായമായിരുന്നുവത്.
പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കിയതോടെയും അഡോള്‍ഫ് ഹിറ്റ്‌ലർ ജീവനൊടുക്കിയതോടെയും ജര്‍മ്മനി നിരുപാധീകം കീഴടങ്ങിയതോടെയും യൂറോപ്പിലെ യുദ്ധം അവസാനിക്കുകയുണ്ടായി. എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു അണുവായുധ പ്രയോഗം.
ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാൽ ദുരന്തത്തിൽ അതിജീവിച്ചവർ അതിലും ദയനീയമായ അന്തരീക്ഷമാണ് നേരിട്ടത്. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും നരകിച്ചു മരിച്ചു കൊണ്ടിരുന്നു.
നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം
നാഗസാക്കി ദിനം ലോകത്തിന് ഒരു ഓർമപ്പെടുത്തലാണ്. യുദ്ധത്തിന്റെ ഭീകരതയും അണുബോംബിന്റെ വിനാശകമായ ശക്തിയും ലോകം ഒരിക്കലും മറക്കരുതെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം, അന്താരാഷ്ട്ര സമാധാനത്തിനും സഹകരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായും ഈ ദിനം വർത്തിക്കുന്നു. നാഗസാക്കി ദിനം ലോകത്തെ ഒന്നിച്ചു ചേർന്ന് ശാന്തിക്കായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. യുദ്ധം ഒരിക്കലും പരിഹാരമല്ല എന്നും സമാധാനപൂർവ്വമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിയുമെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു.