Criticism | ദുരന്ത ഭൂമിയിലെ റിപ്പോർട്ടിങും ദൃശ്യമാധ്യമങ്ങളിലെ ആറാട്ടണ്ണൻമാരും; അരുൺകുമാർ ആധുനിക ജേർണലിസത്തിൻ്റെ ഐക്കണോ?

 
Criticism
Criticism

Image Credit: Representational Image Generated by Meta AI

* രക്ഷാപ്രവർത്തനത്തെ ബാധിക്കുന്ന മാധ്യമ പ്രവർത്തനം
* മാധ്യമ നൈതികതയിലെ പോരായ്മകൾ തിരിച്ചറിയണം 

കണ്ണൂർ: (KVARTHA) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൃശ്യമാധ്യമങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇതുകൂടാതെ എണ്ണിയാൽ ഒടുങ്ങാത്ത ഓൺലൈൻ ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും സജീവമാണ്. മൈക്കെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലത്ത് മാധ്യമ പ്രവർത്തനത്തിൻ്റെ നൈതികതയുടെ അതിർ വരമ്പുകൾ മാഞ്ഞു പോവുകയാണെന്ന വിമർശനം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്.

ചാനൽ റേറ്റിങ് കൂട്ടുക മാത്രമല്ല യുട്യൂബ് വരുമാനം വർധിപ്പിക്കുകയെന്ന ദ്വിമുഖ ഉത്തരവാദിത്വം കൂടി ഇപ്പോൾ ചാനൽ റിപ്പോർട്ടേഴ്സിനുണ്ട്. ദേശീയ തലത്തിൽ ചില മാധ്യമങ്ങൾ ചെയ്യുന്നതു പോലെയുള്ള കുത്തിതിരിപ്പ് മാധ്യമപ്രവർത്തനമാണ് ഇവർ ഇതിന് പോംവഴിയായി കാണുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും ഇക്കിളിപ്പെടുത്തി കണ്ണു തെറ്റിക്കാൻ വിടാതെ അതിൻ്റെ തുണ്ടുകൾ യുട്യൂബിൽ മുറിച്ചിട്ട് കാശാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

ദൃശ്യമാധ്യമങ്ങളിലെ ആറാട്ടണ്ണൻമാർ

റിപ്പോർട്ടർ ടി വി മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ കോടികൾ കൊടുത്തു വിലയ്ക്കു വാങ്ങിയതോടെയാണ് മലയാള ടെലിവിഷൻ രംഗത്തെ കളി മാറിയത്. നേരത്തെ 24ൽ ശ്രീകണ്ഠൻ നായർ തുടങ്ങി വെച്ച പൈങ്കിളി വൽക്കരണത്തിൽ അൽപ്പം മസാല കൂടി ചേർത്ത് എരിവും പുളിയും ചേർത്ത് വിളമ്പുകയായിരുന്നു റിപ്പോർട്ടർ. ആരെയും കൊന്നു കൊലവിളിക്കാമെന്ന ചങ്കൂറ്റവുമായി റിപ്പോർട്ടർമാർ കേരളത്തിൻ്റെ മുക്കിലും മൂലയിലും വേട്ട പട്ടികളെപ്പോലെ ചോരമണം പിടിച്ചു നടന്നതോടെ കൊറിയൻ സിനിമയെപ്പോലെ ചില ഉദ്വേഗഭരിതമായ വാർത്തകൾ വരാൻ തുടങ്ങി. 

എന്നാൽ ഇവയിൽ പലതും ചീറ്റിപോയെങ്കിലും താൽക്കാലികമായി ബഹളമുണ്ടാക്കാൻ കഴിഞ്ഞു. റേറ്റിങ് കൂട്ടാൻ കഴിഞ്ഞുവെന്നാണ് അവരുടെ നേട്ടം. കേരളത്തിലെ ഇൻവിസ്റ്റിഗേഷൻ ജേർണലിസ്റ്റുകളിൽ ഒന്നാം നമ്പറുകാരനായ മുൻ ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രസാദിനെ ഉപയോഗിച്ചായിരുന്നു ഓപറേഷനുകളിൽ പലതും നടത്തിയത്. അരുൺ കുമാർ, സ്മൃതി പരുത്തിക്കാട്, ഉണ്ണി ബാലകൃഷ്ണൻ, സുജയ പാർവ്വതി തുടങ്ങിയവർ ഡെസ്കിലും ആരെയും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാമെന്ന മട്ടിൽ വ്യഗ്രതയോടെ ഇരുന്നതോടെ ബഹളമയവും സംഭവബഹുലമായി റിപ്പോർട്ടർ ചാനൽ. 

ഇതിൽ അരുൺ കുമാർ ഗോൾ പോസ്റ്റ് വിട്ടിറങ്ങുന്ന ഹ്വിഗ്വിറ്റയെപ്പോലെ ഡെസ്കിൽ നിന്നും ഫീൽഡിലേക്ക് ഇറങ്ങുന്ന കാഴ്ചയും ചരിത്ര പ്രസിദ്ധമായ നവകേരള യാത്രയിലൊക്കെ കേരളത്തിലെ പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. മികച്ച അവതാരകനായ അരുൺ കുമാർ ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ സഹജീവികളായ മറ്റു ചാനലുകളെക്കാൾ മേധാവിത്വം റിപ്പോർട്ടിന് ലഭിക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. എങ്കിലും ഈ വ്യഗ്രതയ്ക്കിടെയിൽ കൈവിട്ടുപോകുന്നത് മാധ്യമപ്രവർത്തകരുടെ അന്തസും കൂടിയാണ് എന്നാണ് വിമർശനം.

ദുരന്ത സ്ഥലങ്ങളിൽ അൽപ്പം ഔചിത്യം വേണ്ടേ അമ്പാനെ

ഷിരൂർ പുഴയിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനനെ കാണാതായതും അതുമായി ബന്ധപ്പെട്ട തെരച്ചിലിൻ്റെ വാർത്തകളും ലോകമെങ്ങുമുള്ള മലയാളികൾ ഏറെ ആകാംക്ഷയോടെ നോക്കി കാണുന്നതാണ്. കഴിഞ്ഞ പത്തു ദിവസമായി കേരളത്തിലെ ദൃശ്യമാധ്യമപ്രവർത്തകർ കനത്ത മഴയിൽ അവിടെ ക്യാംപ് ചെയ്തു വാർത്തകളും വീഡിയോകളും ലൈവായി നൽകി കൊണ്ടിരിക്കുകയാണ്. സംഭവം കർണാടകയിലാണ് നടന്നതെങ്കിലും കാണാതായത് മലയാളി ഡ്രൈവറെയാണെന്നത് കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചു പ്രാധാന്യം ഉള്ളതു തന്നെയാണ്. 

തുടക്കത്തിൽ മറ്റു ചാനലുകൾ അവധാനതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്ത വിഷയത്തിൻ്റെ സ്വഭാവം മാറുന്നത് സോഷ്യൽ മീഡിയയിൽ മൊട്ട അരുൺ എന്നു വിശേഷിപ്പിക്കപ്പെടുന്ന റിപ്പോർട്ടർ ചാനൽ ന്യൂസ് ഹെഡ് അരുൺ കുമാറിൻ്റെ സ്ഥലത്തേക്കുള്ള കടന്നു വരവാണ്. രക്ഷാപ്രവർത്തനത്തിൻ്റെ താളം തന്നെ തെറ്റിക്കുന്ന കടന്നുകയറ്റമാണ് അരുൺകുമാർ നടത്തിയതെന്നാണ് വിമർശനം. സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരെയും കൂട്ടുപിടിച്ചു തെറ്റായ വാർത്തകൾ പുറത്തുവിട്ടു കർണാടക പൊലീസിനെ തന്നെ ആശയകുഴപ്പത്തിലാക്കുകയായിരുന്നു അരുൺ കുമാർ എന്നും വിമർശനമുണ്ടായി. 

മണ്ണിടിച്ചൽ നടന്ന സ്ഥലത്തെ മണ്ണിനടിയിൽ അർജുൻ്റെ ലോറിയുണ്ടായിരുന്നുവെന്നായിരുന്നു അരുണിൻ്റ വാദം. പിന്നീട് ഇടിഞ്ഞ മണ്ണ് 90 ശതമാനം നീക്കിയപ്പോൾ സൈന്യത്തെയും പൊലീസിനെയും വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. അപ്പോഴും സ്ഥല പരിചയമുള്ളവർ അർജുനും ലോറിയും പുഴയിൽ തന്നെയുണ്ടെന്ന് തറപ്പിച്ചു പറയുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ചില മാധ്യമപ്രവർത്തകർ കാണിച്ച അതിരുകടന്ന ഇടപെടലുകളാണ് മണ്ണിടിഞ്ഞ സ്ഥലം പരിശോധിക്കുന്നതിനായി സുരക്ഷാ സേനയും പൊലീസിൻ്റെയും സമയം വിനിയോഗിക്കപ്പെടാൻ കാരണമായത്. അപ്പോഴും അർജുൻ പുഴയുടെ ആഴത്തിൽ തന്നെയുണ്ടായിരുന്നു. 

കർണാടക എസ്.പിയെ അവഹേളിക്കാനും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്താനും അരുൺ കുമാർ തയ്യാറായിയെന്നും ആക്ഷേപമുണ്ട്. ഇതിനു പുറമേ കേരളവും കർണാടകയും തമ്മിലുള്ള താരതമ്യങ്ങളും നടത്തിയതോടെ ദുരന്ത സ്ഥലമാണെന്ന് അരുൺ കുമാർ മറയ്ക്കുകയായിരുന്നു. ദുരന്ത ഭൂമിയിൽ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന വ്യക്തമായ മാർഗരേഖ നിലനിൽക്കവെയാണ് അരുൺ കുമാർ ഷിരൂരിൽ പിപ്പിരി പിത്തലാട്ടങ്ങൾ കളിച്ചു മലയാള മാധ്യമ ലോകത്തിന് നാണക്കേടുണ്ടാക്കിയതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനം. 

ഏഷ്യാനെറ്റ് മനോരമ, മാതൃഭുമി, കൈരളി, ന്യൂസ്18 എന്നീ മാധ്യമങ്ങൾ വളരെ കൃത്യമായി രക്ഷാപ്രവർത്തകരുമായി സഹകരിച്ചു റിപ്പോർട്ട് ചെയ്തപ്പോൾ അരുൺ കുമാറും റിപ്പോർട്ടർ ചാനലും മാത്രമാണ് കുളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം. ഇന്നലെ വന്ന ട്രെയിനികൾ ഇങ്ങനെയൊക്കെ ചെയ്താൽ പരിചയ കുറവാണെന്ന് പറഞ്ഞ് സമാധാനിക്കാം. മൈക്കെടുത്ത് വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളിയ അരുൺ കുമാർ രണ്ടു പതിറ്റാണ്ടുകൾ മുൻപെ ദൂരദർശനിൽ മാധ്യമ പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ്. 

കലോത്സവവേദിയിൽ നോൺ വെജ് ഐറ്റങ്ങൾ വിളമ്പണമെന്ന് പറഞ്ഞുണ്ടാക്കിയ പഴയിടം വിവാദം കേരളീയ മനസിലാണ് നഞ്ചു കലക്കാൻ ശ്രമിച്ചതെങ്കിൽ അതിനെക്കാൾ കടുപ്പമാണ് അർജുനെന്ന യുവാവിൻ്റ ജീവനായി തെരച്ചിൽ നടത്തുമ്പോൾ അരുൺ കളിച്ച തരംതാണ കളികൾ. നിങ്ങൾ മാധ്യമപ്രവർത്തകർ മനുഷ്യരല്ലേയെന്ന ചോദ്യം പൊതു സമൂഹത്തിൽ നിന്നുതന്നെ ഉയർന്നു വരുമ്പോൾ അതിനു മറുപടി പറയേണ്ടി വരുന്നത് മാധ്യമ സമൂഹം മുഴുവനാണെന്ന് ഡോ. കെ. അരുൺകുമാർ ഇനിയെങ്കിലും ഓർക്കണം.

media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia