Human sacrifice | മന്ത്രവാദത്തിനിടെ യുവതിയെ നരബലി നടത്തി കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം

 


തിരുവല്ല: (www.kvartha.com) മന്ത്രവാദത്തിനിടെ യുവതിയെ നരബലി നടത്തി കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. കുറ്റപ്പുഴയിലെ വാടകവീട്ടില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് അര്‍ധരാത്രിയാണ് സംഭവം. വീട് വാടകയ്‌ക്കെടുത്ത ചങ്ങനാശേരി സ്വദേശിനി അമ്പിളി കൊച്ചിയില്‍ നിന്ന് ഇവിടെയത്തിച്ച കര്‍ണാടക സ്വദേശിനിയെയാണു നരബലി നല്‍കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

 Human sacrifice | മന്ത്രവാദത്തിനിടെ യുവതിയെ നരബലി നടത്തി കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം

കൊച്ചിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനി ഓണ്‍ലൈന്‍ മാധ്യമത്തില്‍ വിവരം പങ്കുവച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താമെന്നു പറഞ്ഞാണ് തിരുവല്ലയിലേക്കു വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അമ്പിളിയും മന്ത്രവാദിയും ചേര്‍ന്നു കളം വരച്ചു ശരീരത്തില്‍ പൂമാല ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്തശേഷം ബലി നല്‍കാന്‍ പോകുന്നുവെന്നു പറഞ്ഞു. ഈ സമയം അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിയതോടെ പദ്ധതി പാളി.

മുറിയില്‍ നിന്നിറങ്ങിയോടിയ താന്‍, വീടിന്റെ പുറത്ത് എത്തിയ ആളോട് രക്ഷിക്കണമെന്നു പറയുകയും പുലരും വരെ ഇയാളോടൊപ്പം ഇരുന്ന ശേഷം കൊച്ചിയിലേക്കു മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഭയന്നു പോയ താന്‍ സ്വദേശമായ കുടകിലേക്കു പോയി. കൊച്ചിയിലെ സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്.

യുവതിയെ തിരുവല്ല പൊലീസ് ബന്ധപ്പെട്ടെങ്കിലും മാതാവ് മരിച്ചതിനാല്‍ മൊഴിയെടുത്തിട്ടില്ല. യുവതിയെ കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിവരം ശേഖരിച്ചു ഡിജിപിക്കു റിപോര്‍ട് നല്‍കി. ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി ടി രാജപ്പനോട് റിപോര്‍ട് തേടിയിട്ടുണ്ട്.

ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് അമ്പിളിയെന്നും ഇവര്‍ കുടക് സ്വദേശിയില്‍ നിന്ന് ഇരുപതിനായിരത്തോളം രൂപ കൈപ്പറ്റിയതായും പറയുന്നു. സാമ്പത്തിക തര്‍ക്കമാണ് യുവതിയുടെ ആരോപണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പിയും കൊച്ചി സിറ്റി പൊലീസും പറഞ്ഞു. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ തിരുവല്ല പൊലീസിനു കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

Keywords: Woman escaped during human sacrifice attempt in Thiruvalla, Pathanamthitta, News, Police, Report, Allegation, Kerala.








ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia