മാണി സി കാപ്പൻ എൻസിപിയിൽ തിരിച്ചെത്തി മന്ത്രിയാകുമോ? നിഷേധിച്ച് പാലാ എംഎൽഎ; നീക്കങ്ങൾ പാളിയെന്ന് രാഷ്ട്രീയ നിരീക്ഷകർ; യുഡിഎഫിലും അമർഷം

 


തിരുവനന്തപുരം: (www.kvartha.com 15.03.2022) മാണി സി കാപ്പൻ എൻസിപിയിൽ തിരിച്ചെത്തി മന്ത്രിയാകുമെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുപിടിക്കുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി കാപ്പന്‍ ചർച നടത്തിയതായും എ കെ ശശീന്ദ്രന് പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി കാപ്പന് നൽകിയിട്ടുണ്ടെന്നുമായിരുന്നു വാർത്തകൾ.
        
മാണി സി കാപ്പൻ എൻസിപിയിൽ തിരിച്ചെത്തി മന്ത്രിയാകുമോ? നിഷേധിച്ച് പാലാ എംഎൽഎ; നീക്കങ്ങൾ പാളിയെന്ന് രാഷ്ട്രീയ നിരീക്ഷകർ; യുഡിഎഫിലും അമർഷം

എന്നാൽ ഇത് നിഷേധിച്ച് മാണി സി കാപ്പനും എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും രംഗത്തെത്തി. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണിതെന്നും തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടെങ്കിലും രാഷ്ട്രീയ കാര്യങ്ങൾ ചർച ചെയ്തിട്ടില്ലെന്നും കാപ്പൻ വ്യക്തമാക്കി. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചർച ചെയ്തിട്ടില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. വാർത്ത കൊടുത്തവരോട് ഇതിൻ്റെ അടിസ്ഥാനമെന്തെന്ന് ചോദിക്കണമെന്നും കാപ്പൻ ആവശ്യപ്പെട്ടു.

മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഭാഗ്യാന്വേഷികളാരും എല്‍‍ഡിഎഫിലേയ്ക്ക് വരേണ്ടെന്നും ഇടതു നയങ്ങളുമായി യോജിക്കുന്നുവെങ്കില്‍ മുന്നണിയിലെത്തിയാല്‍ സഹകരിക്കാമെന്നും ഇടതു നേതൃത്വം വ്യക്തമാക്കിയതോടെ കാപ്പന്‍റെ നീക്കം പൊളിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇക്കാര്യത്തിൽ യുഡിഎഫിന് അകത്തും അമർഷം ഉള്ളതായി വിവരമുണ്ട്. മുന്നണിമാറ്റം നിഷേധിച്ച് പരസ്യ പ്രസ്താവന ഇറക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. നിയമസഭയില്‍ വച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെയാണ് മാണി സി കാപ്പൻ പരസ്യ പ്രതികരണം നടത്തിയത്.

പി സി ചാക്കോ മുന്‍കൈയെടുത്താണ് മാണി സി കാപ്പനെ തിരികെ കൊണ്ടുവരുന്നതിനുള്ള അണിയറ നീക്കങ്ങൾ നടത്തുന്നതെന്നാണ് റിപോർട്. എന്നാൽ എന്‍സിപി വിട്ട് എന്‍സികെ എന്ന പാര്‍ടിയുണ്ടാക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥിയാകുകയും ചെയ്ത കാപ്പനോട് ഒരു വിഭാഗത്തിന് താത്പര്യമില്ല. ഇതും കാപ്പന്റെ മുന്നണി മാറ്റത്തിന് പ്രതികൂലമാണ്.

പത്താം തിയതി മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കാപ്പന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പവാര്‍ മുഖേന സീതാറാം യെച്ചൂരി വഴി സിപിഎം സംസ്ഥാന നേതൃത്വത്തെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മുന്നണി മാറുന്നതിന് മുമ്പ് രാജ്യസഭാ സീറ്റ് കാപ്പന് നൽകാൻ പവാർ പറഞ്ഞതനുസരിച്ച് യെച്ചൂരി ചർച നടത്തിയിരുന്നു. അന്ന്, ജോസ് കെ മാണി ഒഴിവായ രാജ്യസഭാ സീറ്റിന്‍റെ അവശേഷിക്കുന്ന നാല് വര്‍ഷം കാപ്പന് നല്‍കാമെന്നും അതല്ലെങ്കില്‍ കുട്ടനാട് സീറ്റ് നല്‍കുകയും വിജയിച്ചാല്‍ മന്ത്രിയാക്കുകയും ചെയ്യാമെന്നുമുള്ള രണ്ട് ഉപാധികൾ സിപിഎം നേതൃത്വം കാപ്പന് മുന്നിൽ വെച്ചിരുന്നതായും പറയുന്നു.

എന്നാൽ യുഡിഎഫിൽ മന്ത്രി സ്ഥാന വാഗ്ദാനം കിട്ടിയതോടെ കാപ്പൻ അങ്ങോട്ട് പോയെന്നാണ് ആരോപണം. ഇതോടെ വീണ്ടുമൊരിക്കൽ ചർച നടത്താൻ യെച്ചൂരിക്കും താത്പര്യമില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വവും സമാന നിലപാടിലാണെന്നാണ് അറിയുന്നത്. ഇതോടെ കാപ്പന്റെ നീക്കങ്ങൾ ലക്ഷ്യം കാണില്ലെന്നാണ് യുഡിഎഫ് നേതാക്കൾ കരുതുന്നത്.

Keywords:  News, Kerala, Top-Headlines, Controversy, Thiruvananthapuram, Jose K Mani, NCP, Politics, Minister, UDF, President, State, Mani C Kappan, Will Mani C Kappan return to the NCP and become a minister?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia