WHO | പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

 


തിരുവനന്തപുരം: (KVARTHA) പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന(WHO) യുടെ റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.

സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം വീടുകളില്‍ സാന്ത്വന പരിചരണം നല്‍കുന്നതുള്‍പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളര്‍ന്നു.

WHO | പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന


പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്നതാണ് കേരള മോഡല്‍. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വലിയ പ്രവര്‍ത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്.

ആര്‍ദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 1,141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്.

എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍ സി സി യിലും എം സി സി യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന കാമ്പയിന്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

WHO | പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
Keywords: WHO Congratulated Kerala model palliative care, Thiruvananthapuram, News, WHO, Congratulated, Palliative Care, Health, Health Minister, Veena George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia