Prisons | കേരളത്തിലെ തടവുകാർക്ക് ജയിലിനകത്ത് എന്ത് സംഭവിക്കുന്നു, അവർ അവിടെ സുരക്ഷിതരാണോ?
കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിൽ 87 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ കണക്കനുസരിച്ച് അവിടെ പാർപ്പിച്ചിരിക്കുന്നത് 187 തടവുകാരെയാണ്
മിന്റാ മരിയ തോമസ്
(KVARTHA) പലരുടെയും ധാരണ നമ്മുടെ കേരളത്തിലെ ജയിൽപ്പുള്ളികൾ ജയിലിനകത്ത് സുഖജീവിതം നയിക്കുന്നു എന്നാണ്. മട്ടനും ചിക്കനും പൊറോട്ടയും ഒക്കെ കഴിച്ച് അവർ അവിടെ സുഖജീവിതം നയിക്കുകയാണെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ സത്യത്തിൽ അത് ശരിയാണോ. നമ്മുടെ ചിന്തകൾ പാടെ തെറ്റു തന്നെയെന്ന് തെളിയിക്കുന്നതാണ് ഒരു കുറിപ്പ്.
പലരും ജയിലിനകത്ത് കൊടിയ യാതന തന്നെയാണ് നയിക്കുന്നതെന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുക. ജയിൽ എന്നും ജയിൽ ആണെന്നും ഇരുട്ടിൻ്റെ തടവറ തന്നെയാണെന്നും ഇത് വായിച്ചാൽ മനസ്സിലാകും. കേരളത്തിലെ ജയിലിലെ തടവുകാരുടെ ജീവിതത്തെക്കുറിച്ച് തുഷാർ നിർമ്മൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറൽ ആകുന്നത്. അതിൽപ്പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്:
'തടവുകാർക്ക് ജയിലിനകത്ത് എന്ത് സംഭവിക്കുന്നു എന്നത് പൊതുവിൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളിൽ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണ്. ജയിലുകളെ കുറിച്ച് പൊതുവിൽ പുറത്തു വരുന്നതാകട്ടെ തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിയന്ത്രിക്കാനുള്ള ജയിൽ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളും ആണ്. ആഴ്ചയിൽ രണ്ടു ദിവസം മീൻകറിയും ഒരു ദിവസം ഇറച്ചിയും നൽകുന്ന ജയിലിലെ മെനു തടവകാർക്കു സുഭിക്ഷമായ ജീവിതമാണെന്ന മുറുമുറുപ്പിൻറെ അകമ്പടിയോടെ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്ങിവരും. പക്ഷെ വാസ്തവം അതാണോ?
കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിൽ 87 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ കണക്കനുസരിച്ച് അവിടെ പാർപ്പിച്ചിരിക്കുന്നത് ആകെ 187 തടവുകാരെയാണ്. അതായത് ഉള്ള സൗകര്യത്തിന്റെ 115% അധികം. തടവുകാരെ സെല്ലുകളിൽ എപ്പോഴും പൂട്ടിയിടുന്നതിനെതിരെ കോടതിയിൽ ഒരു വിചാരണ തടവുകാരൻ പരാതി ഉന്നയിച്ചപ്പോഴാണ് ജയിൽ അധികൃതർ ഈ കണക്ക് കോടതിയെ അറിയിച്ചത്. പരാതി അടിസ്ഥാനരഹിതമാണെന്നും രാവിലെ 6.30 മുതൽ എട്ട് മണിവരെയും വൈകീട്ട് 4 മുതൽ 5.30 വരെയും തടവുകാരെ സെല്ലിൽ നിന്നും പുറത്തിറക്കാറുണ്ട് എന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം.
രാവിലെ 6.30 മുതൽ 8 വരെയുള്ള സമയങ്ങളിൽ തടവുകാരെ പുറത്തിറക്കുന്നത് അവരുടെ പ്രഭാതകൃത്യങ്ങൾക്കാണ്. പല്ലുതേപ്പ്, കക്കൂസ് ഉപയോഗം, തുണി അലക്കൽ, കുളി എന്നിവയെല്ലാം ഈ സമയത്താണ്. 187 തടവുകാർ ഉള്ള ജയിലിൽ ഒരു തടവുകാരന് ഈ 90 മിനുട്ടിൽ ഇതിനെല്ലാം കൂടി ശരാശരി എത്ര സമയം കിട്ടും? ആലോചിച്ചു നോക്കൂ. രാവിലെയും വൈകീട്ടുമുള്ള ഈ 90 മിനുട്ടുകൾ മാറ്റി നിറുത്തിയാൽ ബാക്കിയുള്ള മുഴുവൻ സമയവും തടവുകാരെ സെല്ലുകളിൽ പൂട്ടിയിടുകയാണ് കാക്കനാട് ജില്ലാ ജയിലിൽ പതിവ്. കോടതിയിൽ ജയിൽ അധികൃതർ സമർപ്പിച്ച റിപ്പോർട്ടിൽ അത് അംഗീകരിക്കുന്നുമുണ്ട്. ജയിൽ ചട്ടങ്ങൾ അതനുവദിക്കുന്നുണ്ടോ? ഇല്ല.
ജയിൽ ചട്ടങ്ങൾ അനുസരിച്ച് രാവിലെ സെല്ലുകൾ തുറന്നു കണക്കെടുപ്പ് നടത്തിയാൽ പിന്നെ വൈകീട്ടാണ് തടവുകാരെ ലോക്കപ്പ് ചെയ്യേണ്ടത്. സുരക്ഷയുടെയും ജയിൽ അച്ചടക്കത്തിൻറെയും പേരിൽ ജയിൽ നിയമങ്ങൾ പാലിക്കാതിരിക്കുകയാണ് ജയിൽ അധികൃതർ. 87 തടവുകാർ താമസിക്കേണ്ടിടത്ത് 187 പേരെ താമസിപ്പിക്കുക. ദിവസത്തിൽ അധിക സമയവും അവരെ സെല്ലുകളിൽ പൂട്ടിയിടുക. തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇതെങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. ഇപ്പോഴാകട്ടെ ഈ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ഈ അടച്ചിടൽ തുടരുന്നത് എത്രമാത്രം ഭീകരമാണെന്നു കൂടി ഒന്ന് ചിന്തിച്ചു നോക്കൂ.
ജയിൽ നിയമവും ചട്ടങ്ങളും തടവുകാർക്ക് അറിയാൻ പാകത്തിന് ജയിലിൽ പ്രദർശിപ്പിക്കണം എന്ന് സുനിൽ ബാത്ര കേസിൽ സുപ്രീം കോടതി നിർദേശിച്ചതാണ്. പക്ഷെ ഇപ്പോഴും ആ നിർദ്ദേശം വിധിന്യായത്തിലെ ജീവനില്ലാത്ത വാചകം മാത്രമാണ്. തടവുകാർ ചോദിച്ചാൽ ഒരു പക്ഷെ ജയിൽ അധികൃതർ നൽകിയാൽ ആയി എന്നതാണ് ഇപ്പോഴും അവസ്ഥ. കേരളസർക്കാർ പുതിയ ജയിൽ നിയമം കൊണ്ടുവന്നത് 2010 ൽ ആണ്. അതനുസരിച്ചുള്ള ചട്ടങ്ങൾ പാസാക്കിയത് 2014 ലും. എന്നാൽ ഇതേ വരെ ഈ ചട്ടങ്ങളുടെ ഇംഗ്ലീഷ് പതിപ്പിന് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയിട്ടില്ല. അംഗീകൃത ഇംഗ്ലീഷ് പരിഭാഷ ഇല്ല എന്ന കാരണം മലയാളം അറിയാത്ത തടവുകാർക്ക് ജയിൽ ചട്ടങ്ങൾ നൽകാതിരിക്കുന്നതിനുള്ള ന്യായമായി മാറുകയാണ്.
തടവുകാരുടെ സംശുദ്ധീകരണവും സന്മാർഗ്ഗീകരണവും ക്ഷേമവും ഒക്കെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. സാമൂഹ്യ ജീവിത നിലവാര സൂചികകളിൽ ലോകത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളം എന്ന അവകാശവാദത്തിന് പക്ഷെ ജയിലുകളിൽ എത്തുമ്പോൾ എന്ത് സംഭവിക്കുന്നു? ജയിൽ ഭക്ഷണത്തെ കുറിച്ചുള്ള വമ്പു പറച്ചിൽ കൊണ്ട് മാത്രം നമുക്ക് ആ ലോക നിലവാരം ആർജ്ജിക്കാൻ കഴിയുമോ?'.
ഇതാണ് കുറിപ്പ്. ഇവിടെ പണിയും വരുമാനവും ഒന്നുമില്ലാതെ ഇരിക്കുന്ന പലയാളുകളുടെയും ചിന്ത എന്തെങ്കിലും ചെറിയ തെറ്റ് എങ്കിലും ചെയ്ത് ജയിലിൽ എത്തിയാൽ അവിടെ മെച്ചപ്പെട്ട ആഹാരമൊക്കെ കഴിച്ച് സുഖമായി കഴിയാമെന്നാണ്. അതുപോലെയാണ് ഇക്കാര്യത്തിൽ പബ്ലിസിറ്റിയും കൊടുക്കുന്നത്. ജയിലിൽ എത്തിയാൽ പഴയ കാലത്തെ പോലെ പേടിക്കേണ്ടെന്ന ചിന്തയാണ് പലർക്കും ഉള്ളത്.
അവിടെ എത്തിപ്പെടാൻ വേണ്ടിയും ചിലർ ഇക്കാലത്ത് അല്ലറ ചില്ലറ കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നതും വാസ്തവാണ്. ഇത് മനസിലാക്കിയാണ് ആ രീതിയിലുള്ള പല സിനിമകളും ഇവിടെ ഇറങ്ങുന്നത്. എന്നാൽ ഇവിടുത്തെ ജയിലുകൾ ശരിക്കും നരകവും ഇരുട്ടറയുമാണെന്ന് തെളിയിക്കുന്നതാണ് ഈ കുറിപ്പ്. അതുകൊണ്ട് തന്നെ ആരും ജയിലിൽ എത്തപ്പെടാൻ വേണ്ട ഒരു സാഹസവും കാണിക്കരുതെന്ന് അപേക്ഷിക്കുന്നു. നമ്മുടെ കുടുംബം തന്നെയാണ് എന്നും സ്വർഗമെന്ന് മനസിലാക്കുക.