Wild Elephant | കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി തൊണ്ടര്‍നാട്; ഒറ്റയാന്‍ ഒറ്റയടിക്ക് നശിപ്പിച്ചത് 2000 നേന്ത്രവാഴകള്‍

 
Wayanad: Wild elephants attack in Thondernad, Wayanad News, Wild Elephants, Attack
Wayanad: Wild elephants attack in Thondernad, Wayanad News, Wild Elephants, Attack


കഴിഞ്ഞ 6 വര്‍ഷമായി തുടര്‍ച്ചയായി കൃഷികള്‍ നശിക്കുന്നു.

നഷ്ടപരിഹാരം പേരിന് മാത്രമെന്ന് കര്‍ഷകര്‍.

തൂക്കുവേലി സ്ഥാപിച്ചാല്‍ ആന ശല്യം ഒരു പരിധി വരെ തടയാനാവുമെന്ന് പ്രതീക്ഷ.

വയനാട്: (KVARTHA) കാടിറങ്ങി വന്ന കാട്ടുക്കൊമ്പന്‍ കര്‍ഷകരെ കണ്ണീരിലാഴ്ത്തി ഒറ്റയടിക്ക് നശിപ്പിച്ചത് 2000 നേന്ത്രവാഴകള്‍. തൊണ്ടര്‍നാട് പഞ്ചായതിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ദുരിതത്തിനിടെ ഇത്തവണ ഒറ്റയാന്‍ ശല്യത്തിലും വെട്ടിലായത്. 

വര്‍ഷങ്ങളായി കാട്ടാന ശല്യം പതിവായ കരുവളം, കീച്ചേരി, ചാലില്‍, മുണ്ടക്കോമ്പ്, പാലിയോട്ടില്‍ എന്നിവിടങ്ങളിലെ നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് കാട്ടാന ഇറങ്ങിയത്. ആഴ്ചകള്‍ക്കുമുന്‍പ് കീച്ചേരി പ്രദേശത്ത് പിലാക്കാവ് അണ്ണന്‍ എന്ന കര്‍ഷകന്റെ 150 വാഴകള്‍ നശിപ്പിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് പുറവഞ്ചേരി ബാലന്റെ 1500 വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. മറ്റ് കര്‍ഷകര്‍ക്കും ആനയുടെ ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി കൃഷികള്‍ നശിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കൃത്യമായി നല്‍കിയിട്ടും നാമമാത്രമായ തുകയാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. മക്കിയാട് വനമേഖലയില്‍ നിന്ന് എത്തുന്ന ഒറ്റയാന്‍ ആണ് ഇവിടത്തെ സ്ഥിരം പ്രശ്‌നക്കാരന്‍. വനാതിര്‍ത്തിയിലെ വേലി തകര്‍ത്താണ് കാട്ടാന കൃഷിയിയത്തില്‍ ഇറങ്ങുന്നത്. 

ആന ഇറങ്ങുമ്പോള്‍ തുരത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും ഫലിക്കില്ല. തുരത്താന്‍ ശ്രമിക്കുന്നതിനിടെ വനപാലകര്‍ക്ക് അടക്കം ആനയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം സാന്നിധ്യമായ ഒറ്റയാന്റെ ശല്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മിക്കയിടങ്ങളിലും വനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഫെന്‍സിങ്, കാട് കയറിയും ആന ചവിട്ടിയും ഇത് നശിക്കുന്നത് പതിവാണെങ്കിലും വനത്തിനുള്ളിലെ കേടുവന്ന ഭാഗം നന്നാക്കാനോ ഫെന്‍സിങ് ലൈനിലെ കാട് വെട്ടിത്തെളിക്കാനും സാധ്യമല്ലാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ തൂക്കുവേലി സ്ഥാപിച്ചാല്‍ ആന ശല്യം ഒരു പരിധി വരെ തടയാനാവുമെന്നും കര്‍ഷകര്‍ പറയുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia