പാര്‍ട്ടിയില്‍ പറഞ്ഞാലും താക്കീത്; സുധീരന്റെ നടപടി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 23.04.2014) കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച വിമര്‍ശനം പരസ്യ താക്കീതിനു കാരണമാക്കിയ കെ.പി.സി.സി പ്രസിഡണ്ട് വി. എം സുധീരന്റെ നടപടി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്. പാര്‍ട്ടി വേദിയില്‍ നടത്തിയ വിമര്‍ശനത്തെ അതേ വേദിയില്‍ ശാസിക്കുകയും അതേക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്ത സുധീരന്റെ നടപടി അസാധാരണമാണെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് അറിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായിക്കഴിഞ്ഞ് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് പരസ്യമായിത്തന്നെ വ്യക്തമാക്കുമെന്നാണു സൂചന.

ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ കെ.സി വേണുഗോപാലിന്റെ സരിതാ ബന്ധത്തിനെതിരേ ഷാനിമോള്‍ ഉന്നയിച്ച വിമര്‍ശനമാണ് വിവാദമായത്. മാസങ്ങളായി കത്തി നില്‍ക്കുന്ന സരിതാ വിവാദത്തില്‍ ഇതുവരെ പരസ്യമായി ഒന്നും പറയാതിരുന്ന ഷാനിമോള്‍ കെ.പി.സി.സി യോഗത്തില്‍ ലഭിച്ച അവസരം ഉപയോഗിച്ചാണു വിമര്‍ശനം ഉന്നയിച്ചത്. അതാകട്ടെ, വേണുഗോപാലിനെതിരായ വ്യക്തിപരമായ ആക്രമണമായിരുന്നില്ലെന്ന് ഷാനിമോള്‍ പറയുന്നു. തെരഞ്ഞെടുപ്പു രംഗത്ത് സി.പി.എം പരമാവധി ഉപയോഗിച്ച സരിതാ -വേണുഗോപാല്‍ ബന്ധത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും ആരോപണം സത്യമല്ലെങ്കില്‍ അത് വെളിവാകാനും പാര്‍ട്ടിതലത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണം എന്നായിരുന്നു ഷാനിമോളുടെ ആവശ്യം.

പാര്‍ട്ടിയില്‍ പറഞ്ഞാലും താക്കീത്; സുധീരന്റെ നടപടി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്
എന്നാല്‍ അത് തന്നെ താറടിക്കാനാണ് എന്ന് കുറ്റപ്പെടുത്തി ഇതേ യോഗത്തില്‍ തന്നെ വേണുഗോപാല്‍ പ്രസംഗിച്ചു. ഇതേത്തുടര്‍ന്നാണ് ഷാനിമോളുടെ പരാമര്‍ശം വ്യക്തിപരമായി വേണുഗോപാലിനെ തേജോവധം ചെയ്യുന്നതിനു തുല്യമാണെന്നും അതുകൊണ്ട് അവരെ താക്കീതു ചെയ്യുകയാണെന്നും യോഗാവസാനം സുധീരന്‍ പറഞ്ഞത്. അതുകൊണ്ടും തീരാതെ പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ഇത് മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞു.

ചൊവ്വാഴ്ച രാത്രി കേരളത്തിലെ മുഴുവന്‍ വാര്‍ത്താ ചാനലുകളിലും ഇത് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഷാനിമോള്‍ തയ്യാറായില്ല. പാര്‍ട്ടിയില്‍ പറയാനുള്ളത് തുടര്‍ന്നും പാര്‍ട്ടിയില്‍ മാത്രം പറയുമെന്നും അത് മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യില്ലെന്നുമുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചത്.

പാര്‍ട്ടിയില്‍ പറഞ്ഞാലും താക്കീത്; സുധീരന്റെ നടപടി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്എന്നാല്‍ ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധമുള്ള നേതാവ് എന്ന നിലയില്‍ അവര്‍ അത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തിയതായാണു വിവരം. പാര്‍ട്ടി വേദിയില്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ പേരില്‍ താക്കീതു ചെയ്യുന്നതും അത് മാധ്യമങ്ങളോടു പറയുന്നതും വിചിത്രമാണ് എന്നായിരുന്നത്രേ ഹൈക്കമാന്‍ഡിന്റെ പ്രതികരണം. കോണ്‍ഗ്രസ് വൈസ്പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ ഇത് വന്നതായും അറിയുന്നു.

അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുവേയും കോണ്‍ഗ്രസില്‍ പ്രത്യേകിച്ചും സുധീരന്റെ നടപടി പരിഹാസത്തിനും ചര്‍ച്ചയ്ക്കും ഇടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ.പി.സി.സി പ്രസിഡണ്ടാകുന്നതിനു മുമ്പ് നിരന്തരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്ന നേതാവാണ് സുധീരന്‍ എന്നതാണു കാരണം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം സ്വീകരിച്ചു പോന്ന ഈ രീതി അടുത്തകാലം വരെ തുടര്‍ന്നിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords : Thiruvananthapuram, V.M Sudheeran, Kerala, Politics, Congress, Election-2014, KPCC, Shani Mol Usman, Rahul Gandhi, Channel. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia