'പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി, പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്യൂനിസ്റ്റ് ജനപ്രതിനിധി'; എംഎൽഎമാരായ മാത്യു കുഴല്‍നാടനെ പുകഴ്ത്തിയും പിപി ചിത്തരഞ്ജനെ പരിഹസിച്ചും കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം
Apr 3, 2022, 17:20 IST
തിരുവനന്തപുരം:(www.kvartha.com 03.04.2022) മൂവാറ്റുപുഴയിലെ എംഎല്‍എ മാത്യു കുഴല്‍നാടനെ പുകഴ്ത്തിയും ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജനെ പരിഹസിച്ചും കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴല്‍നാടെന്നും പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്യൂണിസ്റ്റ് ജനപ്രതിനിധിയാണ് ചിത്തരഞ്ജനെന്നുമാണ് ബല്‍റാമിന്റെ ഫേസ്ബുക് കുറിപ്പ്.
പായിപ്ര പഞ്ചായത്ത് പായിപ്ര എസ്‌സി കോളനിയിലെ സംഭവത്തിലാണ് മാത്യു കുഴൽനാടൻ ഇടപെട്ടത്. വലിയപറമ്പില്‍ അജേഷിന്റെയും മഞ്ജുവിന്റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ള നാല് കുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്. ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി.
ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍ കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍.
അയല്‍വാസികള്‍, മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു. പഞ്ചായത് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്. പിന്നാലെ കുടുംബത്തിന്റെ കടബാധ്യതയും മാത്യു കുഴല്‍നാടന്‍ ഏറ്റെടുക്കുകയും ചെയ്തു.
അതേസമയം കോഴിമുട്ട റോസ്റ്റിന് 50 രൂപയും അപ്പത്തിന് 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ അമിത വില ഈടാക്കിയെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എംഎല്‍എയും ഡ്രൈവറും ഹോടെലില്‍ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബില്‍ തുക 184 രൂപയായിരുന്നു.
ഇതോടെ 'ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോടെലല്ല. എസി ഹോടെലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല', എന്നായിരുന്നു സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം.
സംസ്ഥാനത്ത് വളരെ ചര്‍ചയായ ഈ രണ്ട് സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് വിടിയുടെ ഫേസ്ബുക് കുറിപ്പ്.
Keywords: Congress, MLA, State, KPCC, News, Thiruvananthapuram, Politics, Kerala, Political party, VT Balram against PP Chitharanjan mla.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.