വി എസ് മൂന്നാറില്‍ പോയത് പാര്‍ട്ടി അറിഞ്ഞ്; പക്ഷേ, സമരക്കാരുടെ കൂടെ ഇരിക്കാനുള്ള തീരുമാനം ആരുമറിഞ്ഞില്ല

 


തിരുവനന്തപുരം: (www.kvartha.com 13.09.2015) മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പോയത് സിപിഎം അറിഞ്ഞുതന്നെ. പക്ഷേ, അദ്ദേഹം അവിടെ സമരക്കാരുടെ കൂടെത്തന്നെ ഇരിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞത് ടിവി ചാനലുകളിലൂടെ. മൂന്നാറില്‍ പോകുന്നകാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസുമായി വെള്ളിയാഴ്ച രാത്രിതന്നെ സംസാരിച്ചിരുന്നു. കോടിയേരി ശനിയാഴ്ചയാണു മൂന്നാറില്‍ പോയത്. തലേന്ന് അക്കാര്യം സംസാരിക്കാന്‍ കോടിയേരി വി എസിനെ ഫോണില്‍ വിളിച്ചിരുന്നു. വി എസ് പോകുന്ന കാര്യവും വിശദമായിത്തന്നെ ഇരുവരും സംസാരിച്ചതായാണു വിവരം.

പക്ഷേ, തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താനും അവരുടെ കൂട്ടത്തില്‍ ഇരിക്കാനാണു തീരുമാനമെന്ന് അപ്പോള്‍ പറഞ്ഞില്ല. വി എസ് മൂന്നാര്‍ പ്രശ്‌നം ഏറ്റെടുക്കുന്നതിനെ നിശ്ശബ്ദം സ്വാഗതം ചെയ്തു കൂടെനിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന സിപിഎം നിലപാടിന് മുഖത്തേറ്റ അടിയായി ഇതു മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതി എം പി, കെ കെ ഷൈലജ ടീച്ചര്‍ എംഎല്‍എ തുടങ്ങിവരെ സമരക്കാര്‍ സ്വാഗതം ചെയ്തില്ലെന്നു മാത്രമല്ല, അവരോട് കടുത്ത പെരുമാറ്റമാണുണ്ടായത്. അതിനു മുമ്പ് സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ ഓടിച്ച സമരക്കാര്‍ കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, ആര്‍എംപി നേതാവ് കെ കെ രമ തുടങ്ങിയവരെയും അടുപ്പിച്ചില്ല.

എന്നാല്‍ വി എസ് എത്താന്‍ കാത്തിരുന്ന അവര്‍ അദ്ദേഹത്തെ ആവേശത്തോടെയാണു സ്വീകരിച്ചത്. എന്നാല്‍ താനും അവരുടെ കൂടെത്തന്നെ ഇരിക്കുകയാണെന്ന വി എസിന്റെ പ്രഖ്യാപനം ആ ആവേശം കണ്ട് പെട്ടെന്നുണ്ടായതല്ല. അദ്ദേഹം ആലോചിച്ചുറപ്പിച്ചായിരുന്നു എത്തിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നല്‍കുന്ന വിവരം. തമിഴ് സംസാരിക്കുന്നവര്‍ തൊഴിലാളികള്‍ക്കിടയില്‍ ഏറെയുള്ളതിനാല്‍ അവരെ തമിഴില്‍ സംബോധന ചെയ്യാന്‍ വരെ ഉറപ്പിച്ചായിരുന്നു വരവ്. പ്രസംഗം എഴുതിത്തയ്യാറാക്കുകയും ചെയ്തിരുന്നു.

വി എസിന്റെ സന്ദര്‍ശനത്തെ അനുഗമിക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ താല്‍പര്യം അറിയിച്ചിരുന്നുവത്രേ. എന്നാല്‍ വി എസ് അതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. അവരുമായിച്ചെന്നാല്‍ തന്നോടും സമരക്കാര്‍ പെരുമാറുന്ന രീതി മോശമായേക്കുമെന്ന ആശങ്കയായിരുന്നു കാരണം. ഞായറാഴ്ച വി എസിന്റെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ ഓരോ നിമിഷവും പാര്‍ട്ടി നേതാക്കള്‍ ടിവി ചാനലുകളിലൂടെ ശ്രദ്ധയോടെ നിരീക്ഷിക്കുകയായിരുന്നു. താന്‍ സമരക്കാരുടെ കൂടെയിരിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത് അപ്രതീക്ഷിതമായി. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നോ എന്ന് നേതാക്കള്‍ പരസ്പരം വിളിച്ച് അന്വേഷിക്കുകയും ചെയ്തു.

വി എസ് മൂന്നാറില്‍ പോയത് പാര്‍ട്ടി അറിഞ്ഞ്; പക്ഷേ, സമരക്കാരുടെ കൂടെ ഇരിക്കാനുള്ള തീരുമാനം ആരുമറിഞ്ഞില്ല


Keywords:  Thiruvananthapuram, Kerala, V.S Achuthanandan, CPM, Munnar, VS' welcomed is Munnar; CPIM in dilemma.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia