മഅദനിയുടെ അറസ്റ്റിന് പിന്നില്‍ വി.എസിന്റെ കടുംപിടുത്തം?
Dec 9, 2012, 09:00 IST
ADVERTISEMENT
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ അറസ്റ്റിന് കടുംപിടുത്തം കാണിച്ചത് മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെന്നു സൂചന. മഅ്ദനിയുടെ ആസ്ഥാനമായ കൊല്ലം ശാസ്താംകോട്ടയിലെ അന്‍വാറുല്‍ ഇസ്്ലാം യത്തീംഖാനയില്‍ നിന്ന് 2010 ആഗസ്റ്റ് 17ന് അറസ്റ്റു ചെയ്യുംമുമ്പ് ഇക്കാര്യത്തില്‍ വി. എസ്. അന്ത്യശാസനം പുറപ്പെടുവിച്ചെന്നാണു വിവരം.
അറസ്റ്റുണ്ടായില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന ഭീഷണിക്കുമുന്നില്‍ സി.പി.എം നേതൃത്വം വഴങ്ങേണ്ടിവരികയായിരുന്നു. വി. എസ് മാത്രമായി രാജിവച്ചുപോകുന്നതില് പാര്‍ട്ടിക്ക് വിരോധമുണ്ടായിരുന്നില്ല. എന്നാല്‍ കാലാവധി തികയാതെ സര്‍ക്കാരിനെ ബലികൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ നേതൃത്വത്തിനു താല്‍പര്യമുണ്ടായിരുന്നുമില്ല. മഅ്ദനിയെ പിടിച്ചു കര്‍ണാടക പോലീസിനു കൊടുക്കാന്‍ അമിത താല്പര്യമൊന്നും കാണിക്കാതിരുന്ന കേരള പൊലീസിന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് വ്യക്തമായ നിര്‍ദേശം നല്‍കിയത് വി. എസിന്റെ ഭീഷണിക്കു ശേഷമാണ്. തുടര്‍ന്ന് കേരള പൊലീസിന്റെ സഹായത്തോടെ മഅ്ദനിയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്യുകയാണുണ്ടായത്. മഅ്ദനിയുമായി അടുപ്പമുള്ള പി.ഡി.പിയുടെ സംസ്ഥാന നേതാവിനോട് സി.പി.എം നേതാക്കളില്‍ ചിലര്‍ തന്നെ പറഞ്ഞതാണ് ഈ വിവരം.
എന്നാല്‍ മഅ്ദനിയോടുള്ള പകയോ അദ്ദേഹത്തെ ജയിലിലാക്കണം എന്ന നിര്‍ബന്ധമോ ആയിരുന്നില്ല വി. എസിന്റെ ഈ നിലപാടിനു പിന്നിലെന്നാണ് വിശദീകരണത്തില്‍ നിന്നു മനസിലാകുന്നത്. മഅ്ദനിയെ അറസ്റ്റു ചെയ്യാന്‍ കേരളത്തിലെത്തിയ കര്‍ണാടക പോലീസ് സംഘത്തിന് ദിവസങ്ങളായിട്ടും അതിന് കേരള പോലീസിന്റെ പൂര്‍ണ സഹകരണം ലഭിച്ചിരുന്നില്ല. മുകളില്‍ നിന്നു വ്യക്തമായ നിര്‍ദേശം എത്താത്തത് ആയിരുന്നു കാരണം. ഇതിനിടയില്‍ മഅ്ദനി സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു.
ജസ്്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷ പി.ഡി.പി നേതാക്കള്‍ക്കും മഅ്ദനിയുടെ കുടുംബത്തിനുമുണ്ടായിരുന്നു. അതേ കണക്കുകൂട്ടല്‍ തന്നെ കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനുമുണ്ടായി. ആഗസ്റ്റ് 17നാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അതിനു മുമ്പുതന്നെ മഅ്ദനിയെ അറസ്റ്റു ചെയ്യേണ്ടത് കര്‍ണാടക പോലീസിന്റെ അഭിമാന പ്രശ്നമായി മാറി. എന്നാല്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ അറസ്റ്റിനോടു സഹകരിക്കേണ്ട എന്നതരത്തിലായിരുന്നു സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നത്. പോലീസിന് ലഭിച്ചിരുന്ന നിര്‍ദേശവും അതനുസരിച്ചായിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വേണ്ട സന്നാഹം പോലീസ് ഒരുക്കുകയും ചെയ്തു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കും എന്ന ആശങ്ക മൂലം, കേരള പോലീസിന്റെ സഹായമില്ലെങ്കിലും യത്തീംഖാന കോമ്പൗണ്ടില്‍ കടന്ന് മഅ്ദനിയെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക പോലീസ് തീരുമാനിച്ചു. ഇത് അവര്‍ കേരള പോലീസിനെ അറിയിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഈ വിധം മാറിമറിഞ്ഞത് അറിഞ്ഞ വി .എസ്, പാര്‍ട്ടി നേതൃത്വത്വവുമായും ആഭ്യന്തര മന്ത്രി കോടിയേരിയുമായും ബന്ധപ്പെട്ടു. മറ്റൊരു സംസ്ഥാനത്തെ പൊലീസ് സ്വന്തം നിലയില്‍ അത്തമൊരു നീക്കം നടത്തുകയും കേരള പോലീസ് സഹകരിക്കാതിരിക്കുകുയും ചെയ്താല്‍ താന്‍ പിന്നെ മുഖ്യമന്ത്രിയായിരിക്കുന്നതില്‍ അര്‍ഥമില്ല എന്നായിരുന്നു വി. എസിന്റെ നിലപാട്. അങ്ങനെ താന്‍ പോയാല്‍ നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തുകൊണ്ടായിരിക്കും രാജിവയ്ക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെയാണ്, സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പ് കേരള പോലീസിന്റെ സഹായത്തോടെ മഅ്ദനിയെ അറസ്റ്റു ചെയ്യാന്‍ സാഹചര്യമൊരുങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടിരുന്ന സുപ്രീംകോടതി ബെഞ്ചില്‍ കര്‍ണാടക സര്‍ക്കാരിന്റെ പോലീസിന്റെ അഭിഭാഷകന് ഈ വിവരം അറിയിക്കുകയും ചെയ്തു. അല്പം മുമ്പ് മഅ്ദനിയെ അറസ്റ്റു ചെയ്തു കഴിഞ്ഞെന്നും ഇനി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇതോടെ കോടതി മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.
അതിനിടെ, മഅ്ദനിയുടെ കാര്യത്തില്‍ മുസ്്ലിം ലീഗ് നേതൃത്വവും കെ.പി.സി.സി പ്രസിഡന്റും ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത പ്രതികരണങ്ങളില്‍ അമ്പരപ്പിലാണ് സി.പി.എം. എന്താണു യു.ഡി.എഫിന്റെ അജണ്ടയെന്നു മനസിലാക്കാനാകാത്തതാണു കാരണം. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം ഉടനുണ്ടായേക്കുമെന്നാണു വിവരം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെ മാധ്യമങ്ങളോടു സംസാരിക്കും. മഅ്ദനിയുമായി 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വേദി പങ്കിട്ടതിന് പിണറായിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് യു.ഡി.എഫ് ആയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം ആ കാര്യത്തില്‍ പുനരാലോചന നടത്തുകയും പി.ഡി.പി ബന്ധം അബദ്ധമായെന്നു വിലയിരുത്തുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പു രംഗത്തുപോലും മഅ്ദനിയെ ക്രൂശിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തിനു വേണ്ടി കണ്ണീരൊഴുക്കാന്‍ ശ്രമിക്കുന്നതെന്ന വാദമാണ് സി.പി.എം ഉയര്‍ത്തുക എന്ന് അറിയുന്നു. യു.ഡി.എഫ് നേതൃത്വം തയ്യാറാണെങ്കില്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കുന്നതിന് ഇടപെടാന്‍ സര്‍വകക്ഷി സംഘം ഉണ്ടാക്കണമെന്നും അതുമായി സഹകരിക്കാന്‍ സി.പി.എം തയ്യാറാണെന്നും പ്രഖ്യാപനമുണ്ടായേക്കും. ഇക്കാര്യം കൂലങ്കഷമായി ആലോചിക്കുകയാണ് സി.പി.എം.
Keywords: Abdul Nasar Madani, Bangalore, Bomb blast, Case, Arrest, V.S.Achuthanadan, Pinarayi Vijayan, CPM, UDF, Bail, Election, Karnataka, Arrest, Advocate, PDP, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
