വി എസിന്റെ ഇറങ്ങിപ്പോക്ക് രാജിയിലേക്കോ?

 


ആലപ്പുഴ:  (www.kvartha.com 22/02/2015)  സിപിഎം സംസ്ഥാനസമ്മേളനം ബഹിഷ്‌കരിച്ച് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയത് പ്രതിപക്ഷ നേതൃസ്ഥാനം രാജി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പോടെയാണെന്ന് സൂചന. കഴിഞ്ഞ ദിവസം സമ്മേളനത്തിനിടെ വി എസ് ഇറങ്ങിപ്പോയത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ സമ്മേളനം പൂർണമായും ബഹിഷ്കരിച്ച്‌ വി എസ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. നേതാക്കള്‍ അനുരഞ്ജനശ്രമങ്ങളുമായി ചെന്നെങ്കിലും അതിനൊന്നും വഴങ്ങാത്ത വി എസ് സമ്മേളനം പൂര്‍ണമായും ബഹിഷ്‌കരിച്ച് ഞായറാഴ്ച ഇറങ്ങിപോയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇതിനു പിറകേയാണ് വി എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജി വച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്. രാവിലെ പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുണര്‍ത്തി തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ് രാജിക്കത്ത് തയ്യാറാക്കിക്കൊണ്ടാണ് മടങ്ങിയതെന്നാണ് സൂചനകള്‍.

കൊടിയേരി ബാലകൃഷ്ണനു പിന്നാലെ സിപിഎം നേതാക്കളായ എസ് ശര്‍മ്മയേയും കെ ചന്ദ്രന്‍പിള്ളയേയും വിഎസിനെ അനുനയിപ്പിക്കണമെന്ന ദൗത്യവുമായി ശനിയാഴ്ച എട്ടുമണിയോടു കൂടി വി എസിന്റെ വസതിയിലേക്കയയ്ക്കുകയും രാത്രി ഏറെ വൈകി ഇരുവരും വസതിയില്‍ എത്തി അദ്ദേഹത്തെ കണ്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

വി എസിന്റെ ഇറങ്ങിപ്പോക്ക് രാജിയിലേക്കോ?സമ്മേളനത്തില്‍ പങ്കെടുക്കണമെങ്കില്‍ തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയം പിന്‍വലിക്കുക, പൊതു ചര്‍ച്ചയിലെ ഏകപക്ഷീയ വിമര്‍ശനം അവസാനിപ്പിക്കുക, ടി.പി കേസ് പ്രതികള്‍ക്ക് നേരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചുതരണമെന്ന വിഎസ് പറഞ്ഞിരുന്നു എന്നാണ് സൂചനകള്‍. എന്നാല്‍ ഞായറാഴ്ച വി എസ് ഇറങ്ങിപോയതോടെ വി എസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാനനേതൃത്വം തയ്യാറായില്ല എന്നു വേണം കരുതാന്‍

അതേസമയം പാര്‍ട്ടിയോട് അനുവാദം ചോദിച്ചുകൊണ്ടാണ് വിഎസ് വേദി വിട്ടതെന്നാണ് സിപിഎം നേതൃത്വം പറയുന്ന ന്യായീകരണം. ഏതായാലും തലസ്ഥാനത്തേക്കുള്ള മടക്കം കടുത്ത നിലപാട് എടുക്കുമെന്നതിന്റെ സൂചനയാണെന്നാണ് ഊഹാപോഹങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia