' വിശ്വസ്ഥന്‍' കളി തുടങ്ങി; വി എസ് ഇറങ്ങിയതിനെ 1964 ആക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 21/02/2015) സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയതിനു തുടര്‍ച്ചയായി, അദ്ദേഹം പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തേക്കു പോകാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ ടി വി ചാനലുകള്‍ പ്രചരിപ്പിച്ചത് വി എസിന്റെ വിശ്വസ്ഥനായ മുന്‍ സ്റ്റാഫംഗത്തിന്റെ ആസൂത്രണം.

1964ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി പിളരാനിടയാക്കി കേന്ദ്ര കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വി എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇറങ്ങിപ്പോന്നതുമായി താരതമ്യം ചെയ്ത് വി എസിന്റെ ഇപ്പോഴത്തെ ഇറങ്ങിപ്പോക്കിനെ വ്യാഖ്യാനിച്ചതും അദ്ദേഹത്തിന്റെ ഉപദേശമായിരുന്നുവെന്നാണു വ്യക്തമായ വിവരം.

വിചിത്രവും രസകരവുമായ പല കാര്യങ്ങളും ഈ മുന്‍ സ്റ്റാഫംഗവും മാധ്യമ പ്രവര്‍ത്തകരുമായുള്ള ആശയ വിനിമയത്തിനിടെ ഉണ്ടായി എന്നതാണ്. 1964ലെ പിളര്‍പ്പുമായി താരതമ്യം ചെയ്താല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അത് വികാരപരമായ അനുഭവമായി മാറുമെന്ന് ഇദ്ദേഹം പറഞ്ഞപ്പോള്‍ സമീപകാലത്ത് സിപിഎം സ്റ്റോറികള്‍ നിരന്തരം ചെയ്യുന്ന ഒരു ചാനല്‍ ലേഖകന്‍ ചോദിച്ചത്രേ: ' 1964ല്‍ കേരള കോണ്‍ഗ്രസല്ലേ ഉണ്ടായത്. അതിലും നമ്മുടെ പാര്‍ട്ടിക്ക് പങ്കുണ്ടായിരുന്നോ' എന്ന്.

ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തിലെ ആശയപരമായ ആദ്യ പിളര്‍പ്പായിരുന്നു അത് എന്ന്് ചാനല്‍ ലേഖകനോട് വിദീകരിച്ചുകൊടുക്കേണ്ടിവന്നു. വി എസ് അച്യുതാനന്ദന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടായ രോഷം അടക്കിപ്പിടിച്ചാണ് അദ്ദേഹം സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിയതെന്നും ഇതിന് ആശയപരമായ എന്തെങ്കിലും അടിത്തറ ഉള്ളതായി കാണാന്‍ കഴിയുന്നില്ലെന്നും ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചെങ്കിലും ' അങ്ങനെ സ്റ്റോറി ചെയ്താല്‍ സമ്മേളനത്തിനകത്തെ വിവരങ്ങളും വി എസിന്റെ ഭാവി നീക്കങ്ങളും നിങ്ങള്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടും' എന്ന് താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞതായും വിവരമുണ്ട്.

വി എസ് ഈ സമ്മേളനത്തോടെ പാര്‍ട്ടി വിടുകയാണെന്നു വരണമെന്നും കേന്ദ്ര നേതാക്കള്‍ അദ്ദേഹത്തിനു പിന്നാലെ വന്ന് മയപ്പെടുത്തണം എന്നുമായിരുന്നു അജണ്ട എന്നാണ് വിവരം. അടുത്തിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ' ഞാന്‍ പോകുന്നു' എന്നു വി എസ് പറഞ്ഞെന്നാണ് ചാനലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പോകാനിറങ്ങുമ്പോള്‍ അദ്ദേഹം എന്തു പറഞ്ഞെന്ന് കേട്ടത് കാരാട്ടും പറഞ്ഞത് വി എസുമാണ്.

ഇവരിലാരും അത് വെളിപ്പെടുത്തിയതായി വിവരമില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ട് ഇറങ്ങി എന്ന്
മാധ്യമങ്ങളോട് പറയുന്നത്ര ശുംഭനല്ല വി എസ് എന്നും വ്യക്തം. ഈ ഡയലോഗും വിശ്വസ്തന്റെ വകയാണ്. ഞാന്‍ നിര്‍ത്തി എന്ന് വി എസ് വിശ്വസ്ഥനോട് പറഞ്ഞതായി ചാനലുകള്‍ പറയുന്നുമുണ്ട്. ആ വിശ്വസ്ഥനാണ് ഈ വിശ്വസ്ഥന്‍. പക്ഷേ, ഇദ്ദേഹം അടുക്കുന്തോറും വിഎസിനെ പഴയ അനുയായികളും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ കൈയൊഴിയുന്നു എന്നാണ് അനുഭവം.
' വിശ്വസ്ഥന്‍' കളി തുടങ്ങി; വി എസ് ഇറങ്ങിയതിനെ 1964 ആക്കുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  VS' loyalists acting for media activists, Thiruvananthapuram, Channel, Criticism, Congress, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia