ബേബിയുടെ തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന്‍ വേണമെന്നും വേണ്ടെന്നും

 


തിരുവനന്തപുരം: (www.kvartha.com 17.05.2014) കൊല്ലത്ത് പിബി അംഗം എം.എ ബേബി പരാജയപ്പെട്ടതും മൂന്നു സ്വതന്ത്രരുടെ കാര്യത്തിലുണ്ടായ ദയനീയ വീഴ്ചയും പരിശോധിക്കാന്‍ സി.പി.എം അന്വേഷണ കമ്മീഷനെ വെക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുമെന്നു സൂചന. തെരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണമായും പാര്‍ട്ടിക്ക് വഴങ്ങി പാര്‍ട്ടിയോടൊപ്പം വി.എസ് നിന്നിട്ടും ഉണ്ടായ ചില വന്‍ പരാജയങ്ങള്‍ അന്വേഷിക്കണം എന്ന ആവശ്യത്തിന് പൊതുവേ നേതാക്കളുടെ പിന്തുണയുമുണ്ട്.

സി.പി.എം ഔദ്യോഗിക നേതൃത്വം പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ പരാജയമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ബേബിയുടെ തോല്‍വി കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നോ എന്ന തരത്തിലേക്ക് പാര്‍ട്ടിക്കു പുറത്തെ ചര്‍ച്ചകളുടെ ഗതി വരും ദിവസങ്ങളില്‍ മാറാന്‍ പോവുകയുമാണ്.
ബേബിയുടെ തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന്‍ വേണമെന്നും വേണ്ടെന്നും
ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്ന ആര്‍.എസ്.പിയുടെ സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെ 'പരമനാറി' എന്നു പൊതുവേദിയില്‍ പരാമര്‍ശിച്ച പിണറായി വിജയന്‍ ആഗ്രഹിച്ചത് ബേബിയുടെ തോല്‍വി ആണെന്ന സംശയമാണ് ഉയരുന്നത്. ബേബി ജയിച്ച് എം.പിയും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗവുമായാല്‍ പിന്നെ അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടാത്ത നിലയില്‍ ഉയരും എന്ന ആശങ്കയാണത്രേ ഇതിനു പിന്നില്‍. ബേബിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിണറായി കാര്യമായ താല്‍പര്യം കാണിച്ചിരുന്നുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം ഉണ്ടായിട്ടും ഇവിടെ മികച്ച വിജയം സാധിച്ചത് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും പിടിപ്പുകേടാണ് എന്നു സ്വയം വിമര്‍ശനപരമായി പ്രശ്‌നം ഉന്നയിക്കാനാണ് വി.എസ് ഒരുങ്ങുന്നത്. അതുകൊണ്ട്, സംഭവിച്ചത് എന്തെന്ന് അറിയാന്‍ ഉന്നതതല കമ്മീഷന്‍ വേണം എന്നാണ് ആവശ്യപ്പെടുകയെന്ന് അറിയുന്നു. വടകരയില്‍ ഇഞ്ചോടിഞ്ച് പൊരുതിയിട്ടും അവസാനം മണ്ഡലം കൈവിട്ടുപോയതും അന്വേഷണ പരിധിയില്‍ വരണം എന്നാണ് ആവശ്യപ്പെടുക.

പത്തനംതിട്ടയില്‍ മുന്‍ ഡി.സി.സി പ്രസിഡണ്ട് പീലിപ്പോസ് തോമസ്, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാവ് വി. അബ്ദുര്‍ റഹ്മാന്‍ എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കി തോല്‍വി ചോദിച്ചു വാങ്ങി എന്ന വിമര്‍ശനം ഔദ്യോഗിക പക്ഷത്തെ ചില നേതാക്കള്‍ തന്നെയാണ് ഉന്നയിക്കുന്നത്. വെള്ളിയാഴ്ചത്തെ പതിവ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച വിശദ ചര്‍ച്ചയുണ്ടാകും.

സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം എറണാകുളത്ത് എ.എ.പി സ്ഥാനാര്‍ത്ഥി അനിത പ്രതാപ് 50,000 വോട്ടുകളും എസ്.ഡി.പി.ഐ 10,000 വോട്ടുകളും പിടിച്ചാല്‍ കെ.വി തോമസ് തോല്‍ക്കുകയും ചെറിയ ഭൂരിപക്ഷത്തിന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് വിജയിക്കുകയുമാണു ചെയ്യേണ്ടത്. എന്നാല്‍ ഈ രണ്ടുകാര്യങ്ങളും ഉണ്ടായിട്ടും കെ.വി തോമസിന്റെ ഭൂരിപക്ഷം കുത്തനെ വര്‍ധിച്ചു. എ.എ.പിക്കും എസ്.ഡി.പി.ഐക്കും മറ്റും പോയത് ഇടതു വോട്ടുകളാണ് എന്ന സംശയമാണ് ഉയരുന്നത്.

ജനങ്ങളുടെ വന്‍ എതിര്‍പ്പു നേരിടുന്ന ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്ന ആന്റോ ആന്റണി പത്തനംതിട്ടയില്‍ വിജയിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഇടതു വീഴ്ചകൊണ്ടു മാത്രമാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തോളം മാത്രമായി കുറക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് മത്സരം കുറേക്കൂടി ആസൂത്രിതമായിരുന്നെങ്കില്‍ പരാജയപ്പെടുത്താമായിരുന്നു എന്ന പറയുന്ന നേതാക്കളുണ്ട്.

ഇതെല്ലാം അന്വേഷിക്കാന്‍ കമ്മീഷന്‍ വേണം എന്നാണ് വി.എസ് ആവശ്യപ്പെടുക. ഇതിന് ഔദ്യോഗിക പക്ഷത്തെ ചില നേതാക്കളുടെ പിന്തുണ കൂടി കിട്ടും. പക്ഷേ, പൊതുവായി പതിവ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിനപ്പുറം കൊല്ലം ഉള്‍പെടെ ചില തോല്‍വികള്‍ പ്രത്യേകമായി പരിശോധിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ ഇല്ല എന്നാണു വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thiruvananthapuram, M.A Baby, Kollam, Election, CPM, V.S Achuthanandan, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia