Controversy | കണ്ണൂര്‍ സര്‍വകലാശാല സെര്‍ച് കമിറ്റി രൂപികരണ അജന്‍ഡയെ ചൊല്ലി സെനറ്റില്‍ ബഹളം; വോടിങ്ങില്‍ അജന്‍ഡയെ എതിര്‍ത്ത് തോല്‍പിച്ച് ഇടത് അംഗങ്ങള്‍


ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സെര്‍ച് കമിറ്റി രൂപീകരിക്കുന്നത് അജന്‍ഡയില്‍ ഉള്‍പെടുത്തിയത്
ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയാണ് പ്രമേയം അവതരിപ്പിച്ചത്
കണ്ണൂര്‍: (KVARTHA) സെര്‍ച് കമിറ്റി അജന്‍ഡയെ ചൊല്ലി സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അതിരൂക്ഷമായ വാഗ് വാദം. സെര്‍ച് കമിറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജന്‍ഡയ്‌ക്കെതിരെ ഇടത് അംഗങ്ങള്‍ പ്രമേയം കൊണ്ടുവന്നതാണ് ബഹളമുണ്ടാകാന്‍ കാരണമായത്. സെര്‍ച് കമിറ്റി വേണമെന്ന് യുഡിഎഫ് - ബിജെപി അനുകൂല അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ അജന്‍ഡ വോടിനിട്ട് തള്ളുകയായിരുന്നു. 48 ഇടത് അംഗങ്ങള്‍ അജന്‍ഡയെ എതിര്‍ത്തു. 25 പേര്‍ അനുകൂലിക്കുകയും ഒരാള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ സെര്‍ച് കമിറ്റി രൂപീകരണം ശബ്ദവോടിങില്‍ പരാജയപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സെര്‍ച് കമിറ്റി രൂപീകരിക്കുന്നത് അജന്‍ഡയില്‍ ഉള്‍പെടുത്തിയത്. ഇടത് അംഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സെര്‍ച് കമിറ്റി അജന്‍ഡയായി അവതരിപ്പിച്ചത് പാസാക്കാതെ ഒന്ന് രണ്ട് അജന്‍ഡകളില്‍ തീരുമാനമെടുത്ത് വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സെനറ്റ് യോഗം പിരിയുകയായിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയാണ് സെര്‍ച് കമിറ്റി രൂപീകരണത്തിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. അജന്‍ഡ തള്ളണമെന്ന് പിപി ദിവ്യയും സിപിഎം എംഎല്‍എമാരായ ടിഐ മധുസൂദനനും സിഎച് കുഞ്ഞമ്പുവും ആവശ്യപ്പെട്ടു. കോടതിയിലുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് ഇടത് അംഗങ്ങള്‍ സെര്‍ച് കമിറ്റി രൂപീകരണ നടപടിയെ എതിര്‍ത്തത്.