ബാലകൃഷ്ണ പിള്ളക്ക് കിട്ടിയ കത്തും ഉമ്മന്‍ ചാണ്ടിയോട് കാണിച്ച ദയയും പത്രത്തില്‍ വരുമ്പോള്‍: വിട്ടിട്ടില്ല കേട്ടോ,വെയിറ്റ് ആന്റ് സീ..

 


എസ് എ ഗഫൂര്‍

തിരുവനന്തപുരം: (www.kvartha.com 11.11.2016) കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണ പിള്ള സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസ് നേതാക്കളോടും പൊതുവെയും കാണിച്ചത് വലിയ ദയയാണെന്ന് കേരളം ഇതുവരെ മനസിലാക്കിയിട്ടില്ല,കേട്ടോ. യുഡിഎഫില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയിട്ടുപോലും അദ്ദേഹം അത് ചെയ്യാതിരുന്നത് വ്യക്തിഹത്യ സ്വന്തം സംസ്‌കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടാണ്. പക്ഷേ, അത് ആരും പറയുന്നില്ല. 

കുറേ കാത്തിരുന്നു മടുത്തപ്പോള്‍ പിള്ളേച്ചന്‍തന്നെ സ്വന്തം നിലയില്‍ പറയാമെന്നുവച്ചു. അങ്ങനെയാണ് ദിനപത്രത്തില്‍ അദ്ദേഹം എഴുതുന്ന കോളത്തില്‍ വിശദമായി അതങ്ങ് എഴുതിയത്. വലിയ വാര്‍ത്തയാകും ആ വെളിപ്പെടുത്തല്‍ എന്നൊക്കെ അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകാം. പക്ഷേ,എന്തോ ക്ലിക് ചെയ്തില്ല.

സോളാറിന്റെ നാറുന്ന കഥകള്‍ മുഴുവന്‍ താന്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ അന്നു വൈകുന്നേരം തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവച്ചു പോകേണ്ടിവരുമായിരുന്നു എന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്. പക്ഷേ,പറഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിന്റെ വിശാലമനസ്‌കതയും മാന്യതയും തിരിച്ചറിഞ്ഞ് ഒരു നല്ല വാക്ക് പറയാന്‍പോലും ഉമ്മന്‍ ചാണ്ടിയും കൂട്ടരും തയ്യാറായില്ല. ആ വിഷമം അദ്ദേഹം ബുധനാഴ്ചത്തെ കോളത്തില്‍ രേഖപ്പെടുത്തിയില്ലെങ്കിലും ചരിത്രം രേഖപ്പെടുത്താതിരിക്കില്ലെന്ന്് ഉറപ്പ്.

പലരും സരിതാ എസ് നായരേക്കുറിച്ച് മോശമായൊക്കെ പറയുമെങ്കിലും ആ പെണ്‍കുട്ടി തെറ്റുകാരിയാണെന്ന് താന്‍ പറയില്ല എന്നാണ് പിളളയുടെ നിലപാട്. സോളാര്‍ എനര്‍ജി പദ്ധതി തുടങ്ങാന്‍ ശ്രമിച്ച സരിതയെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചവരുടെ വിശദവിവരങ്ങളാണ് പിള്ളയെ അസ്വസ്ഥമാക്കുന്നത്. തികച്ചും സ്വാഭാവികം. സ്ത്രീപക്ഷത്തുനിന്ന് വാദിക്കുന്ന ഏതൊരാള്‍ക്കും അങ്ങനെയൊക്കെയേ പറ്റൂ. ബാങ്ക് വിളിക്കുമ്പോള്‍ നായ കുരയ്ക്കുന്നതുപോലെ തോന്നുമെങ്കിലും ബാലകൃഷ്ണ പിള്ള സ്ത്രീകള്‍ക്കെതിരേ കുരയ്ക്കുന്നത് കേരളം കേട്ടിട്ടില്ലെന്നു സമ്മതിക്കണം.

ആ ആനുകൂല്യം സരിതയ്ക്കും അവകാശപ്പെട്ടതാണ്. പിന്നെ, സ്വന്തം നാടായ വാളകത്ത് സ്വന്തമായി നടത്തുന്ന സ്‌കൂളിലെ അധ്യാപികയെയും ഭര്‍ത്താവിനെയും പിന്തുടര്‍ന്ന് വേട്ടയാടിയെന്നോ ഭര്‍ത്താവിന്റെ ശരീരത്തില്‍ പാര കയറ്റിയെന്നോ ഒക്കെ പറഞ്ഞുനടക്കുന്നവരുണ്ട്. അതൊന്നും പിള്ളസാര്‍ ചെയ്യാനിടയില്ലെന്നേ. ഉമ്മന്‍ ചാണ്ടിയോട് ക്ഷമിക്കാമെങ്കിലല്ലേ, പാവപ്പെട്ട ഒരു അധ്യാപികയോടും ഭര്‍ത്താവിനോടും. ഏതായാലും സോളാര്‍ എന്ന വാക്ക് അശ്ലീലത്തിന്റെ പര്യായമായി മാറിപ്പോയതിലെ കുണ്ഠിതം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

മലയാള സിനിമയില്‍ ഷക്കീല തരംഗം ഉണ്ടായ കാലത്ത് ഷക്കീല എന്ന പേരുള്ളവരെല്ലാം സ്വന്തം പേര് പറയാന്‍ മടിച്ചതുപോലെ ഇപ്പോള്‍ ആളുകള്‍ സോളാര്‍ എന്നു പറയാന്‍ മടിക്കുകയാണല്ലോ. പകരം സൗരോര്‍ജ്ജം എന്ന് പ്രയാസപ്പെട്ടു പറയുകയാണ് ചെയ്യുന്നത്. ഏതായാലും ജയിലിലില്‍ വച്ച് സരിത എഴുതിയ കത്ത് അതേരൂപത്തില്‍ കണ്ടയാള്‍ പിള്ളയാണ് എന്ന അദ്ദേഹത്തിന്റെ അവകാശവാദം തള്ളേണ്ടതില്ല. അത് വായിച്ച് ഞെട്ടിയ അദ്ദേഹം അതിലെ പേരുകാരോടു ദയ കാണിച്ച് വെളിപ്പെടുത്തല്‍ വേണ്ടെന്നുവച്ചു എന്നത് വിശ്വസിക്കണോ വേണ്ടേ എന്ന് വായനക്കാര്‍ക്കു തീരുമാനിക്കാം.

ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആ കത്തിന്റെ ഉളളടക്കത്തേക്കുറിച്ച് താന്‍
ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് പിള്ള പറയുന്നത്. പക്ഷേ, അവര്‍ കണക്കിലെടുത്തില്ലത്രേ. ജയിലില്‍ നിന്ന് ഒരു റിമാന്‍ഡ് തടവുകാരി എഴുതുന്ന ഞെട്ടിക്കുന്ന ഉളളടക്കമുള്ള കത്തിന്റെ കോപ്പി കിട്ടാന്‍ ഒരു വഴിയുമില്ലാത്തയാളായിരുന്നു പാവം കേരള മുഖ്യമന്ത്രി എന്നു തോന്നിപ്പോകും പിള്ള എഴുതിയത് വായിച്ചാല്‍. അദ്ദേഹം വേണ്ടിവന്നു അത് മുഖ്യമന്ത്രിയുടെയും അന്നത്തെ കെപിസിസി പ്രസിഡന്റിന്റെയും ചെവിയിലെത്തിക്കാന്‍.

എന്തോ ആകട്ടെ. പിള്ളയുടെ സൗമനസ്യം തന്നെയാണ് പ്രധാനം. ഇനിയിപ്പോ,അത് മനസിലാക്കിയിട്ടാണോ എന്തോ പിള്ളയെ അടുപ്പിക്കാനും അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഷുവര്‍ സീറ്റ് കൊടുത്ത് ജയിപ്പിച്ചെടുത്ത് മന്ത്രിയാക്കാനും പിണറായി വിജയന്‍ മടിച്ചത്? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തി തനിക്ക് നേരത്തേ മുഖ്യമന്ത്രിയാകാനുള്ള അവസരം കൈവന്നിട്ടും അത് പിളളയായിട്ട് തട്ടിക്കളഞ്ഞു എന്ന വിരോധമുണ്ടാകും പിണറായിക്ക്.

പിള്ള ഇപ്പോഴാണ് കോളം എഴുതിയതെങ്കിലും പിണറായി മുമ്പേതന്നെ ഈ കഥകളൊക്കെ അറിഞ്ഞിട്ടുണ്ടാകണം. പിള്ള മനസില്‍ കള്ളമില്ലാത്തതുകൊണ്ട് ഇപ്പോള്‍ പറഞ്ഞെന്നു മാത്രം. ഏതായാലും സോളാര്‍ കേസ് തീര്‍ന്നുപോയിട്ടൊന്നുമില്ല. ഇനിയും അത് കേരളത്തെ പിടിച്ചു കുലുക്കുകതന്നെ ചെയ്യും എന്നാണ് പിള്ള പ്രവചിക്കുന്നത്.

അന്ന് പലരുടെയും തനിനിറം വെളിവാകുമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. കാത്തിരിക്കുകതന്നെ. പക്ഷേ, കൈയില്‍ കിട്ടിയ കത്തിലെ വിവരങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്താമെന്നിരിക്കെ എന്തിനാണ് അദ്ദേഹം സുദീര്‍ഘമായ ആ കാത്തിരിപ്പ് നടത്തുന്നതെന്ന് അറിയില്ല.

ബാലകൃഷ്ണ പിള്ളക്ക് കിട്ടിയ കത്തും ഉമ്മന്‍ ചാണ്ടിയോട് കാണിച്ച ദയയും പത്രത്തില്‍ വരുമ്പോള്‍: വിട്ടിട്ടില്ല കേട്ടോ,വെയിറ്റ് ആന്റ് സീ..

Also Read:
40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു

Keywords:  UDF must thank full to Pillai, because he is your real friend, Thiruvananthapuram, Chief Minister, Oommen Chandy, Pinarayi vijayan, Ramesh Chennithala, Election, Teacher, Attack, School, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia