Accidental Death | മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


അപകടത്തില്‍പെട്ടവരെ മാവേലിക്കര സര്‍കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ്
ആലപ്പുഴ: (KVARTHA) മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര വഴുവാടിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. നിര്‍മാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദന്‍ (കൊച്ചുമോന്‍- 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.
ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍ പോര്‍ചിന്റെ പലക പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടത്തില്‍ പെട്ടവരെ മാവേലിക്കര സര്‍കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.