കേരളത്തില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം
May 28, 2021, 15:04 IST
തിരുവനന്തപുരം: (www.kvartha.com 28.05.2021) സംസ്ഥാനത്ത് കേരളത്തില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റെല്‍ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ.
ട്രോളിംഗ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും ഏര്‍പെടുത്തിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ട്രോളിംഗ് നിരോധന കാലയളവിലും ബാധകമായിരിക്കും.
കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ ഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാകെറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണം.
സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രോടോകോള്‍ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാന്‍ പൊലീസ് ശ്രദ്ധിയ്ക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
നിരോധന കാലയളവില്‍ കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റെല്‍ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊര്‍ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.