ആദിവാസി വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ കണ്ട് പട്ടിക ജാതി ഗോത്ര കമ്മീഷന്‍ ഞെട്ടി

 



ആദിവാസി വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ കണ്ട് പട്ടിക ജാതി ഗോത്ര കമ്മീഷന്‍ ഞെട്ടി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ വട്ടവട മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ആദിവാസി കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെക്കുറിച്ച് നേരിട്ട് അന്വേഷിച്ച പട്ടിക ജാതി ഗോത്ര കമ്മീഷന്‍ ഞെട്ടി.  മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലുള്ള ഹോസ്റ്റലുകളിലെ യഥാര്‍ത്ഥ സ്ഥിതി അതീവ ശോചനീയമാണെന്നതിന് കമ്മീഷന്റെ റിപോര്‍ട്ട് സംസാരിക്കുന്ന തെളിവായി മാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനു കമ്മീഷന്‍ സമര്‍പിപ്പിച്ച റിപോര്‍ട്ട് കെവാര്‍ത്ത പൂര്‍ണരൂപത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. വട്ടവട മഹിളാ ശിക്ഷണ്‍ കേന്ദ്രത്തെക്കുറിച്ചാണു റിപോര്‍ട്ടെങ്കിലും അത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ആദിവാസി, പട്ടികജാതി ഹോസ്റ്റലുകളുടെ നേര്‍ക്കാഴ്ചയാണ്.

കമ്മീഷന്‍ അംഗങ്ങളായ മുന്‍ എം.എല്‍.എ എഴുകോണ്‍ നാരായണന്‍, അഡ്വ കെ.കെ.മനോജ് എന്നിവരാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. വട്ടവടയിലെ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.  നടത്തിപ്പ് സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പിക്കുകയോ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുകയോ വേണം. ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ എന്തെങ്കിലും പ്രഖ്യാനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ശിക്ഷണ്‍ കേന്ദ്രത്തിലെ അന്തേവാസികളായ ആദിവാസി വിദ്യാര്‍ഥിനികളെ അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയും അതിനെ തുടര്‍ന്ന് കുട്ടികള്‍ പഠനം ഉപേക്ഷിച്ച് കുടിലുകളിലേക്ക് മടങ്ങുകയും ചെയ്ത സംഭവത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നേരിട്ട് തെളിവെടുപ്പ് നടത്തിയത്.

ആദിവാസി വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ കണ്ട് പട്ടിക ജാതി ഗോത്ര കമ്മീഷന്‍ ഞെട്ടി അധികൃതര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കുത്തുവാക്കുകള്‍ പറഞ്ഞ് പീഡിപ്പിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് നിയമിച്ച അദ്ധ്യാപകര്‍ക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് റിപോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. ഹോസ്റ്റലിന് ചുറ്റുമുള്ള വേലി പൊളിഞ്ഞ് കിടക്കുന്നതിനാല്‍ ആര്‍ക്കും എത് സമയത്തും കടക്കാവുന്ന അവസ്ഥയാണ്. സുരക്ഷാ സംവിധാനങ്ങള്‍ തീരെയില്ലെന്ന് പരിസര വാസികള്‍ പറയുന്നു. കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആദിവാസി പെണ്‍കുട്ടികള്‍ തികച്ചുംഅരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്ന അവസ്ഥാണ് കാണാന്‍ കഴിഞ്ഞതെന്നും ഒരു സന്നദ്ധ സംഘടന ഏങ്ങനെ പ്രവര്‍ത്തിക്കാതിരിക്കണമെന്നതാണ് മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിന്റെ കാര്യത്തില്‍ കണ്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് മഹിളാ സമഖ്യ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

പ്രാഥമിക സൗകര്യങ്ങളുടെയും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അപര്യാപ്തത മൂലം വളരെ പരിതാപകരമായ അവസ്ഥിയിലാണ് ശിക്ഷണ്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ പഠിക്കുന്നതും കിടക്കുന്നതും നിലത്ത് വിരിച്ചിരിക്കുന്ന കുതിര്‍ന്ന കയര്‍ മാറ്റിലാണ്. കട്ടില്‍, മേശ, കസേര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. വസ്ത്രങ്ങള്‍ അലക്കി വിരിക്കാനും ഉണക്കി സൂക്ഷിക്കാനും സംവിധാനമില്ല. മതിയായ ശുചിത്വ സൗകര്യങ്ങളുമില്ല. തണുപ്പ് കൂടുതലുള്ള ഇവിടെ കുളിക്കാന്‍ ചുടുവെള്ളം കിട്ടുന്നില്ലെന്ന് അന്തേവാസികള്‍ പരാതിപ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു.

Keywords: Tribal commission shocked after seeing ladies hostel, SCST, Report, Hostel, Education, Students, Malayalam News, Kerala Vartha, Vattavada Mahila Shikshan, Idukki.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia