നോട്ടുനിരോധനം: കയ്യില്‍ പണമില്ല, വിനോദയാത്രയ്‌ക്കെത്തിയ വിദേശി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ഇറങ്ങിയോടി

 


മൂന്നാര്‍: (www.kvartha.com 10.12.2016) ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയില്‍നിന്നും 38 കാരനായ ആ യുവാവ് എത്തിയത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇയാള്‍ ഇന്ത്യയില്‍ കാലു കുത്തിയ സമയത്താണ് മോഡി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയത്.
നോട്ടുനിരോധനം: കയ്യില്‍ പണമില്ല, വിനോദയാത്രയ്‌ക്കെത്തിയ വിദേശി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ഇറങ്ങിയോടി

കേരളം ചുറ്റാനിറങ്ങുമ്പോള്‍ അയാള്‍ ഒരിക്കലും കരുതിയില്ല കൈയില്‍ പണംവെച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന്. വിശപ്പ് താങ്ങാനാവാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈയില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടിവന്നിരിക്കയാണ് ഈ അമേരിക്കന്‍ പൗരന്. മൂന്നാറില്‍ വെച്ചാണ് വിദേശിക്ക് ഈ ദുരനുഭവം ഉണ്ടായത്.

ഏതാനും ദിവസംമുമ്പ് കൊച്ചിയിലായിരുന്നു ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലിയായിരുന്നു. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടുതന്നെ കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി ഇയാള്‍ അര്‍ധ പട്ടിണിയിലായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന പണവുമായി വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലെത്തി.

ഇവിടുത്തെ ഏതെങ്കിലും എ.ടി.എം കൗണ്ടറില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പോയ കൗണ്ടറുകളൊന്നും തുറന്നിരുന്നില്ല. ഇതോടെ വെള്ളം മാത്രം കുടിച്ച് വെള്ളിയാഴ്ച ഉച്ചവരെ പിടിച്ചുനിന്നു. ഒടുവില്‍ വിശപ്പ് അസഹനീയമായപ്പോള്‍ അടുത്തുകണ്ട ഹോട്ടലില്‍ കയറി. കാര്‍ഡ് സ്വീകരിക്കില്ലെന്ന് വെയ്റ്റര്‍ ആദ്യമേതന്നെ പറഞ്ഞിരുന്നു. പക്ഷേ, നോട്ട് കൈയിലില്ലാത്ത കാര്യം മറച്ചുവെച്ച് ഇയാള്‍ വയറുനിറയെ ഭക്ഷണം കഴിച്ചു. വയര്‍ നിറഞ്ഞതോടെ രണ്ടും കല്‍പിച്ച് ഇയാള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി.

ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും വിദേശി നിസ്സഹായാവസ്ഥ വിവരിച്ചതോടെ അലിവുതോന്നി വിട്ടയക്കുകയായിരുന്നു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി ആറിലധികം എ.ടി.എം കൗണ്ടറുകളാണുള്ളത്. എന്നാല്‍ പണമില്ലാത്തിനാല്‍ കൗണ്ടറുകള്‍ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഡിസംബറായതോടെ വിദേശികളടക്കമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് സഞ്ചാരികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും.

Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍
Keywords:  Tourists troubled in Munnar for note ban, Food, Hotel, Foreigners, ATM, Bank, Holidays, Drinking Water, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia