Elephant | മനുഷ്യ ജീവൻ്റെ മൂല്യം ഓർത്താണെങ്കിൽ, ആന കെട്ടി എഴുന്നുള്ളിപ്പും സഫാരിയും നിർത്തേണ്ട സമയം അതിക്രമിച്ചു

 
Elephant
Elephant


ഒരു കൊല്ലം തന്നെ ആനമൂലം ഉണ്ടാകുന്ന മരണ വാർത്തകൾ നിരവധിയാണ് 

Byline: സോണി കല്ലറയ്ക്കൽ

(KVARTHA) അനധികൃതമല്ലാതെ എന്താണ് ഇവിടെ നടക്കുന്നത്. എന്തൊരു അപകടം ഉണ്ടായാലും അതിന് ലൈസൻസ് പെർമിഷൻ ഉണ്ടാവുകയില്ല. നമ്മുടെ നാടിന്റെ ശാപം പണം വാങ്ങി എല്ലാത്തിനും ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗ വർഗം തന്നെയാണെന്ന് പറയേണ്ടി വരും. ഇടുക്കി കല്ലാറിലെ സ്വകാര്യ സ്‌പൈസസ് പാർക്കില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അനധികൃതമായാണ് ആന സവാരി കേന്ദ്രം പ്രവർത്തിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വനം വകുപ്പ് മുമ്പ് സ്ഥാപനത്തിന്  സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. 

Elephant

വനം വകുപ്പും ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കമ്പിലൈനിലെ സ്പൈസസ് പാർക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേരള ഫാം ആന സഫാരി കേന്ദ്രത്തിലെ രണ്ടാം പാപ്പാൻ കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണനെ (62) യാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണം നടത്തിയ ആനയെ കോട്ടയത്ത് ഉടമയുടെ അടുത്തേക്ക് മാറ്റും. അനധികൃതമായി ആണ് ആ ആന സവാരി കേന്ദ്രം ഇത്രയും നാൾ പ്രവർത്തിച്ചത് എങ്കിൽ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കീശ മാസാമാസം വീർക്കുന്നു എന്നർത്ഥം. അവരും ഇതിൽ കുറ്റക്കാർ തന്നെയാണ്. 

നമ്പർ 1 കേരളത്തിൽ അപകടങ്ങളുണ്ടായി കഴിയുബോൾ മാത്രം എല്ലാം  അനധികൃതമായി. അനധികൃതമായി ചെയ്യുന്ന കാര്യങ്ങൾ കണ്ടുപിടിക്കേണ്ട ഉദ്യോഗസ്ഥർ എന്തു ചെയ്യുകയായിരുന്നു. ബോട്ടപകടം നടന്നാൽ ബോട്ടിനു ലൈസൻസില്ല. വെടിക്കെട്ടപകടം നടന്നാൽ കരാറുകാരന് ലൈസൻസില്ല. ഭക്ഷ്യവിഷബാധ മൂലം മരിക്കുമ്പോൾ ഹോട്ടലിനു ലൈസൻസില്ല. ഇതൊക്കെ ഒരോ അപകടം നടക്കുമ്പോഴും ഇവിടെ നിന്ന് ഉയരുന്ന സ്ഥിരം പല്ലവികളാണ്. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ശക്തമായ നടപടി സ്വീകരിക്കാൻ കഴിയുമായിരുന്നിട്ടും നോക്കുകുത്തികളായി നിൽക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ തന്നെയാണ് ഈ നാടിൻ്റെ ശാപം എന്ന് പറയാതിരിക്കാൻ പറ്റുമോ. 

ഇത്രയും കാലം ഈ ഉദ്യോഗസ്ഥർ എവിടെയായിരുന്നു. ആ ഉദ്യോഗസ്ഥർ മുഴുവനും അഴിമതി നടത്തി എന്നാണ് ജനങ്ങൾക്ക് മനസ്സിലാവുന്നത്. അവരെ മുഴുവനും പിരിച്ച് വിടണം. എന്നിട്ട് നല്ല ഉദ്യോഗസ്ഥരെ  വെക്കുക. നല്ല ശമ്പളം സർക്കാർ ഇപ്പോൾ തന്നെ കൊടുക്കുന്നുണ്ട്. പിന്നെ ഈ കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ച് വിടുന്ന നിയമം ഗവൺമെന്റ് കൊണ്ടുവരണം. എന്നാലേ  അവർ ജനങ്ങളെ സേവിക്കുകയുള്ളു. ഇപ്പോൾ ആനസവാരി കേന്ദ്രത്തിൽ ഒരാളുടെ ജീവൻ പോയിരിക്കുകയാണ്. ഇത്  ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ കഴിവ് കേട് തന്നെ. അതിനാൽ  ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായി നിയമനടപടി സ്വീകരിക്കണം. അതാണ് ഇനി ഗവണ്മെന്റ് സ്വീകരിക്കേണ്ട നടപടി. 

കാട്ടാനയെ പിടിച്ച് സഫാരി ആനയാക്കി. ലൈസൻസില്ലാത്ത ആനയാണ്. ലൈസൻസില്ലാത്ത സ്ഥാപനവും. ആനയെ ഈ അനധികൃത സ്ഥാപനത്തിൽ എത്രമാത്രം ഉപദ്രവിച്ചു കാണും. സഹിക്കുന്നതിനു ഒരു പരിധിയില്ലേ. കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങളെ ഇട്ട് കൊല്ലാകൊല ചെയ്യുന്നു. ഇതും തികച്ചും അനീതി തന്നെയാണ്. ഇത്രേം നാളും അധികൃതർക്ക് ഇതൊന്നും അറിയാതില്ലാരുന്നു എന്നുണ്ടോ?. ഇപ്പോഴോ ഒന്ന് അന്വേഷിച്ചത്. ഇതിന് മുമ്പ് ഉത്തരവാദിത്വപ്പെട്ടവർ ഒരു വിരൽ പോലും അനക്കിയുമില്ല. അനുമതി കൊടുത്തത് അവിടത്തെ ഭരണാധികാരികൾ. അവരെ പിടിക്കുമോ, ഇല്ല. കാരണം മുട്ട് കൂട്ടി ഇടിക്കും. അതാണ് നടക്കാൻ പോകുന്ന യാഥാർത്ഥ്യം. ഒരാളുടെ വിലപ്പെട്ട ജീവൻ പോയത് മിച്ചം. 

ഇങ്ങിനെയൊന്നും നാട്ടിൽ നടക്കുന്നത് നമ്മുടെ  അധികൃതർ അറിയില്ല. അറിയണമെങ്കിൽ ആരെങ്കിലും ഒക്കെ മരിക്കണം, വല്ലാത്ത നാട് തന്നെ. ആന ഒരു പക്കാ കാട്ട് മൃഗമാണ്. അതിനെ എങ്ങനെ മെരുക്കിയാലും അതിന് പ്രാന്ത് കയറുന്നത് എപ്പോഴെന്ന് ആർക്കും പറയാനാവില്ല. നിമിഷങ്ങൾ കൊണ്ട് സ്വഭാവം മാറും. മനുഷ്യ വംശത്തിൻ്റെ ചരിത്രത്തിൽ ഒരു കാലത്ത് ആനയുടെ കായിക ക്ഷമത മനുഷ്യന് ആവശ്യമായിരുന്നു. ഇന്ന് ആ ആവശ്യങ്ങൾക്കൊക്കെ അതിനെക്കാൾ എത്രയോ കരുത്തുള്ള സാങ്കേതികത്വം മനുഷ്യർ വികസിപ്പിച്ച് കഴിഞ്ഞു. എന്നിട്ടും ഈ ആനയെ വടി കൊണ്ട് പേടിപ്പിച്ച് പൊതുജന നടുവിൽ എഴുന്നളളിപ്പിച്ചും പ്രദർശിപ്പിച്ചും തലയെടുപ്പ് കണ്ട് കുളിരുകോരിയും കൊണ്ടുനടക്കുന്നെങ്കിൽ ഇടക്ക് ഇതുപോലെ ചില മനുഷ്യ ജീവിതങ്ങൾ ചതഞ്ഞരഞ്ഞു പോകും എന്നോർക്കുക. 

വാർത്തകൾക്കു താഴെ ചില മന്ദിപ്പികളുടെ നിരീക്ഷണം വായിച്ചു.  ആന പറഞ്ഞതെല്ലാം അനുസരിക്കുന്നത് സോഷ്യോളജിയും ഹ്യൂമാനിറ്റിസും പഠിച്ചിട്ടല്ല മന്ദിപ്പുകളേ മനുഷ്യനെ പേടിച്ചിട്ടാണ്. സത്യത്തിൽ ആചാരക്കാർക്ക് ഹാലിളകും എന്ന ഒറ്റക്കാരണത്താൽ അല്ലെ ഭരണകൂടം ജനമധ്യത്തിൽ പോലും ഈ ജീവിയെക്കൊണ്ട് നടത്തുന്ന സാഹസിക കെട്ടി എഴുന്നള്ളിപ്പിന് തടസം നിൽക്കാത്തത്?. ഒരു കൊല്ലം തന്നെ ആനമൂലം ഉണ്ടാകുന്ന മരണ വാർത്തകൾ എത്രയാണ്?.  ഇതുമായി ബന്ധപ്പെട്ട പല വിഷ്വൽസും മറയില്ലാതെ നാം  കാണുന്നതാണ്. അത് കാണുമ്പോൾ നമ്മുടെ  പിടി വിട്ടുപോകുക സ്വഭാവികം. സത്യത്തിൽ ഓരോ ആന പ്രേമി മനോരോഗികളെയും പിടിച്ചിരുത്തി പലവട്ടം ഇത് കാണിക്കേണ്ടതാണ്. 

ഹെൽമെറ്റും സീറ്റു ബെൽറ്റും തുടങ്ങി പൊതുജന ജീവ സംരക്ഷണാർത്ഥം വൃഗ്രതയോടെ നിയമം നിർമ്മിച്ചും പരിപാലിച്ചും വാണരുളുന്ന ഭരണകൂടങ്ങൾ മനുഷ്യ ജീവൻ്റെ മൂല്യം ഓർത്താണെങ്കിൽ എന്തേ ഈ ആന കെട്ടി എഴിന്നള്ളിപ്പ് പരിപാടിയും സഫാരിയും ഒക്കെ നിരോധിക്കുന്നില്ല? പ്രതിമകൾക്കും ചമയങ്ങൾക്കും ജെ സി ബിയിൽ എഴുന്നള്ളിയാൽ എന്താ കുഴപ്പമെന്ന് ചോദിക്കുന്നവരുണ്ട്. സഫാരി നടത്തേണ്ടവർക്ക് മഹീന്ദ്രാ ജീപ്പിലോ ജിംനിയിലോ അങ്ങ് നടത്തിയാലും പോരെ? പിന്നെ സ്വൽപം സാഹസികത വേണ്ടേ എന്നാണെങ്കിൽ തർക്കത്തിനില്ല. അപ്പോൾ ഇതൊക്കെ ഇടക്ക് ഉണ്ടാവും. അനുശോചനങ്ങൾ കേവലം ഔപചാരികമാകും. കരയുന്നത് ഇരയുടെ കുടുംബം മാത്രമാവും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia