കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവിന് ഗുരുതര പരിക്ക്; ഭീതിയില്‍ നാട്ടുകാര്‍
Oct 1, 2021, 12:31 IST
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 01.10.2021) കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവിന് ഗുരുതര പരിക്ക്. കുപ്പാടി കാടിനോട് ചേര്‍ന്നുള്ള കൈവട്ടമൂലയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. പി വിജയന്റെ വീട്ടിലാണ് കടുവ എത്തിയത്. വ്യാഴാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം.
തൊഴുത്തില്‍ നിന്ന് കിടാവിന്റെ കരച്ചില്‍കേട്ട് ജനലിലൂടെ നോക്കിയപ്പോള്‍ കടുവ ഓടിപ്പോകുന്നത് കണ്ടതായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി കാല്‍പാടുകള്‍ നിരീക്ഷിച്ച് കടുവയാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിനെ ചികിത്സിക്കാനുള്ള ഡോക്ടറേയും വനംവകുപ്പ് ഏര്‍പാട് ചെയ്തു.
ഒരാഴ്ച മുന്‍പ് കൈരളി ജങ്ഷനില്‍ മാനിനെ കടുവ കൊന്നിരുന്നു. അതിന് ശേഷവും കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങാന്‍ പോലും പേടിയായതിനാല്‍ ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കൂട് സ്ഥാപിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കടുവ കുടുങ്ങുമെന്നാണ് കൈവട്ടമൂല, പഴുപ്പത്തൂര്‍, കൈരളി ജങ്ഷന്‍ പ്രദേശങ്ങളിലുള്ളവര്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.