Onam Celebrations | ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് സെപ്തംബര്‍ 13 ന് തുടക്കമാവും; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും
കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും
ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും
എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും
തിരുവനന്തപുരം: (KVARTHA) ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് (Onam Celebration) സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് (Thiruvananthapuram) തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ (Procession) സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) അധ്യക്ഷതയില്‍ യോഗം (Meeting) ചേര്‍ന്നു.
ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
എല്ലാ വകുപ്പുകളുടെയും ഫ്‌ളോട്ട് തയ്യാറാക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും.
അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തും. ഗതാഗത ക്രമീകരണം മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. വാഹന പാര്‍ക്കിംഗില്‍ വ്യക്തത വരുത്തണം. ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍, ഉപഭോഗം, വിതരണം എന്നിവ കര്‍ശനമായി നിയന്ത്രിക്കാന്‍ പ്രത്യേക പരിശോധന നടത്തും.
നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പന്നങ്ങള്‍/പാക്കറ്റുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തും. എല്ലാ കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ മുതലായവ ഉണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ അതത് ദിവസം നീക്കം ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, എം ബി രാജേഷ്, പി പ്രസാദ്, വി ശിവന്‍കുട്ടി, വി അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു തുടങ്ങിയവര്‍ സംസാരിച്ചു.