Infant | അമ്മത്തൊട്ടിലില്‍ 4 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു; 'പ്രഗ്യാന്‍ ചന്ദ്ര' യെന്ന് പേര് വിളിച്ചു

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു. പൊക്കിള്‍ക്കൊടി വേര്‍പിരിയാത്ത നാലുദിവസം മാത്രം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിന് 'പ്രഗ്യാന്‍ ചന്ദ്ര' യെന്ന് പേരും വിളിച്ചു.

വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലില്‍ ലഭിച്ച വിശിഷ്ടാതിഥിക്ക് 'പ്രഗ്യാന്‍ ചന്ദ്ര' എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജെനറല്‍ സെക്രടറി ജി എല്‍ അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3-ന്റെ ഭാഗമായ റോവറിന്റെ ഓര്‍മ്മയ്ക്കായും ചെസ് താരം പ്രഗ്‌നാനന്ദയോടുള്ള ആദരവിന്റെ സൂചനയായുമാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്.

രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്റിങും ചെസ് ലോകകപ് ഫൈനലില്‍ പ്രഗ്‌നാനന്ദയുടെ വെള്ളിത്തിളക്കത്തിന്റെയും ദിവസമായിരുന്നു അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തിയത്. 

ഇക്കഴിഞ്ഞ ജനുവരിയില്‍ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാന്‍. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററില്‍ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശവും ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിനടുത്തേക്ക് പരിചരണത്തിനായി എത്തി.

ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 8.30-ന് തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശാനുസരണം തുടര്‍ചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയില്‍ കഴിയുകയാണ്. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജെനറല്‍ സെക്രടറി അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം , കാസര്‍ഗോഡ് എന്നീ ദത്തെടുക്കല്‍ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവില്‍ പരിചരണയിലുള്ളത്. 2002 നവംബര്‍ 14-ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകള്‍ വഴി ലഭിക്കുന്ന 584-ാ മത്തെ കുട്ടിയും തിരുവനന്തപുരം അമ്മത്തോട്ടിലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞുമാണ് പ്രഗ്യാന്‍.

Infant | അമ്മത്തൊട്ടിലില്‍ 4 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു; 'പ്രഗ്യാന്‍ ചന്ദ്ര' യെന്ന് പേര് വിളിച്ചു


Keywords: News, Kerala, Kerala-News, News-Malayalam, Thiruvananthapuram, Infant, Baby, Abandoned, Ammathottil, CM, Thiruvananthapuram: Four days old baby found abandoned in Ammathottil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia