KSEB | തിരുവമ്പാടിയിൽ പോര് മുറുകുന്നു; മാനനഷ്ടക്കേസ് നൽകാൻ അജ്‌മലിന്റെ കുടുംബം; മാർചും വിശദീകരണ യോഗവുമായി കെഎസ്ഇബി ഉദ്യോഗസ്ഥരും
കോഴിക്കോട്: (KVARTHA) കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിൽ ആരോപണ വിധേയനായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. കെഎസ്ഇബിക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് അജ്മലിന്റെ കുടുംബത്തിന്റെ നീക്കം.
കെഎസ്ഇബി അധികൃതർ വീട്ടിൽ വൈദ്യുതി വിഛേദിച്ചത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് കുടുംബം ആരോപിക്കുന്നു.
നാട്ടുകാരുടെ മുന്നിൽ കെഎസ്ഇബി നാണം കെടുത്തിയെത്തും മാനഹാനി ഉണ്ടാക്കിയെന്നുമാണ് വീട്ടുകാർ പറയുന്നത്. ആൾക്കാരുടെ മുന്നിൽ കള്ളനാക്കിയത്തിൽ സങ്കടമുണ്ടെന്നും അജ്‌മലിന്റെ മാതാവ് മറിയം മാധ്യമങ്ങളോട് പറഞ്ഞു. തിരുവമ്പാടി കെ എസ് ഇ ബി യിലെ ഒന്നോ രണ്ടോ പേർക്കാണ് പ്രശ്നമെന്നും അവർ കൂട്ടിച്ചേർത്തു.
പിന്നോട്ടില്ലാതെ കെഎസ്ഇബിയും
അതേസമയം ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ തിങ്കളാഴ്ച തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തും. ജൂലൈ അഞ്ചിന് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ഓഫീസ് സാധനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. അജ്മലും സഹോദരനും ചേർന്നാണ് ഓഫീസ് ആക്രമിച്ചതെന്നും ജീവനക്കാർ പറയുന്നു.
ഇരുട്ടിലായത് 30 മണിക്കൂറിലേറെ സമയം
ബിൽ അടയ്ക്കാൻ വൈകിയതിനെത്തുടർന്ന് അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇതിൽ പ്രകോപിതനായ യൂത് കോൺഗ്രസ് മുൻ തിരുവമ്പാടി മണ്ഡലം കമിറ്റി പ്രസിഡൻ്റ് കൂടിയായ അജ്‌മൽ കെഎസ്ഇബി തിരുവമ്പാടി സെക്ഷനു കീഴിലുള്ള ലൈൻമാനും ഹെൽപറുമായ പി പ്രശാന്തിനെ മർദിച്ചുവെന്നാണ് ആരോപണം.
പിന്നീട് പ്രശാന്തിനെ മുക്കം സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചത്തെ മർദനത്തെ തുടർന്ന് അജ്മലിനെതിരെ അസിസ്റ്റൻ്റ് എൻജിനീയർ പരാതിയും നൽകി. പിന്നാലെ ശനിയാഴ്ച അജ്മൽ കെഎസ്ഇബിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി അസിസ്റ്റൻ്റ് എൻജിനീയറെ മർദിക്കുകയും ഓഫീസ് ജീവനക്കാരെ മർദിക്കുകയും കസേരകളും കംപ്യൂടറുകളും അടിച്ചുതകർക്കുകയും ചെയ്തതായും പറയുന്നു.
തുടർന്ന് തിരുവമ്പാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കംപ്യൂടറുകൾ തകർത്തതോടെ ഓഫീസ് പ്രവർത്തനം നിലച്ചതായി ജീവനക്കാർ ആരോപിക്കുന്നു. ഇതിനിടെ സിഎംഡി ബിജു പ്രഭാകറിൻ്റെ നിർദേശപ്രകാരം കെഎസ്ഇബി അജ്മലിൻ്റെ വീട്ടിലെ വൈദ്യുതി ബന്ധം ശനിയാഴ്ച വിച്ഛേദിക്കുകയും ചെയ്‌തു. തുടർന്ന് അജ്‌മലിന്റെ പിതാവ് റസാഖും ഭാര്യ മറിയവും കെഎസ്ഇബി സെക്‌ഷൻ ഓഫീസിനു മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന നടപടി തെറ്റാണെന്ന് കെഎസ്ഇബിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു. ഞായറാഴ്ച വൈകിട്ട് യൂത് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച് നടത്തുകയും ചെയ്തു. ഇതിനെ പിന്നാലെയാണ് യാതൊരു ഉപാധികളുമില്ലാതെ ഞായറാഴ്ച രാത്രിയോടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.
30 മണിക്കൂറിലേറെ നേരം ഇരുട്ടിലായിരുന്നു അജ്മലിന്റെ കുടുംബം. കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ആക്രമിച്ചെന്ന പരാതിയിൽ അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ അജ്മലിൻ്റെ മാതാവ് മറിയമിൻ്റെ പരാതിയിൽ കെഎസ്ഇബി ലൈൻമാൻ പി പ്രശാന്ത്, ഹെൽപർ അനന്ദു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മാനനഷ്ടക്കേസുമായി കുടുംബവും പ്രതിഷേധവുമായി കെഎസ്ഇബിയും മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പോര് തുടരുമെന്ന് വ്യക്തം.