കാസര്‍കോട്ട് മാത്രമല്ല, കര്‍ണാടക മന്ത്രിയും ദേശീയ പതാക തലകീഴായി ഉയര്‍ത്തി, സംഭവം ഇങ്ങനെ; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

 


തിരുവനന്തപുരം: (www.kvartha.com 26.01.2022) കാസര്‍കോട്ട് കേരളത്തിലെ മന്ത്രിയായ അഹ് മദ് ദേവര്‍കോവില്‍ റിപബ്‌ളിക് ദിനത്തില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയത് വിവാദമായിരിക്കുകയാണ്. മന്ത്രി രാജിവയ്ക്കണമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മൂന്ന് മാസം മുമ്പ് കര്‍ണാടകയിലെ ഒരു മന്ത്രിയും ഇതേ പോലെ ദേശീയപതാക തലകീഴായി ഉയര്‍ത്തിയിരുന്നു. ആ മന്ത്രി ഇന്നും രാജിവെച്ചിട്ടില്ല. ഇത് സംബന്ധിച്ച്‌ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തയുടെ കട്ടിങ്ങുകളാണ് ഇപ്പോൾ  പ്രചരിക്കുന്നത്.
  
കാസര്‍കോട്ട് മാത്രമല്ല, കര്‍ണാടക മന്ത്രിയും ദേശീയ പതാക തലകീഴായി ഉയര്‍ത്തി, സംഭവം ഇങ്ങനെ; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Courtesy: Divya Cutinho/ The New Indian Express

സംഭവം ഇങ്ങിനെയാണ്: ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം 2021 നവംബര്‍ ഒന്നിന് സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ ആഘോഷത്തിനിടെ ഫിഷറീസ്, തുറമുഖ മന്ത്രി അങ്കാറ ദേശീയ പതാക തലകീഴായി ഉയര്‍ത്തി. പിന്നീട് നേരെയാക്കി. തൂണില്‍ പതാക കെട്ടുന്നതില്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അബദ്ധത്തിന് വഴിയൊരുക്കിയത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി അങ്കാറ പതാക ഉയര്‍ത്തിയ ശേഷം താഴ്ത്തി വീണ്ടും ഉയര്‍ത്തുകയും ചെയ്തതോടെയാണ് പിഴവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. നെഹ്‌റു മൈതാനത്ത് നടന്ന ചടങ്ങില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍, കലക്ടര്‍ രാജേന്ദ്ര കെ വി, മംഗലാപുരം സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു.

2022 ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ മന്ത്രി അഹ് മദ് ദേവര്‍കോവില്‍ കാസര്‍കോട് മുന്‍സിപല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയത് തലകീഴായതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സല്യൂട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.

കലക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. ജില്ലയിലെ എംപിയും എം എല്‍ എമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇവര്‍ എല്ലാവരുടേയും മുമ്പില്‍ വെച്ചാണ് പതാക തലകീഴായി ഉയര്‍ത്തിയത്. ജില്ലാ കലക്ടര്‍ അവധിയിലായതിനാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

സംഭവത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മന്ത്രി ദേവർകോവിൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ് മദ് ദേവര്‍ കോവിലിനെതിരെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ യുവമോര്‍ചയുടെ കരിങ്കൊടി പ്രതിഷേധം നടന്നു. നാല് യുവമോര്‍ച പ്രവര്‍ത്തകരാണ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗസ്റ്റ് ഹൗസില്‍ നിന്നും മന്ത്രി പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായി എത്തിയത്. പൊലീസ് മന്ത്രിക്ക് സംരക്ഷണം നല്‍കി. പിന്നീട് കൂടുതല്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലടുത്ത ശേഷം മന്ത്രിയെ കടത്തിവിട്ടു.

മന്ത്രി അഹ് മദ് ദേവര്‍കോവില്‍ രാജി വെക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും വേണമെന്ന് യുവമോര്‍ച ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെയും എഡിഎമിന്റെയും സാന്നിധ്യത്തിലാണ് ദേശീയ പതാക തലകീഴായി ഉയര്‍ത്തുകയും സല്യൂട് നല്‍കുകയും ചെയ്തതെന്നും. പതാക ഉയര്‍ത്തി ഏറെ നേരത്തിന് ശേഷവും തെറ്റ് തിരിച്ചറിയാന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചില്ലെന്നത് ഗൗരവകരമാണെന്നും യുവമോര്‍ച നേതാക്കള്‍ വ്യക്തമാക്കി.

വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച  ജില്ലാ കമിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.

ദേശീയപതാക തലകീഴായി ഉയര്‍ത്തിയത് മാനുഷിക പിഴവായി കണക്കാമെങ്കിലും സല്യൂട് അടക്കമുള്ള ബഹുമതി നല്‍കിയ നടപടി ക്ഷമിക്കാവുന്നതല്ലെന്ന് യുവമോര്‍ച  ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ് മദ് ദേവര്‍കോവിലിനെ മുഖ്യമന്ത്രി ഉടന്‍ കേരള മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രടെറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

തലകീഴായ പതാകയെ സല്യൂട് ചെയ്തതും വലിയ തെറ്റാണ്. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സര്‍കാര്‍ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്നും മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് രെജിസ്റ്റെര്‍ ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. 

റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ് മദ് ദേവര്‍കോവിലിനെയും, ജില്ലാ പൊലീസ് മേധാവിയെയും ചുമതലകളില്‍നിന്നും പുറത്താക്കണമെന്ന് എബിവിപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് വിഷ്ണു വരക്കാട് ആവശ്യപ്പെട്ടു.

Keywords:  Thiruvananthapuram, Kerala, News, Kasaragod, Karnataka, Minister, Flag, Top-Headlines, BJP, Social Media, Viral, K Surendran, Secretary, Ahmed Devarkovil, Ankara, President, Police, Republic Day, District Collector, Protest, The Karnataka minister also hoisted the national flag upside down.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia