ദിലീപിന്റെ വിവാദ സിനിമാ തിയറ്റര്‍: വിജിലന്‍സ് സംഘം പരിശോധന നടത്തി

 


തൃശൂര്‍: (www.kvartha.com 21/01/2015) ചലചിത്ര താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമ തിയേറ്ററിന്റെ രേഖകള്‍ റവന്യൂ വിജിലന്‍സ് സംഘം ചാലക്കുടിയിലെത്തി പരിശോധിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ വിജിലന്‍സ് സംഘമാണു പരിശോധിച്ചത്.

കിഴക്കേ ചാലക്കുടി വില്ലേജ്, ചാലക്കുടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്. ഡി- സിനിമ സമുച്ചയം പുറമ്പോക്ക് ഭൂമിയിലല്ലെന്ന കലക്റ്ററുടെ ഉത്തരവ് നിലനില്‍ക്കേയാണു സംഘത്തിന്റെ സന്ദര്‍ശനം. മുമ്പ് മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെട്ടതും ഇപ്പോള്‍ ചാലക്കുടി താലൂക്കില്‍പെട്ടതുമായ കി. ചാലക്കുടി വില്ലേജിലെ 690/1 സര്‍വ്വേ നമ്പറില്‍പെട്ട പുറമ്പോക്ക് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി വസ്തുവഹകള്‍ക്ക് കരം ഒടുക്കി നല്‍കുകയും തെറ്റായി സര്‍വ്വേ പ്ലാന്‍ തയാറാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.സി. സന്തോഷ് ജില്ലാ കലക്റ്റര്‍, തഹസില്‍ദാര്‍, കി. ചാലക്കുടി വില്ലെജ് ഓഫിസര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.

പുറമ്പോക്ക് ഭൂമിയില്‍ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കിയെന്നാരോപിച്ച് പരാതിക്കാരന്‍ ചാലക്കടി നഗരസഭ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്റെ പരാതികള്‍ക്കു നടപടികളൊന്നും ഉണ്ടായില്ലെന്നാരോപിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരനേയും എതിര്‍കക്ഷിയായ പി. ഗോപാലകൃഷ്ണന്‍ (ദിലീപ്) എന്നിവരേയും വിചാരണ നടത്തി നിയമാനുസൃതം ഉത്തരവിറക്കാന്‍ ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധിപ്രകാരം പരാതിക്കാരനേയും എതിര്‍കക്ഷിക്ക് വേണ്ടി ഹാജരായ പി. ശിവകുമാറിനേയും ജില്ലാ കലക്റ്ററുടെ ചേമ്പറില്‍ വച്ച് വിചാരണ നടത്തി.

തര്‍ക്കവസ്തു വലിയ തമ്പുരാന്‍ കോവിലകം എന്ന കൊച്ചി രാജകുടുംബത്തിന്റെ സ്ഥാപനത്തിന്റെ വക വസ്തുവാണെന്നും 1949ലെ തിരു-കൊച്ചി ഏകീകരണത്തോടെ ഇത് കൊച്ചിന്‍ ദേവസ്വത്തിന്റെ കീഴിലാണെന്നും ഇത് അമ്പലം വക വസ്തുവാണെന്നും സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം 680എന്ന സര്‍വ്വേ നമ്പര്‍ ഭൂമിയുടെ പേരിന്റെ സ്ഥാനത്ത് ഊട്ടുപുരപറമ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബിടിആര്‍ പ്രകാരം ഈ ഭൂമികളെല്ലാം പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്‍എച്ച്എഐ സ്ഥലം ഏറ്റെടുത്തപ്പോള്‍ പ്രസ്തുത സ്ഥലം പുറമ്പോക്കാണെന്നും 681/1 സര്‍വ്വെ നമ്പറില്‍ 35സെന്റ് സ്ഥലം തോട് പുറമ്പോക്കായട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പരാതിക്കാരനായ സന്തോഷ് വിചാരണ വേളയില്‍ അറിയിച്ചു.

എന്നാല്‍ സര്‍വ്വേ 680/1 ല്‍ തങ്ങള്‍ വാങ്ങിയത് കൂടാതെ ബാക്കി ഭാഗത്ത് വീടുകളുണ്ടെന്നും പഴയ കഥകള്‍ അറിയില്ലെന്നും തോടിന്റെ വശങ്ങള്‍ കെട്ടികൊടുത്തിട്ടുണ്ടെന്നും എല്ലാ വകുപ്പുകളുടേയും അനുമതിയോടെയാണ് നിര്‍മാണം നടത്തിയതെന്നും വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും എതിര്‍കക്ഷിക്ക് വേണ്ടി ഹാജരായ ശിവകുമാര്‍ അറിയിച്ചു. തുടര്‍ന്ന് തിയെറ്റര്‍ പണിതിരിക്കുന്ന സ്ഥലത്ത് അമ്പലപറമ്പോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കലക്റ്റര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടു. തഹസില്‍ദാരുടെ പരിശോധനയില്‍ തര്‍ക്ക ഭൂമി കി. ചാലക്കുടി വില്ലേജില്‍ സര്‍വ്വേ 680/1 ന്റെയും 681/1 ന്റെയും ഭാഗമായി ഉള്‍പ്പെട്ട് വ്യക്തമായ അതിര്‍ത്തികളിട്ട് കൈവശം വച്ച് വരുന്നതായി കാണുന്നുവെന്നും പുറമ്പോക്ക് ഭൂമിയൊന്നും തര്‍ക്കസ്ഥലത്തിലെന്നും വ്യക്തമായി.

ആലുവ സ്വദേശി അഡ്വ. കെ.സി. സന്തോഷ് നല്‍കിയ പരാതിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കലക്റ്റര്‍ സ്ഥലം പരിശോധന നടത്തി ഉത്തരവിറക്കിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ദിലീപിന്റെ വിവാദ സിനിമാ തിയറ്റര്‍: വിജിലന്‍സ് സംഘം പരിശോധന നടത്തി

Keywords: Dileep, Cinema, Film star, Theater, Vigilance, Inquiry, Collector, Land, Revenue, Chalakudi, Thrisur, Thaluk.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia