Kanthapuram | മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയാവേണ്ടത്: കാന്തപുരം

 
the beauty of values should make india a global power kantha

Photo credit: Facebook /Kanthapuram

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു / Image Credit: Sample Site

കോഴിക്കോട്: (KVARTHA) മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് രാജ്യത്തിന്റെ പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

ഒട്ടനവധി വൈവിധ്യങ്ങൾ നിലനിന്നിരുന്നിട്ടും ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണനയിൽ സർവരും ആവേശത്തോടെ പരിശ്രമിച്ചതിന്റെ ഫലമായാണ് വൈദേശിക ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ലഭിച്ചത്. മുൻകാല നേട്ടങ്ങളെ അനുസ്മരിച്ച് നാം ത്രിവർണ പതാക ഉയർത്തുമ്പോൾ ഈ രാജ്യത്തോട് നമുക്കുള്ള ഉത്തരവാദിത്തങ്ങളും മനസ്സിൽ വരേണ്ടതുണ്ട്. രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഒരുമയും ഐക്യവുമുള്ള ജനത പ്രധാനമാണ്.

വയനാട് ഉരുൾപൊട്ടലിൽ ഒരുപാട് ജീവൻ നഷ്ടപ്പെട്ട വേദനകൾക്കിടയിലും ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും നല്ല സന്ദേശമാണ് നൽകിയത്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും ചെറുക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും ഇത്തരം ദുരന്ത അതിജീവനങ്ങളും നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. ഒരുമ ഊട്ടിയുറപ്പിക്കുന്നതും നാടിന്റെ നന്മക്കായി ഒരുമിച്ചു നീങ്ങണമെന്ന സന്ദേശം പകരുന്നതുമാകട്ടെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia