2014 ലെ സ്ഥാനാര്‍ഥി പട്ടികയുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ 'ടാലന്റ് ഹണ്ട്'
Dec 7, 2012, 11:25 IST
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിച്ചിരിക്കുന്ന കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ രഹസ്യ സര്‍വേ നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു, കെ.എസ്.യു. ഭാരവാഹികളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ടാലന്റ് ഹണ്ട് മാതൃക ചില മാറ്റങ്ങളോടെയാണു നടപ്പാക്കുന്നത്.
വിദ്യാര്‍ത്ഥി, യുവജന സംഘടനാ തെരഞ്ഞെടുപ്പ് മാതൃക അതേപടി നടപ്പാക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ കെ.പി.സി.സി. ഉള്‍പെടെ വിവിധ സംസ്ഥാന ഘടകങ്ങള്‍ ഈ രീതിയോട് എതിര്‍പ് പ്രകടിപ്പിച്ചു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രീതിയില്‍ ചെറിയ മാറ്റം വരുത്തി. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വിപുലമായ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുണ്ടാക്കുകയും അതില്‍ നിന്ന് ഏറ്റവും യോഗ്യരെ ഉള്‍പെടുത്തി അന്തിമ പട്ടികയുണ്ടാക്കുകയും ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
പക്ഷേ, സംസ്ഥാന ഘടകം നിര്ദേശിക്കാത്തവരും എന്നാല്‍ ഹൈക്കമാന്‍ഡിനു താല്പര്യമുള്ളവരും ആ പട്ടികയിലുണ്ടാകും. അവരെ അംഗീകരിക്കാതിരിക്കുകയോ തെരഞ്ഞെടുപ്പില്‍ തോല്പിക്കാന് ശ്രമിക്കുകയോ ചെയ്താല്‍ സംസ്ഥാന നേതൃത്വം നടപടി നേരിടേണ്ടിവരുമെന്ന് ഹൈക്കമാന്‍ഡ് താക്കീത് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച ശശി തരൂരിനോട് സംസ്ഥാന ഘടകം തുടക്കത്തില്‍ നിഷേധാത്മക സമീപനം സ്വീകരിച്ചതും മറ്റു ചില സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നോമിനികള്ക്കെതിരേ പ്രാദേശിക നേതാക്കളുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം പ്രകടിപ്പിച്ചതും മറ്റും കണക്കിലെടുത്താണ് ഇത്തവണ മുന്‍കൂട്ടി കടുത്ത നിലപാടെടുക്കുന്നത്. തരൂരിന്റെ വിജയം ഉറപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടിരുന്നു. മറ്റു ചില സംസ്ഥാനങ്ങളിലും ഇതേതരത്തില്‍ ഇടപെടേണ്ടിവന്നു.
സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയിലുള്ള എല്ലാവരെയും കുറിച്ച് വിശദമായ വിവരശേഖരണം നടത്താന്‍ സ്വകാര്യ ഏജന്‍സിയെയാണ് ഏല്പിക്കുകയെന്ന് അറിയുന്നു. അവരുമായി സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് ബന്ധമുണ്ടാകില്ല. വിവര ശേഖരണത്തിന് പ്രാദേശിക കോണ്‍ഗ്രസ് -യുഡിഎഫ് കമ്മിറ്റികളെ ഈ ഏജന്‍സി ആശ്രയിക്കുകയുമില്ല.
റിപോര്‍ട്ട് കൊടുക്കുന്നത് നേരിട്ട് ഹൈക്കമാന്‍ഡിനായിരിക്കും. ഹൈക്കമാന്‍ഡില്‍ ഇതു വിശകലനം ചെയ്യാന്‍ പ്രത്യേക സമിതിയുണ്ടാകും. അവരും സംസ്ഥാന നേതൃത്വവും തമ്മിലാണ് അടുത്ത ഘട്ടം ചര്‍ച്ച. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കും. അങ്ങനെ ഒന്നോ രണ്ടോ തവണകൂടി സാധ്യതാ പട്ടിക പുന:ക്രമീകരിക്കും. അതിനുശേഷമുണ്ടാക്കുന്ന ഷോര്‍ട് ലിസ്റ്റാകും അന്തിമസ്ഥാനാര്‍ഥി പട്ടിക. ഇതില്‍ ഗ്രൂപ്പ്, സമുദായ, പോഷകസംഘടനാ, സ്ത്രീ, യുവജന പ്രാതിനിധ്യം ഉറപ്പാക്കുക എന്ന വലിയ കടമ്പ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
ഈ പ്രാതിനിധ്യമെല്ലാം ഉറപ്പാക്കുന്ന പട്ടിക സംസ്ഥാന ഘടകത്തില്‍ നിന്ന് ആദ്യംതന്നെ ഹൈക്കമാന്‍ഡ് വാങ്ങും. അതില്‍ നിന്ന് യോഗ്യരെയും അല്ലാത്തവരെയും നിശ്ചയിക്കാനാണ് വിവര ശേഖരണ സര്‍വേ. ഈ നടപടിക്രമങ്ങളെല്ലാം വൈകാതെ ആരംഭിക്കും. തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷത്തില്‍ താഴെമാത്രമേ ബാക്കിയുള്ളു. വിവിധ പ്രശ്നങ്ങളില്‍ തട്ടി കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര പ്രതിസന്ധിയിലുമാണ്. അടുത്ത തവണയും യു.പി.എ. സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ കഴിയുന്ന വിധം മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനുളള ചുമതല സംസ്ഥാന ഘടകങ്ങള്‍ക്കു മാത്രം കൊടുക്കുന്നത് അബദ്ധമായി മാറിയേക്കും എന്ന സംശയം മുന്നോട്ടുവച്ചതും അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ രീതി മാറ്റിയതും 'രാഹുല്‍ ടീം' ആണ്.
Keywords: Thiruvananthapuram, Congress, Election, KSU, Politics, Kerala, Shashi Taroor, Candidate, Malayalam News, Kerala Vartha, Talent hunt to prepare congress nomination list
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.