Celebrity Aid | വയനാടിന് സഹായ ഹസ്തവുമായി കൂടുതല്‍ അന്യഭാഷാ താരങ്ങള്‍ രംഗത്ത്; സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം നല്‍കി; രശ്മിക മന്ദാന 10 ലക്ഷം
ഹൃദയം തകര്‍ന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്.
വാര്‍ത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
മേപ്പാടി: (KVARTHA) വയനാട്ടിലെ (Wayanad) ഉരുള്‍പൊട്ടലില്‍ (Landslide) തകര്‍ന്നടിഞ്ഞവര്‍ക്ക് സഹായ ഹസ്തവുമായി കൂടുതല്‍ അന്യഭാഷാ താരങ്ങള്‍. കോളിവുഡ് താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് സാമ്പത്തിക സഹായം (Financial assistance) വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നേരത്തെ നടന്‍ വിക്രം (Vikram) മുഖ്യമന്ത്രിയുടെ (CM) ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. പിന്നാലെയാണ് കൂടുതല്‍ താരങ്ങള്‍ സഹായവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് നല്‍കിയത്. ഹൃദയം തകര്‍ന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുള്‍പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സര്‍കാര്‍ ഏജന്‍സി അംഗങ്ങളോടും ബഹുമാനം മാത്രം എന്നാണ് സൂര്യ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
വാര്‍ത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ഭീകരമാണീ അവസ്ഥ. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും രശ്മിക എഴുതി. പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
കഴിഞ്ഞദിവസം നടന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അദ്ദേഹം പങ്കുവച്ചിരുന്നു. 2018 ലെ പ്രളയകാലത്തും വിക്രം, സൂര്യ, കാര്‍ത്തി ഉള്‍പെടെയുള്ള അന്യഭാഷാ താരങ്ങള്‍ കേരളത്തിന് കൈത്താങ്ങായിട്ടുണ്ട്.
മലയാള സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, മോഹന്‍ ലാല്‍, കമല ഹാസന്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വയനാടിനൊപ്പം കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി നിഖില വിമല്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.