Suresh Gopi | കണ്ണൂരും എനിക്ക് വേണം; ജില്ലയോട് താല്‍പര്യം ഉണ്ടെന്ന് സുരേഷ് ഗോപി
കണ്ണൂര്‍ പയ്യാമ്പലത്തെ കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി
മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ കുടുംബവുമായി നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും മന്ത്രി
കണ്ണൂര്‍: (KVARTHA) തൃശൂരിന് പിന്നാലെ ജില്ലയോടും താല്‍പര്യം പ്രകടിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തനിക്ക് തരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാടായിക്കാവ്, പറശ്ശിനി മടപ്പുര, മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വസതി, കഥാകൃത്ത് ടി പത്മനാഭന്റെ വസതി എന്നിവ സന്ദര്‍ശിച്ചശേഷം ഉച്ചതിരിഞ്ഞ് 2:15 നായിരുന്നു സുരേഷ് ഗോപി പയ്യാമ്പലത്ത് എത്തിയത്.
പാവപ്പെട്ടവരോട് തനിക്ക് താല്പര്യം ഉണ്ടെങ്കിലും മന്ത്രിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ കുടുംബവുമായി നേരത്തെ തന്നെ അടുത്ത ബന്ധമുണ്ട്. മുന്‍പും ആ വീട്ടില്‍ പോയിട്ടുണ്ട്. അതൊന്നും അന്ന് ചര്‍ച ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ മന്ത്രി ആയതുകൊണ്ട് തന്റെ പോക്കും വരവും എല്ലാം മാധ്യമങ്ങളിലൂടെ ചര്‍ച ചെയ്യപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ എന്നും കണ്ണൂര്‍ പയ്യാമ്പലത്ത് വെച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാക്കളായ എപി അബ്ദുല്ലക്കുട്ടി, കെ രഞ്ജിത്, സി രഘുനാഥ്, എന്‍ ഹരിദാസ്, ബിജു ഏളക്കുഴി, എം ആര്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി കെ ജി മാരാരുടെ സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ചന നടത്തി. ഇവിടെ നിന്നും പിന്നീട് കൊട്ടിയൂരിലേക്ക് പോയി.