സുധീരന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സതീശനെ പ്രകോപിപ്പിച്ചു; മുനവച്ച വിവാദം ശക്തം

 


തിരുവനന്തപുരം: (www.kvartha.com 03.05.2014) കെപിസിസി പ്രസിഡന്റ് വി എം സുധീരനും വൈസ് പ്രസിഡന്റ് വി ഡി സതീശനുമായി ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ നിലനില്‍ക്കുന്ന അകല്‍ച്ച കെവാര്‍ത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സതീശന്‍തന്നെ സുധീരനെതിരെ ഒളിയമ്പെയ്തു രംഗത്തു വന്നത് ചേരിതിരിവു ശക്തമാക്കി.

ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി - സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ സതീശനും മറ്റു ചില നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് ബാറുടമകള്‍ക്കു വേണ്ടി വാദിച്ചത് തന്നെ അമ്പരപ്പിച്ചതായി സുധീരന്‍ എ കെ ആന്റണിയോടു പറഞ്ഞിരുന്നു. ആന്റണിയും സുധീരനുമായുള്ള ഫോണ്‍ സംഭാഷണം കെവാര്‍ത്തയാണു പുറത്തുകൊണ്ടുവന്നത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് വിവിധ ടിവി ചാനലുകളുടെ ഒമ്പതുമണിച്ചര്‍ച്ചയിലാണ് സതീശന്‍ സുധീരനെതിരേ ആഞ്ഞടിച്ചത്.

സുധീരന്റെ പേരു പറയാതെയാണു പ്രതികരിച്ചതെങ്കിലും ഉന്നം സുധീരന്‍ തന്നെയാണെന്നു വ്യക്തമാക്കുന്ന വിധത്തിലായിരുന്നു സംസാരം. താന്‍ ആദര്‍ശത്തിന്റെ തടവറയില്‍ അല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരാള്‍ മാത്രം മദ്യവിരുദ്ധനും മറ്റുള്ളവരെല്ലാം മദ്യ ലോബിയുടെ ആളുകളുമാണെന്ന പ്രചാരണമാണ് ചിലര്‍ നടത്തുന്നതെന്നുമായിരുന്നു സതീശന്‍ മുനവച്ചു പറഞ്ഞത്.
സുധീരന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സതീശനെ പ്രകോപിപ്പിച്ചു; മുനവച്ച വിവാദം ശക്തംകെവാര്‍ത്ത പ്രസിദ്ധീകരിച്ച സുധീരന്‍- ആന്റണി ഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് സതീശന്‍ രംഗത്തിറങ്ങിയത്. ഇതോടെ ഹൈക്കമാന്‍ഡ് നിയോഗിച്ച കെപിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നു കൂടുതല്‍ വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എക്‌സൈസ് മന്ത്രി കെ ബാബു എന്നിവരെല്ലാം ബാറുടമകള്‍ക്കു വേണ്ടിയാണു നിലകൊള്ളുന്നതെന്നും സതീശനും ആ കൂട്ടത്തിലാണ് ഇപ്പോള്‍ എന്നും ധ്വനി വരുന്ന വിധത്തില്‍ സുധീരന്‍ പാര്‍ട്ടിക്കുള്ളിലും സംസാരിച്ചതായാണു വിവരം.

418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനാകാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാത്ത വിഷയത്തില്‍ യുഡിഎഫ് ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അനുവദിക്കില്ലെന്നും ടൂ സ്റ്റാര്‍ സൗകര്യങ്ങള്‍ ഉള്ളവയ്ക്കു മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്നുമുള്ള നിലപാടില്‍ നിന്ന് സുധീരന്‍ പിന്നോട്ടു പോകാതെ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ലെന്നു മറ്റു നേതാക്കള്‍ ചൂിക്കാട്ടുന്നു.
സുധീരന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സതീശനെ പ്രകോപിപ്പിച്ചു; മുനവച്ച വിവാദം ശക്തം
ബാറുകാരില്‍ നിന്ന് വന്‍തുക മറിഞ്ഞിട്ടുന്നെും അത് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ലഭിച്ചിട്ടുന്നെും ശക്തമായ തെളിവുകള്‍ സുധീരന്റെ പക്കല്‍ ഉണ്ടെന്നാണു വിവരം. അതാണേ്രത അദ്ദേഹം ഇത്ര കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ നിലപാടിന് എ കെ ആന്റണിയുടെ പിന്തുണയുണ്ടെന്നു വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് കെവാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

വരും ദിവസങ്ങളില്‍ ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കൂടുതല്‍ പുതിയ ചേരിതിരിവുകളോ വെളിപ്പെടുത്തല്‍ തന്നെയോ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News:
സുധീരന്‍ ആന്റണിയോടു പറഞ്ഞത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: V.M. Sudheeran, V.D. Satheesan, KPCC, A.K Antony, Phone call, Kerala, Congress, Oommen Chandy, Aryadan, Sudheern's telephonic conversation to A K Antoy; Real revelation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia