ഷാനിമോള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും പിന്തുണ; സുധീരന്‍ പ്രതിക്കൂട്ടില്‍

 


തിരുവനന്തപുരം: (www.kvartha.com 06.05.2014) വി.എം. സുധീരനെ പ്രതിക്കൂട്ടിലാക്കി ഷാനിമോള്‍ ഉസ്മാന്‍ നടത്തുന്ന പോരാട്ടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണ. സുധീരന് ഷാനിമോള്‍ കത്ത് അയച്ചത് ഇരുവരോടും ചോദിച്ചിട്ടല്ല. പക്ഷേ, കത്തില്‍ ഷാനിമോള്‍ ഉന്നയിച്ച കാര്യങ്ങളോട് ഉമ്മന്‍ ചാണ്ടിക്കും രമേശിനും അനുകൂല അഭിപ്രായമാണുള്ളത്.

ഇക്കാര്യം പരസ്യമായി പറയാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഷാനിമോളെ ഒതുക്കാന്‍ രണ്ടുപേരും കൂട്ടുനില്‍ക്കില്ലെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന. അതിനിടെ, എഐസിസി മുന്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ പത്തംഗ കോര്‍ ടീം അംഗവുമായിരുന്ന ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ മോശം പരാമര്‍ശങ്ങളേക്കുറിച്ച് ഹൈക്കമാന്‍ഡിനെക്കൊണ്ടു വിശദീകരണം ചോദിപ്പിക്കാനുള്ള ശ്രമം സജീവമാണ്.

ഷാനിമോള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും പിന്തുണ; സുധീരന്‍ പ്രതിക്കൂട്ടില്‍കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അഭിപ്രായം പറഞ്ഞതിനു പരസ്യമായി ഷാനിമോളെ താക്കീതു ചെയ്ത സുധീരന്റെ നടപടിയില്‍ ഇടപെടാന്‍ ഹൈക്കമാന്‍ഡിനു തടസമായിരുന്നത് തെരഞ്ഞെടുപ്പാണ്. എന്നാല്‍ പ്രശ്‌നം മൂര്‍ഛിച്ച പശ്ചാത്തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായേക്കും. ഇപ്പോഴത്തെ വിവാദം സുധീരന്റെ പ്രസിഡന്റ് പദവി തെറിപ്പിക്കുന്ന നിലയിലേക്ക് എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് കേരളത്തില്‍ നിന്നുള്ള പ്രമുഖ കേന്ദ്ര നേതാവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ കെവാര്‍ത്തയോടു പറഞ്ഞു.

കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ചതിനു താക്കീതു ചെയ്യുക മാത്രമല്ല, ഷാനിമോള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഡല്‍ഹിയില്‍ ആരുമില്ലെന്ന് പലവട്ടം പറഞ്ഞ് അപമാനിക്കുകയും ചെയ്ത സുധീരന്റെ നടപടി വളരെ ഗൗരവത്തില്‍ എടുക്കണം എന്നാണ് എ, ഐ വിഭാഗങ്ങളുടെ നിലപാട്.

കെപിസിസി നിര്‍വാഹക സമിതി യോഗങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുപോന്നയാളാണ് സുധീരന്‍ എന്ന് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തില്‍ ഷാനിമോള്‍ പറഞ്ഞത്. മുമ്പ് കെ കരുണാകരനെതിരെയും എ.കെ. ആന്റണിക്കെതിരെയും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള സുധീരനോട് മുഖ്യമന്ത്രിമാരോ മുന്‍ കെപിസിസി പ്രസിഡന്റുമാരോ അസഹിഷ്ണുത കാണിച്ചിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ അതേ അവകാശം ഉപയോഗിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കാര്യം പറഞ്ഞ തന്നെ അകത്തും പുറത്തും അപമാനിച്ചുവെന്നാണ് ഷാനിമോളുടെ പരാതി. ഇത് ചെറിയ കാര്യമായി കാണാനാകില്ലെന്നു ചൂിക്കാട്ടിയാണ് മുഖ്യമന്ത്രിയും രമേശും അവരെ പിന്തുണയ്ക്കുന്നത്.
ഷാനിമോള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും പിന്തുണ; സുധീരന്‍ പ്രതിക്കൂട്ടില്‍

ഷാനിമോള്‍ മദ്യലോബിയുടെ കൈയിലെ കരുവാണ് എന്ന് സുധീരന്‍ ആരോപിച്ചതിനെതിരെ മുസ്ലിം സമുദായ നേതാക്കളുടെ പ്രതികരണത്തിനും നീക്കമുണ്ട്. അഞ്ചു നേരവും നമസ്‌കരിക്കുന്നതുള്‍പെടെ വിശ്വാസ കാര്യങ്ങളില്‍ വീഴ്ച വരുത്താത്ത, തികഞ്ഞ മത പശ്ചാത്തലമുള്ള കുടുംബാംഗമായ ഷാനിമോളെ മദ്യലോബിയുമായി ചേര്‍ത്തു പറഞ്ഞത് പിന്‍വലിച്ച് സുധീരന്‍ മാപ്പു പറയണം എന്ന ആവശ്യമാണ് ഉയരാന്‍ പോകുന്നത്.

താന്‍ മാത്രമാണ് ആദര്‍ശവാദി എന്നും മറ്റുള്ളവരെല്ലാം മോശക്കാരാണ് എന്നും വരുത്താനാണ് സുധീരന്‍ ശ്രമിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സുധീരന്റെ പേരു പറയാതെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി, രമേശ്, സതീശന്‍ എന്നിവര്‍ക്കും ഷാനിമോള്‍ കത്തിന്റെ പകര്‍പ്പ് അയച്ചു എന്നതും ശ്രദ്ധേയമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:

Keywords:  Oommen Chandy, Ramesh Chennithala, V.M Sudheeran, Kerala, Attack, Shanimol Usman, KPCC, V.D Satheeshan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia