സുധീരനും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചുനീങ്ങാന്‍ ആലോചിച്ചു; ഐയും എ ഗ്രൂപ്പിലെ സുധീരന്‍ വിരുദ്ധരും പൊളിച്ചു

 


തിരുവനന്തപുരം: (www.kvartha.com 16.09.2015) കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ അവസാനിപ്പിച്ച് ഒത്തുപോകാന്‍ ആലോചിച്ചു. ഇതു പൊളിക്കാനുറപ്പിച്ചാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് സുധീരനെതിരെ ആസൂത്രിതമായി തിരിഞ്ഞതെന്നാണു വിവരം. എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും ഇതിലേക്കു വലിച്ചിഴക്കപ്പെടുകയായിരുന്നു. സുധീരന്‍- ഉമ്മന്‍ ചാണ്ടി സഖ്യം ഇഷ്ടപ്പെടാത്ത എ ഗ്രൂപ്പുകാരും ഇതില്‍ പങ്കാളികളായി.

സുധീരന്‍ ഒറ്റപ്പെടുന്നുവെന്നും എയും ഐയും അദ്ദേഹത്തിനെതിരെ കൈകോര്‍ക്കുന്നുവെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ക്കു പിന്നിലും ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ സുധീരന്‍- ഉമ്മന്‍ ചാണ്ടി സഖ്യവിരുദ്ധരും തന്നെയാണു പ്രവര്‍ത്തിച്ചത്. അതേസമയം, സുധീരനെതിരെ ഹൈക്കമാന്‍ഡിനോടു പരാതി പറയാന്‍ ഡല്‍ഹിക്ക് പോകുന്ന സംഘത്തില്‍ പെടാതിരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. എ ഗ്രൂപ്പുകാരോട് തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തു. അതല്ലെങ്കില്‍ രമേശിനും മറ്റുമൊപ്പം ഡല്‍ഹിക്കു പോകാന്‍ എ ഗ്രൂപ്പിലെ ചിലരും ആലോചിച്ചിരുന്നു.

സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിനു തുടര്‍ച്ചയുണ്ടാകാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഒന്നിച്ചു പോകാതെ പറ്റില്ല എന്ന തിരിച്ചറിവിലാണ് സുധീരനും ഉമ്മന്‍ ചാണ്ടിയും ഇടക്കാലത്ത് ഐക്യനീക്കം ആരംഭിച്ചത്. സുധീരനെ പ്രസിഡന്റാക്കിയത് ഹൈക്കമാന്‍ഡിന്റെ താല്‍പര്യപ്രകാരമായതിനാല്‍ അദ്ദേഹവുമായി സ്ഥിരം കലഹിച്ചുപോകുന്നത് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി കണക്കുകൂട്ടി. രാജ്യത്ത് മറ്റെല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ച്ച നേരിട്ടപ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നയിച്ചതിന്റെ നായകനായ ഉമ്മന്‍ ചാണ്ടിയുമായി അകലം മാത്രം നിലനിര്‍ത്തുന്നത് ഒഴിവാക്കാന്‍ സുധീരന്‍ ആലോചിച്ചതും ഹൈക്കമാന്‍ഡിന്റെ അപ്രീതി ഭയന്നാണ്.

 ഇവര്‍ രണ്ടും ചേരുമ്പോള്‍ കേരളത്തിലെ പാര്‍ട്ടിയും മുന്നണിയും അവരുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുമെന്ന ആശങ്കയാണ് ഐ ഗ്രൂപ്പിനെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെയും പ്രകോപിപ്പിച്ചത്. ഡിസിസി പുനസംഘടന നിര്‍ത്തിവക്കണമെന്ന ആവശ്യം അതിന് അവര്‍ കാരണമാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കൂടെനില്‍ക്കാതിരിക്കാന്‍ പറ്റാതെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞുമതി തെരഞ്ഞെടുപ്പ് എന്നായിരുന്നു ആവശ്യം.

സുധീരന്‍ നിരസിക്കുമെന്ന് അറിഞ്ഞുതന്നെയായിരുന്നു ആ ആവശ്യം. പിടിച്ചിടത്തുനിന്ന് പിന്നോട്ടു പോകാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആര്‍ക്കും സാധിക്കാതെ വന്നു. അകല്‍ച്ച കൂട്ടാന്‍ മാധ്യമങ്ങളെ രണ്ടു ഗ്രൂപ്പുകളും നന്നായി ഉപയോഗിക്കുകയും ചെയ്തു. തന്ത്രങ്ങളുടെ ആശാനായ ഉമ്മന്‍ ചാണ്ടിയെ സ്വന്തം വഴിക്കുകൊണ്ടുവരാന്‍ രമേശ് ചെന്നിത്തലയ്ക്കും രണ്ടു ഗ്രൂപ്പിലെയും സുധീരന്‍ വിരുദ്ധര്‍ക്കും സാധിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ നിരീക്ഷിച്ചു തന്നെയാണു നീങ്ങുന്നത്, സുധീരനും.

സുധീരനും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചുനീങ്ങാന്‍ ആലോചിച്ചു; ഐയും എ ഗ്രൂപ്പിലെ സുധീരന്‍ വിരുദ്ധരും പൊളിച്ചു


Also Read:
മാങ്ങാട് ബാലകൃഷ്ണന്‍ വധം: തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റെന്ന് കേസിലെ 7-ാം പ്രതി ഷിബു

Keywords:  Sudheeran and Oomman Chandi planned unity; but I and a factions derailed it, Thiruvananthapuram, Ramesh Chennithala, New Delhi, Lok Sabha, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia