സംസ്ഥാന ബജറ്റ്: ഭൂരജിസ്‌ട്രേഷന്‍ ടാക്‌സും മദ്യനികുതിയും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന

 


തിരുവനന്തപുരം: (www.kvartha.com 07.02.2020) സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്‍പതിനു ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം വര്‍ധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണു സൂചന.

2020-21 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരംനല്‍കല്‍ ബജറ്റില്‍ ഉണ്ടാകില്ല. അനാവശ്യ ചലവുകള്‍ കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന ബജറ്റ്: ഭൂരജിസ്‌ട്രേഷന്‍ ടാക്‌സും മദ്യനികുതിയും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന

സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയില്‍ തൊഴിലുകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രോത്സാഹനം വേണ്ടിവരും. കാര്‍ഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂര്‍ത്തമായ പരിഹാരം ബജറ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി വന്നെങ്കിലും സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായിട്ടില്ല എന്നാണ് ധനമന്ത്രി പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളത്. 30 ശതമാനം നികുതിവളര്‍ച്ചയാണ് നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരം കൂടി ചേര്‍ത്താല്‍ പോലും 14 ശതമാനം മാത്രമാണ് ജിഎസ്ടിയില്‍നിന്നുള്ള നികുതിവളര്‍ച്ച. വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം കുറച്ചുകൊണ്ടുവന്നേ മതിയാകൂ.

വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങളുടെ പുരോഗതിയും അവ മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് സൂചന.

ഇതോടൊപ്പം, സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കും. ഇന്ധന നികുതിയെ ആശ്രയിക്കാനാവില്ല. എന്നാല്‍ മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഭൂമിയുടെ ന്യായവില ഉയര്‍ത്തി രജിസ്ട്രേഷന്‍ ടാക്സും മുദ്രപ്പത്ര വരുമാനവും വര്‍ധിപ്പിക്കാനും ബജറ്റില്‍ ഉദ്ദേശിക്കുന്നുണ്ട്.

Keywords:  News, Kerala, Thiruvananthapuram, Budget, Finance, Minister, Thomas Issac, State Budget: Geo Registration Tax and Liquor Tax may be Increasing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia