സമുദായത്തിന്റെ ഉന്നമനമല്ല ശ്രീനാരായണ ഗുരു ലക്ഷ്യമിട്ടത്: മന്ത്രി ജോസഫ്

 


സമുദായത്തിന്റെ ഉന്നമനമല്ല ശ്രീനാരായണ ഗുരു ലക്ഷ്യമിട്ടത്: മന്ത്രി ജോസഫ്
 ശ്രീനാരായണ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനചടങ്ങില്‍ 'ഗുരുദര്‍ശനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രഭാഷണം നടത്തുന്നു. മന്ത്രി കെ.സി. ജോസഫ് സമീപം.
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക പുരോഗതിക്ക് ശ്രീനാരായണ ദര്‍ശനങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. സമുദായത്തിന്റെതല്ല, സമൂഹത്തിന്റെ ഉന്നമനമാണ് ഗുരു ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെയും കേരള സര്‍വ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അനീതിയും അനാചാരവും ജാതിമതചിന്തകളും നിറഞ്ഞ ഒരു സമൂഹത്തെയാണ് ശ്രീനാരായണ ഗുരുവിന് അഭിമുഖീകരിക്കേണ്ടിവന്നത്. സാമൂഹിക തിന്മകള്‍ക്കെതിരെ ഗുരു നടത്തിയ ഇടപെടല്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. നവോത്ഥാനത്തിന്റെ പുത്തന്‍ പ്രഭാതങ്ങള്‍ക്ക് ഗുരുദര്‍ശനങ്ങള്‍ വിത്തുപാകിയെങ്കിലും, നമ്മുടെ സമൂഹത്തിലിന്നും ആശാസ്യമല്ലാത്ത പലപ്രവണതകളും നിലനില്‍ക്കുന്നു. അവയെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളാലോചിക്കുമ്പോഴാണ് ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറുന്നത്. ഗുരുദേവദര്‍ശനങ്ങളുടെ പ്രാധാന്യം വരുംതലമുറയിലേക്ക് പകരുന്നതിനായി ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതായും സാംസ്‌കാരിക മന്ത്രി അറിയിച്ചു.

മറ്റെല്ലാ സംസ്‌കാരത്തേക്കാളും മഹത്തരമാണ് കേരളീയ സംസ്‌കാരമെന്നും എന്നാല്‍ ഇക്കാര്യം എല്ലാവരും മറന്നുപോകുന്നുവെന്നും 'ഗുരുദര്‍ശനത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പറഞ്ഞു. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായ ഒരു മാനവസമൂഹത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. ഗായത്രീ മന്ത്രത്തിലുളളതുപോലെ എല്ലാവര്‍ക്കും നന്മ വരട്ടെയെന്ന സാരാംശമാണ് ശ്രീനാരായണ ദര്‍ശനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദു സ്വയം വിമര്‍ശനമാണെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച കേരള സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് പറഞ്ഞു.

Keywords:  Minister, K.C. Joseph, Inauguration, Kerala, Sri Narayana Guru, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia