സ്‌പൈസ് ജെറ്റിന് കോഴിക്കോട് നിന്ന് ദുബൈയിക്കു നേരിട്ടു വിമാന സര്‍വീസ്; ആരംഭനിരക്ക് 4,999 രൂപ

 


കൊച്ചി: (www.kvartha.com 05/10/2015) സ്‌പൈസ് ജെറ്റ് കോഴിക്കോട്, അമൃത്‌സര്‍ എന്നിവിടങ്ങളില്‍നിന്നു നവംബര്‍ 15 മുതല്‍ ദുബൈയിലേക്ക് നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കും. ഇതിലേക്കുള്ള ടിക്കറ്റ് ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്യാം. പുതിയ ഫ്‌ളൈറ്റ് ആരംഭിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ ടിക്കറ്റ് ചാര്‍ജ് ഒരു വശത്തേക്ക് 4,999 രൂപയാണ്.

ഇതോടെ സ്‌പൈസ് ജെറ്റിന് എട്ടു ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു ദുബൈക്കു നേരിട്ടു ഫ്‌ളൈറ്റ് സര്‍വീസാകും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പൂന, കൊച്ചി, മധുര എന്നിവിടങ്ങളില്‍നിന്നു ഇപ്പോള്‍ സ്‌പൈസ് ജെറ്റ് നേരിട്ടു ദുബൈക്കു വിമാന സര്‍വീസ് നടത്തുന്നുണ്ട്. കോല്‍ക്കൊത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളരൂ എന്നീ നഗരങ്ങളുമായി കണക്ഷന്‍ ഫ്‌ളൈറ്റും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോട്-ദുബൈ റൂട്ടില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും. ബോയിംഗ് 737 എന്‍ജി വിമാനങ്ങളാണ് പുതിയ റൂട്ടുകളിലെ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുന്ന ആറു രാജ്യാന്തര നഗരങ്ങളിലൊന്നാണ് ദുബൈ. ബാങ്കോക്ക്, കൊളംബോ, കാബൂള്‍, മാലി, മസ്‌കറ്റ് എന്നിവയാണ് മറ്റ് അഞ്ചു മുഖ്യനഗരങ്ങള്‍. താല്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന കാത്മണ്ഡു സര്‍വീസ് ഉടനേ കമ്പനി പുനരാരംഭിക്കും. കൂടുതല്‍ രാജ്യാന്തരനഗരങ്ങളിലേക്കു സര്‍വീസ് തുടങ്ങുവാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

സമയക്രമം കോഴിക്കോട്ടുനിന്നു എല്ലാ ദിവസവും ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന ഫ്‌ളൈറ്റ്   ഉച്ചകഴിഞ്ഞു 3.55-ന് ദുബായില്‍ എത്തിച്ചേരും. തിരിച്ച് ദുബായില്‍നിന്നു എല്ലാ ദിവസവും പല സമയങ്ങളിലായി കോഴിക്കോട്ടേയ്ക്കും സര്‍വീസ് നടത്തും. തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞു 4.10-നും ആറിനും ദുബൈയില്‍നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ്  യഥാക്രമം രാത്രി 10.15-നും 11.20-നും കോഴിക്കോട്ട് എത്തിച്ചേരും.

ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദുബൈയില്‍നിന്നു 4.10-ന് പുറപ്പെട്ട് 9.15-ന് കോഴിക്കോട്ട് എത്തിച്ചേരും. ശനിയാഴ്ച ദിവസം വൈകുന്നേരം അഞ്ചിന് ദുബൈയില്‍നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ് രാത്രി പത്തിന് കോഴിക്കോട്ട് എത്തിച്ചേരും. ഞായറാഴ്ച്ചത്തെ കോഴിക്കോട് ഫ്‌ളൈറ്റ് 4.55-നാണ്. രാത്രി 10.20-ന കോഴിക്കോട്ട് എത്തും.

കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന രാജ്യത്തെ രണ്ടു കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റ് പ്രതിദിനം 40 സ്ഥലങ്ങളിലേക്കായി 250 ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ആറ് രാജ്യാന്തര നഗരങ്ങളും 34 അഭ്യന്തര നഗരങ്ങളും ഇതിലുള്‍പ്പെടുന്നു. ഇരുപതു ബോയിംഗ് 737, ഒരു എയര്‍ബസ് എ 319, 14 ബൊംബാര്‍ഡിയര്‍ ക്യു-400 വിമാനങ്ങളാണ് കമ്പനി സര്‍വീസിനായി ഉപയോഗിക്കുന്നത്.

സ്‌പൈസ് ജെറ്റിന് കോഴിക്കോട് നിന്ന് ദുബൈയിക്കു നേരിട്ടു വിമാന സര്‍വീസ്; ആരംഭനിരക്ക് 4,999 രൂപ


Keywords: Kochi, Kerala, Flight, Dubai, Kozhikode, Spice Jet service to Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia