കള്ളക്കടത്ത് കരിപ്പൂരില്‍ കൂടുതല്‍ പിടിയിലാകുന്നത് കാസര്‍കോട് സ്വദേശികള്‍

 


കള്ളക്കടത്ത് കരിപ്പൂരില്‍ കൂടുതല്‍ പിടിയിലാകുന്നത് കാസര്‍കോട് സ്വദേശികള്‍
കോഴിക്കോട് : കള്ളക്കടത്തിന്റെ പറുദീസയായി കാസര്‍കോടിനെ വീണ്ടും ഡി.ആര്‍.ഐ-കസ്റ്റംസ് അധികൃത കേന്ദ്രങ്ങള്‍ മുദ്രകുത്തി. കാസര്‍കോട് സ്വദേശികളായ കള്ളക്കടത്ത് സംഘങ്ങള്‍ കസ്റ്റംസിന് വെല്ലുവിളിയായി മാറിയെന്നാണ് റവന്യൂ ഇന്റലിജന്‍സ് കസ്റ്റംസ് കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍.

ജില്ലയിലെ പള്ളിക്കര, തെക്കില്‍ വില്ലേജുകളില്‍ നിന്നുള്ളവരും ചട്ടഞ്ചാലിന് സമീപത്തെ ബെണ്ടിച്ചാല്‍ സ്വദേശികളുമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസിന്റെ പിടിയില്‍പ്പെടുന്ന കൂടുതല്‍ പേര്‍. 2011ല്‍ മാത്രം ഈ മൂന്ന് പ്രദേശവാസികള്‍ ഉള്‍പ്പെട്ട 85 കള്ളക്കടത്ത് കേസുകളാണ് കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സിഗരറ്റ്, കുങ്കുമപ്പൂവ്, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, തുണി ഉല്‍പ്പന്നങ്ങള്‍, സ്വര്‍ണ്ണം, കറന്‍സി നോട്ടുകള്‍ എന്നിവയാണ് കരിപ്പൂരില്‍ പിടക്കപ്പെടുന്ന പ്രധാന കള്ളക്കടത്ത് സാധനങ്ങള്‍. കാസര്‍കോട് ജില്ലയില്‍ നിന്ന് നൂറ് കണക്കിന് പേര്‍ ദിനംപ്രതി ഗള്‍ഫുനാടുകളിലേക്ക് കടക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ മുംബൈ, മംഗലാപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് റാക്കറ്റുകളുടെ കരിയര്‍മാരാണ്.
കള്ളക്കടത്ത് കരിപ്പൂരില്‍ കൂടുതല്‍ പിടിയിലാകുന്നത് കാസര്‍കോട് സ്വദേശികള്‍


ഉപജീവനത്തിന് വേണ്ടിയാണ് പലരും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. പക്ഷേ ഇത്തരം കുറ്റകൃത്യങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കുന്നില്ല. ഇത്തരക്കാര്‍ക്ക് യു.എ.ഇലേയും ഇതര ഗള്‍ഫ് രാജ്യങ്ങളിലെയും കള്ളക്കടത്ത് സംഘങ്ങളുമായി ഉറ്റബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫിലെ ഈ ഗൂഢസംഘമാണ് കള്ളക്കടത്ത് സാധനങ്ങള്‍ കരിയര്‍മാര്‍വഴി കടത്തുന്നത്.

തെക്കില്‍, പള്ളിക്കര, ബെണ്ടിച്ചാല്‍ സ്വദേശികളേറെയും സിഗരറ്റ് റാക്കറ്റിന്റെ കരിയര്‍മാരാണ്. ഒന്നിലേറെ തവണ സിഗരറ്റ് കള്ളക്കടത്ത് നടത്തുന്നതിനിടയില്‍ പിടിയിലായ മേല്‍പ്പറഞ്ഞ മൂന്ന് ഗ്രാമങ്ങളിലെ  യുവാക്കളെ കസ്റ്റംസ് സശ്രദ്ധം നിരീക്ഷിച്ചുവരുന്നുണ്ട്.. ഇവരില്‍ ചിലര്‍ കള്ളക്കടത്ത് സാധനങ്ങളുമായി കരിപ്പൂരിലിറങ്ങുന്നതിന് പകരം ഇപ്പോള്‍ ചെന്നൈ എയര്‍പോര്‍ട്ടിലാണ് ഇറങ്ങുന്നത്.

പിടിയിലാവുന്ന കാസര്‍കോട് സ്വദേശികളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്നവരാണ്. സാമൂഹ്യ-സാമ്പത്തിക ഭദ്രതയുമില്ല. പലരും സന്ദര്‍ശക വിസയില്‍ വിമാനം കയറുന്നവരാണ്. ഇവര്‍ ദിവസങ്ങള്‍ക്കകം തിരിച്ചുവരുന്നതാകട്ടെ കള്ളക്കടത്ത് സാധനങ്ങളടങ്ങിയ ലഗേജുകളുമായാണ്. ഒരു ഉന്നത ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേ സമയം സിഗരറ്റ് കടത്തും മറ്റും ലാഭകരമല്ലെന്നും പിടികൂടപ്പെട്ടാല്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുമെന്നും തിരിച്ചറിഞ്ഞ ചിലര്‍ ആയുധ-മയക്കുമരുന്ന കള്ളക്കടത്ത് കേന്ദ്രത്തിലേക്ക് തിരിഞ്ഞതായും കസ്റ്റംസ് ഡി.ആര്‍.ഐ വിഭാഗം സംശയിക്കുന്നു. ഇവരുടെ നീക്കങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

Keywords:  Kozhikode, Kerala, Karipur Airport, Youth, Smuggling, Kasaragod 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia