ഗോവിന്ദ് പന്‍സാരെയുടെ മകള്‍ കേരളത്തില്‍; സാംസ്‌കാരിക നായകര്‍ക്ക് കണ്ടഭാവമില്ല

 


തിരുവനന്തപുരം: (www.kvartha.com 03.10.2015) മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട സിപിഐ നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ മകളും പ്രമുഖ ആക്ടിവിസ്റ്റുമായ സ്മിതാ പന്‍സാരെ കേരളത്തില്‍.

പക്ഷേ, സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ അതിഥിയായി എത്തിയ അവര്‍ക്ക് സംസ്ഥാനത്തെ ഇടതു, നവോത്ഥാന സംഘടനകളില്‍ ലഭിച്ചത് തണുത്ത സ്വീകരണം. പ്രമുഖ മാധ്യമങ്ങളും അവരുടെ രാഷ്ട്രീയ പ്രസക്തിക്കൊത്ത വിധം പരിഗണിച്ചില്ല. ഗാന്ധിജയന്തി ദിനത്തിലെത്തിയ സ്മിതാ പന്‍സാരെ ഞാറാഴ്ച മടങ്ങും.

എഐവൈഎഫ് സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മുഖ്യാതിഥിയായാണ് സ്മിത എത്തിയത്. ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലും മൂന്നിനു തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയീസ് ഹാളിലുമാണ് ജനകീയ സദസ്. രണ്ടിടത്തും പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളുടെ വന്‍ പട്ടിക തയ്യാറാക്കി ക്ഷണിച്ചിരുന്നു. കോഴിക്കോട് പരിപാടിക്ക് ഇവരില്‍ ഒരു വിഭാഗം എത്തിയില്ല. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത്  വന്‍ സദസ് സംഘടിപ്പിക്കാനായിരുന്നു പരിപാടിയെങ്കിലും മൈതാനം നേരത്തേ ബക്ക് ചെയ്തുപോയിരുന്നു.

കോഴിക്കോട്ടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് സംഘാടകര്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും തീവ്രശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി പലരും പിന്‍മാറുമെന്ന ആശങ്കയാണു നിലനില്‍ക്കുന്നത്. സംഘ്പരിവാറിനും കേന്ദ്ര സര്‍ക്കാരിനും അനഭിമതരായവരെ സ്വീകരിക്കാനും അവര്‍ക്കൊപ്പം വേദി പങ്കിടാനും പല പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും മടിക്കുന്ന സ്ഥിതി കേരളത്തിലും ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ് സ്മിതയോടുള്ള അവഗണന എന്നാണു സൂചന. മുമ്പ് വന്‍ സ്വീകരണം ലഭിച്ചിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെറ്റല്‍വാദ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ വന്നപ്പോള്‍ മുമ്പത്തേതില്‍ നിന്നു വ്യത്യസ്ഥമായി തണുത്ത സ്വീകരണമാണ് ലഭിച്ചത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പങ്ക് പുറത്തുകൊണ്ടുവരാന്‍ ശക്തമായ നിയമപോരാട്ടം നടത്തി വിജയിച്ച ടീസ്തയെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വേട്ടയാടുകയാണ്. അവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന നിയമവിരുദ്ധമായി പണം സമാഹരിച്ചുവെന്നതുള്‍പ്പെടെയാണ് ആരോപണങ്ങള്‍.


സമീപകാലത്ത് സംഘ്പരിവാറിനെതിരായ ശക്തമായ നിലപാട് എഴുത്തിലും പ്രവര്‍ത്തികളിലും
സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മൂന്ന് പ്രമുഖരില്‍ ആദ്യത്തെയാളാണ് സ്മിതയുടെ പിതാവ് ഗോവിന്ദ് പന്‍സാരെ. പിന്നീട് നരേന്ദ്ര ധബോല്‍ക്കര്‍, എം എ കല്‍ബുര്‍ഗി എന്നിവരും കൊല്ലപ്പെട്ടു. പന്‍സാരെ വധം ഇപ്പോഴും പ്രത്യേക സംഘം അന്വേഷിക്കുകയാണ്. സ്മിതാ പന്‍സാരെയുടെ കേരളത്തിലെ സാന്നിധ്യം സിപിഎം മാധ്യമങ്ങള്‍ പോലും കാര്യമായി പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia