Statement | ഷാരോണ്‍ രാജ് വധക്കേസ്: പൊലീസിനെ വെട്ടിലാക്കി കോടതിയില്‍ ഗ്രീഷ്മയുടെ മൊഴി; 'എല്ലാം കെട്ടിച്ചമച്ചത്, നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു'
Dec 9, 2022, 16:25 IST
തിരുവനന്തപുരം: (www.kvartha.com) പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസിനെ വെട്ടിലാക്കിയാണ് ഗ്രീഷ്മയുടെ മൊഴി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. പൊലീസ് നിര്‍ബന്ധിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ പറഞ്ഞു.
കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നതെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഗ്രീഷ്മയുടെ മൊഴി അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കാറാണ് പതിവ്. ശാസ്ത്രീയ തെളിവുകള്‍ കേസില്‍ ശേഖരിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ മൊഴി വീഡിയോയില്‍ രേഖപ്പെടുത്തി. 70 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കും. കസ്റ്റഡി വിചാരണയ്ക്കാണ് പൊലീസ് നീക്കം നടത്തുന്നത്. നെയ്യാറ്റിന്‍കര കോടതിയില്‍നിന്ന് അനുമതി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ചതിന് പിന്നാലെ അസുഖബാധിതനായ ഷാരോണ്‍ 25നാണ് മരിച്ചത്. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാരോണ്‍ വധത്തില്‍ ഗ്രീഷ്മയ്ക്ക് പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരനും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് പറയുന്നു.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരന്‍ കര്‍ഷകനാണ്. അമ്മാവന്‍ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയില്‍ ശേഖരിച്ച് കഷായത്തില്‍ കലര്‍ത്തി ഷാരോണിന് നല്‍കുകയായിരുന്നുവെന്നും അമ്മാവനാണ് വിഷം നല്‍കിയ കുപ്പി ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. ഷാരോണ്‍ അവശനിലയിലായതോടെ ഷാരോണിന്റെ ബന്ധുക്കള്‍ക്ക് ഗ്രീഷ്മയുടെ നീക്കങ്ങളില്‍ സംശയം ഉണ്ടായതോടെ പാറശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Trending,Case, Court,statement,Police,Accused, Sharon Raj Murder Case: Court records statement of Greeshma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.