ബി ജെ പിയെ നേരിടാന്‍ ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍ ലാലുവിന്റെ ആര്‍ജെഡിയില്‍ ലയിച്ചു; എതിര്‍പ്പുമായി കേരള ഘടകം
Mar 20, 2022, 18:11 IST
കൊച്ചി: (www.kvartha.com 20.03.2022) ദേശീയതലത്തില്‍ ബി ജെ പിയെ നേരിടാന്‍ ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ലയിച്ചു. ഇരു നേതാക്കളും വേര്‍പിരിഞ്ഞ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലയനം നടന്നത്. അതിനിടെ ലയനത്തില്‍ എതിര്‍പ്പുമായി കേരള ഘടകം രംഗത്തെത്തി.
ശരദ് യാദവ് ലയനം പ്രഖ്യാപിച്ചത് പാര്‍ടി ദേശീയ നിര്‍വാഹക സമിതി അറിയാതെയാണെന്നും അതിനാല്‍ യോജിക്കാനാവില്ലെന്നും എല്‍ജെഡി ദേശീയ ജെനല്‍ സെക്രടറി ഡോ. വര്‍ഗീസ് ജോര്‍ജ് തുറന്നടിച്ചു. പാര്‍ടി ഇതേ പേരിലും ചിഹ്നത്തിലും കേരളത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലയനതീരുമാനം എല്‍ജെഡി ഇടതുമുന്നണിയില്‍ ചര്‍ച ചെയ്യണം. കീഴ്ഘടകങ്ങളോടും പ്രവര്‍ത്തകരോടും ആലോചിക്കുക എന്ന ഉത്തരവാദിത്തവുമുണ്ട്. അതിനാല്‍ സംസ്ഥാന കമിറ്റി ഉടന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ശരദ് യാദവിന്റെ ഡെല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ലയനം. 2018ല്‍ രൂപവത്കരിച്ച എല്‍ജെഡി ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധേപുരയില്‍ നിന്ന് ആര്‍ജെഡി ടികറ്റില്‍ മത്സരിച്ച ശരദ് പരാജയപ്പെട്ടിരുന്നു.
'ലയനം പ്രതിപക്ഷ ഐക്യത്തിനുള്ള ആദ്യപടിയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തുടനീളം പ്രതിപക്ഷ പാര്‍ടികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിപക്ഷ പാര്‍ടികളെ ആര് നയിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും' ശരദ് യാദവ് വ്യക്തമാക്കിയതായി എഎന്‍ഐ റിപോര്‍ട് ചെയ്തു.
എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡി കേരള ഘടകം ലയനത്തിന്റെ ഭാഗമായില്ല. ശരദ് യാദവ് ജനതാദള്‍ (യു) വിട്ടാണ് എല്‍ജെഡി രൂപീകരിച്ചത്. ജെഡിയു നേതാവായിരിക്കെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. പാര്‍ടി മാറിയാല്‍ അയോഗ്യത ഉണ്ടാകും. അതിനാല്‍ എല്‍ജെഡി ഭാരവാഹിത്വം അദ്ദേഹം വഹിച്ചിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിനു രണ്ട് സീറ്റ് കിട്ടിയപ്പോള്‍ എല്‍ജെഡിക്ക് ഒരു എം എല്‍ എ മാത്രമാണുള്ളത്. ജെഡിഎസിന് മന്ത്രി സ്ഥാനം ലഭിച്ചു. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിയുന്നതോടെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ പരിഗണിക്കണമെന്ന ആവശ്യവും ഇടതു മുന്നണി തള്ളി.
ആ സീറ്റ് സിപിഐക്കാണ് കൊടുത്തത്. ഇതിനെതിരെ ശ്രേയാംസ് കുമാര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എംവി ശ്രേയാംസ് കുമാറിനെ വെല്ലുവിളിച്ച് രാജിവച്ച ഷേഖ് പി ഹാരിസ് ഉള്‍പെടെയുള്ള ചില നേതാക്കള്‍ സിപിഎമില്‍ ചേര്‍ന്നിരുന്നു.
അതുകൊണ്ട് നാലും മൂന്നും ഉള്‍പെടെ ഏഴ് പേരുള്ള പാര്‍ടിക്ക് കേരളത്തില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ലയനത്തിന് പ്രസക്തിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Keywords: Sharad Yadav's Loktantrik Janata Dal merges with Lalu's RJD; LJD Kerala fraction protests, Kochi, News, Politics, Conference, Rajya Sabha Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.