ശബരിമല ദര്‍ശനത്തിന് ഭക്തരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

 


കൊച്ചി: (www.kvartha.com 07.11.2014) മണ്ഡലം മകരവിളക്കുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഭക്തരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കോടതി മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ ഈ വര്‍ഷവും നടപ്പാക്കണമെന്നും ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.വി ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.

മണ്ഡലം മകരവിളക്കിന്റെ ഫലപ്രദമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണം. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലാ കലക്ടര്‍മാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബന്ധപ്പെട്ട മേഖലയിലെ പഞ്ചായത്തുകള്‍, സര്‍ക്കാറിതര സംഘടനകള്‍, ഭക്തജന സംഘടനകള്‍ എന്നിവര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം. സ്‌പെഷല്‍ കമീഷണര്‍ കെ. ബാബുവിനെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോടതി ചുമതലപ്പെടുത്തി.

ദേവസ്വം കമ്മീഷണര്‍ വേണുഗോപാലിനെ ജമ്മുകാശ്മീരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയമിച്ചത് സംബന്ധിച്ച ദേവസ്വം ഓംബുഡ്‌സ്മാന്റെ റിപോര്‍ട്ട് കോടതി പരിഗണിച്ചു. കഴിഞ്ഞ വര്‍ഷവും ദേവസ്വം കമീഷണര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് കോടതിയുടെ പരിഗണനക്കെത്തിയത് കോടതി ചൂണ്ടിക്കാട്ടി. ഇത്തവണയും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.
ശബരിമല ദര്‍ശനത്തിന് ഭക്തരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കഴിഞ്ഞ തവണത്തെപോലെ കമ്മീഷണറെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ദേവസ്വം കമീഷണറുടെ പേര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടാനിടയായതിന് കാരണക്കാരായ സര്‍ക്കാറിന്റെ ഭരണ നിര്‍വഹണ വിഭാഗത്തെ കോടതി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥന്‍ അത്യാവശ്യ ചുമതലയില്‍ നിയമിക്കപ്പെട്ടിരിക്കുന്നുവെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഭരണ വിഭാഗം അറിയിക്കാതിരുന്നതാണ് ഈ അവസ്ഥക്ക് ഇടയാക്കിയത്. അത്യാവശ്യ ചുമതലകളിലുള്ളവരെ മറ്റു കാര്യങ്ങളില്‍ വരും കാലങ്ങളിലെങ്കിലും ഉള്‍പെടുത്താതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Shabarimala: adequate facilities arrange to devotees, High Court. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia