Arrested | കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍ കുമാര്‍ പിടിയില്‍; 'കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ'

 
Second accused of Kaliyikkavila murder case arrested, Thiruvananthapuram, Kaliyikkavila murder case, Accused, Arrested, Police, Custudy, Kerala News


തിങ്കളാഴ്ച പുലര്‍ചെ ഒരുമണിയോടെ തമിഴ് നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് സുനില്‍കുമാറിനെ  കസ്റ്റഡിയിലെടുത്തത്


കാറിന്റെ രേഖകള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം വാങ്ങിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്

തിരുവനന്തപുരം: (KVARTHA) കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ കാണാനില്ലായിരുന്നു. കൊലപാതകത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തമിഴ് നാട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അതിനുശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ വിവരം പുറത്തുവരികയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


തിങ്കളാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ് നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.

കാറിന്റെ രേഖകള്‍ പണയപ്പെടുത്തി സുനില്‍കുമാര്‍ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം വാങ്ങിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. തുടര്‍ന്ന് ഈ പണവുമായി ബംഗ്ലൂര്‍ വഴി മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം.

ദീപുവിനെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്താണ് സുനില്‍കുമാര്‍. ദീപു കൊലക്കേസില്‍ സജികുമാറിനെയും ഗൂഢാലോചനയില്‍ പങ്കാളിയായ പ്രദീപ് ചന്ദ്രനെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജികല്‍ മെഡികല്‍ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാന്‍ ആയുധങ്ങള്‍ അമ്പിളിയ്ക്ക് വാങ്ങി നല്‍കിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതും സുനിലാണ്.

ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ് ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജികുമാറാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. ദീപുവില്‍ നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം സജികുമാര്‍ നടത്തിയ ക്വടേഷന്‍ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia