കളിചിരിയുമായി സ്‌കൂളുകള്‍ ഉണര്‍ന്നു

 


കളിചിരിയുമായി സ്‌കൂളുകള്‍ ഉണര്‍ന്നു
കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ സ്‌കൂളുകളിലേക്കെത്തി. കളിയും ചിരിയും കരച്ചിലുകളുമായി അവര്‍ വിദ്യാലയ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം മഴയുടെ അകമ്പടിയില്ലാതെയാണ് കുരുന്നുകള്‍ വിദ്യാലയത്തിലെത്തിയത്. 3.33 ലക്ഷം കുട്ടികളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളുകളിലേക്കെത്തിയത്. പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് വരവേറ്റത്.

ചെണ്ടമേളം, ബലൂണ്‍, വര്‍ണ്ണ കിരീടങ്ങള്‍ തുടങ്ങിയവ അണിയിച്ച് ആഘോഷമായാണ് വിദ്യാലയത്തിന്റെ പടികള്‍ അവര്‍ ചവിട്ടി കടന്നത്. മിഠായിയും, മധുര പലഹാരങ്ങളും നല്‍കിയതോടെ പുത്തന്‍ കൂട്ടുകാരോടൊപ്പം അവര്‍ മതിമറന്ന് ഉല്ലസിച്ചു. അമ്മമാരുടെ സാരിത്തുമ്പില്‍ പിടിച്ചാണ് പലരും സ്‌കൂളിലെത്തിയത്. ഇവരെ സ്‌കൂളിലാക്കി അമ്മമാര്‍ മടങ്ങാന്‍ ശ്രമിച്ചതോടെ കൂട്ടനിലവിളിയും ഉയര്‍ന്നു. അധ്യാപകരും അധ്യാപികമാരും കളികോപ്പുകളും മധുരവും നല്‍കി പലരുടെയും കരച്ചില്‍ അടക്കി. ചിലരെ അടക്കാന്‍ കഴിയാത്തതിനാല്‍ അമ്മമാരെയും കുറച്ചുസമയം ഒപ്പമിരുത്തി.

ഇത്തവണ വിദ്യാലയങ്ങളില്‍ 200 പ്രവൃത്തി ദിവസങ്ങളായിരിക്കും ഉണ്ടാകുക. ആറ് പ്രവൃത്തി ദിവസങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 16, ജൂലൈ 21, ഓഗസ്റ്റ് 18, സെപ്റ്റംബര്‍ 22, ഒക്‌ടോബര്‍ 6, നവംബര്‍ 17 എന്നീ ശനിയാഴ്ചകളിലാണ് സ്‌ക്കൂളുകള്‍ പ്രവര്‍ത്തിക്കുക. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെല്ലാം 1,000 പ്രവൃത്തി മണിക്കൂറുകളുണ്ടാകും. നിലവില്‍ 194 പ്രവൃത്തി ദിവസങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നന്നതിന്റെ ഭാഗമായാണ് അധ്യയന സമയം കൂട്ടുന്നത്.


Keywords:  Kozhikode, School., Kerala, Students


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia