Jaick C Thomas | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജെയ്ക് സി തോമസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.

സിപിഎം സംസ്ഥാന സെക്രടേറിയറ്റാണ് ജെയ്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാര്‍ടി ആദ്യം പരിഗണിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്‍ ഡി എഫും, ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ജെയ്ക് സി തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും പരിഗണനയില്‍ ഉണ്ടെന്ന റിപോര്‍ടുകളും പുറത്തുവന്നിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്കിന് അനുകൂല ഘടകമായി.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ് എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.

Jaick C Thomas | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടേറിയറ്റ് അംഗം, കേന്ദ്ര കമിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളജില്‍ നിന്നും കമ്യൂണികേറ്റീവ് ഇംഗ്ലീഷില്‍ ബിരുദവും നേടി.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സെപ്റ്റംബര്‍ അഞ്ചിനാണ് വോടെണ്ണല്‍. ഫലപ്രഖ്യാപനം സെപ്റ്റബര്‍ എട്ടിന്.

Keywords:  Puthuppally bypoll: CPM approves candidature of Jaick C Thomas, Kottayam, News, Puthuppally Bypoll, Jaick C Thoma, LDF Candidate, Politics, CPM, Chandy Oommen, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia