നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍
Apr 5, 2022, 12:47 IST
കൊച്ചി: (www.kvartha.com 05.04.2022) പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ സമീപകാലത്ത് ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയില്‍ പറയുന്നു.
ഹൈകോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി ഇന്‍ഡ്യന്‍ പരമോന്നത കോടതിയെ സമീപിച്ചത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് നേരത്തെ പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി, നാലാം പ്രതി വിജീഷ് എന്നിവര്‍ ഒഴികെ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വിജീഷിനും കഴിഞ്ഞ ദിവസം ഹൈകോടതിയും ജാമ്യം അനുവദിച്ചു. പള്‍സര്‍ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തില്‍ അത്താണി മുതല്‍ വിജീഷും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് 2018 മെയ് ഏഴിന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം ലഭിച്ചുവെന്ന വിവരം പുറത്തുവന്നു. സഹതടവുകാരന് കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്.
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ലെന്നും കത്തിലുണ്ടെന്നാണ് വവിരം. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഈ സാംപിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് നീക്കം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.