ജോസ് മോനെ മാണിസാറിന്റെ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതിനായി അധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദിയുമായി പി ടി ജോസ്: കേരളാ കോണ്‍ഗ്രസില്‍ സമാന്തര സംഘടന നിലവില്‍ വന്നു

 


കണ്ണൂര്‍: (www.kvartha.com 06.04.2022) കണ്ണൂരില്‍ പാര്‍ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തിരിച്ചടിയായി കേരളകോണ്‍ഗ്രസില്‍ സമാന്തരസംഘടനയുമായി മുതിര്‍ന്ന നേതാവ് പി ടി ജോസ്. തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് എമില്‍ നിന്നും വിട്ടുനില്‍ക്കുന്ന പി ടി ജോസ് വിഭാഗം സ്ഥാപക നേതാവ് കെ എം മാണിയുടെ പേരില്‍ സമാന്തരസംഘടനയുണ്ടാക്കിയത്. മാണിസാറിന്റെ തൊഴിലാളി വര്‍ഗ, കര്‍ഷക പ്രത്യയശാസ്ത്രമായ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പഠനവേദിയെന്ന പേരിലാണ് പുതിയ സംഘടന നിലവില്‍ വന്നത്.

ജോസ് മോനെ മാണിസാറിന്റെ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതിനായി അധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദിയുമായി പി ടി ജോസ്: കേരളാ കോണ്‍ഗ്രസില്‍ സമാന്തര സംഘടന നിലവില്‍ വന്നു

കെ എം മാണിയുടെ മൂന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായ പഠന വേദി കണ്ണൂരില്‍ സമാന്തര അനുസ്മരണ സമ്മേളനം നടത്തും. ഏപ്രില്‍ ഒന്‍പതിന് രാവിലെ 11.30ന് കണ്ണൂര്‍ മേലെ ചൊവ്വ പാവനാത്മ പ്രോവിന്‍ഷ്യലേറ്റ് ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം.

പാര്‍ടി ഔദ്യോഗിക വിഭാഗത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. ഫലത്തില്‍ കെ എം മാണിയുടെ സൈദ്ധാന്തിക നിലപാടായ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പേരില്‍ രൂപീകരിച്ച പഠനവേദി മാണിഗ്രൂപിന്റെ സമാന്തരസംഘടനയായാണ് വിലയിരുത്തപ്പെടുന്നത്. കെ എം മാണിയുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് തലമുതിര്‍ന്ന നേതാവും കെ എം മാണിയുടെ അതീവവിശ്വസ്തരിലൊരാളുമായ പി ടി ജോസിന്റെ നേതൃത്വത്തില്‍ പഠനസമിതി രൂപീകരിച്ചതെങ്കിലും പാര്‍ടി ഔദ്യോഗികവിഭാഗത്തിന് ഈക്കാര്യത്തില്‍ ആശങ്കയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പാര്‍ടി കെട്ടിപ്പെടുത്തത് അരനൂറ്റാണ്ടിലേറെക്കാലമായുള്ള പി ടി ജോസിന്റെ പ്രവര്‍ത്തനമാണെന്നതിനാല്‍ ആഴത്തിലുള്ള സ്വാധീനംപ്രവര്‍ത്തകരില്‍ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ പഠനവേദിയുടെ രൂപത്തില്‍ പാര്‍ടി ഒരുപിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണെന്നാണ് ഔദ്യോഗിക വിഭാഗമായ ജോസ് കെ മാണിയെ അനുകൂലിക്കുന്നവരുടെ കണക്കുകൂട്ടല്‍.

ഒരാഴ്ച മുന്‍പ് കണ്ണൂരില്‍ നടന്ന കേരളാ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ടി ചെയര്‍മാന്‍ ജോസ് കെ മാണിയെത്തിയിരുന്നുവെങ്കിലും അദ്ദേഹം പി ടി ജോസിനെ സന്ദര്‍ശിക്കാന്‍ തയാറായില്ല. പി ടിയോടുള്ള ചെയര്‍മാന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ കമിറ്റിയിലെ ഒരുവിഭാഗവും മണ്ഡലം പ്രസിഡന്റുമാരില്‍ ഒരുവിഭാഗവും നേതൃയോഗം ബഹിഷ്‌കരിച്ചു.

ഒന്‍പതിനു നടക്കുന്ന വിമതവിഭാഗം യോഗത്തിന് സഭാധ്യക്ഷന്‍മാരുടെ പിന്‍തുണയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതലയാണ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ഫാ.സ്റ്റീഫന്‍ ജയരാജ്, ഫാ. ബെന്നി നിരപ്പേല്‍, ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍, പ്രൊഫ. മുഹമ്മദ് അഹ് മദ്, പി കെ പ്രേമരാജന്‍, ഡോ.വിജയന്‍ ചാലോട്, ടി പി ആര്‍ നാഥ് എന്നിവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അധ്വാനവര്‍ഗ പഠനസമിതി ഉടന്‍ സംഘടാന രൂപത്തിലെത്തി എല്‍ ഡി എഫില്‍ തന്നെ ഇടം പിടിക്കുമെന്നാണ് സൂചന. ഇതോടെ കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഔദ്യോഗികമായി തന്നെ പിളര്‍പ്പിലെത്തിയിരിക്കുകയാണ്.

Keywords: PT Jose: A parallel organization was established in the Kerala Congress with the working class theory study platform to teach Jose Mani, Kannur, News, Politics, Kerala Congress (m), Kerala, K. M. Mani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia