Rahul Gandhi | 'രാജാവ് നഗ്നനാണ്', ആദ്യമായി ഒരാൾ വിളിച്ചു പറഞ്ഞു, രാഹുൽ ഗാന്ധി ഇത് ചെവിതുറന്ന് കേൾക്കുമോ?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) പണ്ട് ഒരു രാജാവ് നഗ്നനായി തെരുവീഥിയിലൂടെ സഞ്ചരിച്ച ഒരു കഥയുണ്ട്. രാജാവിൻ്റെ കോപത്തെ പേടിച്ച് രാജാവിൻ്റെ ആ യാത്രയെ അനുയായികൾ വാനോളം പുകഴ്ത്തിക്കൊണ്ടിരുന്നു. അപ്പോൾ ഒരു കൊച്ചു കുട്ടി വേണമായിരുന്നു രാജാവ് നഗ്നായിരുന്നെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ. അതുപോലെയാണ് ഭാരതത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധി എന്ന നേതാവിൻ്റെ അവസ്ഥയും. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമെന്ന് വിലയിരുത്തപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇത്രയും ശോചനീയമായ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചതിൻ്റെ ഉത്തരവാദിത്വം തനിക്കാണെന്ന് തിരിച്ചറിയാൻ ഇതുവരെ രാഹുൽ ഗാന്ധി എന്ന നേതാവിന് കഴിയുന്നില്ലെന്നതാണ് സത്യം. അതോ, അറിഞ്ഞിട്ടും അറിഞ്ഞില്ലായെന്ന ഭാവത്തിൽ അദ്ദേഹം അഭിനയിക്കുകയാണോ എന്നും തിരിച്ചറിയേണ്ടതുണ്ട്.
  
Rahul Gandhi | 'രാജാവ് നഗ്നനാണ്', ആദ്യമായി ഒരാൾ വിളിച്ചു പറഞ്ഞു, രാഹുൽ ഗാന്ധി ഇത് ചെവിതുറന്ന് കേൾക്കുമോ?

ഇപ്പോൾ മറ്റൊരാൾ അദ്ദേഹം സഞ്ചരിക്കുന്നത് നഗ്നനായാണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്. അത് മറ്റാരുമല്ല, പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തന്നെ. ഒരു കാലത്ത് രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയും കൂടിയായിരുന്നു പ്രശാന്ത് കിഷോർ. കോൺഗ്രസ് പാർട്ടിക്ക് തിരിച്ചു വരാൻ ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും അതൊന്നും കണ്ടതായി ഭവിക്കാതെ തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്ന അനുചാരന്മാരുമായി രാഹുൽ ഗാന്ധി നിങ്ങുന്ന കാഴ്ചയിൽ മനം മടുത്ത് പ്രശാന്ത് കിഷോർ രാഹുലിനെ കൈവിടുകയായിരുന്നു. ആ പ്രശാന്ത് കിഷോർ എന്താണ് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ പരാജയം എന്ന് തുറന്നടിച്ചിരിക്കുകയാണ്.

അദ്ദേഹത്തിൻ്റെ വാക്കുൾ ഇങ്ങനെ: 'ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി നേതൃസ്ഥാനത്തു നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. കഴിഞ്ഞ പത്തു വർഷമായി പാർട്ടിക്ക് ഫലം ഉണ്ടാക്കാൻ കഴിയാതിരുന്നിട്ടും മാറിനിൽക്കാത്തതും മറ്റൊരാളെ നയിക്കാൻ ഏൽപ്പിക്കാത്തതും ജനാധിപത്യ വിരുദ്ധമാണ്. നിങ്ങൾ ഒരു ഫലവുമില്ലാതെ പത്തുവർഷമായി ഒരേ പണി ചെയ്യുകയാണെങ്കിൽ വിശ്രമമെടുക്കുന്നതിൽ ദോഷമില്ല. അഞ്ച് വർഷത്തേയ്ക്ക് മറ്റാരെയെങ്കിലും അതിന് അനുവദിക്കണം. നിങ്ങളുടെ അമ്മ അത് ചെയ്തു (സോണിയാ ഗാന്ധി നരസിംഹറാവുവിനെ ചുമതലയേൽപ്പിച്ച കാര്യം ഓർമ്മിപ്പിച്ച് പ്രശന്ത് കിഷോർ പറഞ്ഞു).

ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ പ്രധാന ഗുണം അവർക്ക് എന്താണ് കുറവുള്ളതെന്ന് അവർക്കറിയാമെന്നതാണ്. ആ വിടവുകൾ നികത്താൻ സജീവമായി അവർ ശ്രമിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിക്ക് എല്ലാം അറിയാമെന്നാണ് തോന്നുന്നത്. സഹായത്തിൻ്റെ ആവശ്യകത നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ല. തനിക്ക് ശരിയെന്നു തോന്നുന്നത് നടപ്പാക്കാൻ കഴിയുന്ന ഒരാളെ ആവശ്യമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്'.

ഇനി ഇതിൻ്റെ പേരിൽ ധാരാളം ചീത്തവിളികൾ പ്രശാന്ത് കിഷോറിനെതിരെ നടക്കും. അത് കോൺഗ്രസിനെ സ്നേഹിക്കുന്ന പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആയിരിക്കില്ല. തനിക്ക് ശരിയെന്നുതോന്നുന്നത് നടപ്പാക്കാൻ കഴിയുന്ന ആളുകൾ രാഹുൽ ഗാന്ധിയുടെ പിറകിൽ ഉണ്ടല്ലോ. സത്യം ലോകം മനസിലാക്കുമ്പോൾ തൻ്റെ സ്ഥാനങ്ങൾക്ക് ഇളക്കം തട്ടുമെന്ന് ചിന്തിക്കുന്ന ഇത്തരക്കാരുടെ ആളുകളായിരിക്കും പ്രശാന്ത് കിഷോറിനെ സോഷ്യൽ മീഡിയായിലൂടെയും മറ്റും ചീത്ത പറയുക. അതിന് യഥേഷ്ടം പണവും ഇക്കൂട്ടർ കൊടുത്തുവെന്നിരിക്കും. എന്തായാലും പ്രശാന്ത് കിഷോർ പറഞ്ഞതിൽ സത്യമുണ്ടെന്ന് കോൺഗ്രസിനെ എക്കാലവും സ്നേഹിക്കുന്ന നിഷ്പക്ഷ മതികൾക്ക് മനസിലാകും. ഭരണകക്ഷിയ്ക്കെതിരെ ആഞ്ഞടിക്കേണ്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും അതൊന്നും ഗൗനിക്കാതെ ജോഡോ യാത്രപോലെയുള്ളവ നടത്തി പ്രസ്ഥാനത്തിന് എന്ത് നേട്ടം ഉണ്ടാക്കി കൊടുത്തു എന്നത് രാഹുലും അദ്ദേഹത്തിൻ്റെ തോഴൻ കെ സി വേണുഗോപാലും ഒക്കെ ചിന്തിക്കേണ്ടതാണ്.

ധാരാളം പ്രമൂഖർ നേതൃത്വത്തിൻ്റെ പോക്കിൽ മനം നൊന്ത് പാർട്ടി വിട്ടപ്പോഴും അവരെ തിരിച്ചുകൊണ്ടുവരുവാൻ പോലും ശ്രമിക്കാതെ കണ്ണടച്ചിരുന്ന് ജോഡോ യാത്ര നടത്തി. ശശി തരൂരിനെപ്പോലുള്ള യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന നേതാവിനെ മുന്നിൽ നിർത്താതെ തനിക്ക് പാവയാകുന്ന 82 കാരൻ ഖാർഖയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി കൊണ്ടുവരാൻ രാഹുലും കെ.സിയും ഒക്കെ ഉത്സാഹിച്ചു. കർണ്ണാടക ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിന് തിരിച്ചു കിട്ടിയത് രാഹുലിൻ്റെയോ ജോഡോ യാത്രയുടെയോ മിടുക്ക് അല്ല. ഡി.കെ.ശിവകുമാർ എന്ന കർണ്ണാടകയിലെ ശക്തനായ കോൺഗ്രസ് പ്രസിഡൻ്റിൻ്റെ മിടുക്ക് ആയിരുന്നു.

ഇതുപോലെ പണ്ട് പാർട്ടിയിൽ ഉണ്ടായിരുന്ന പല മിടുക്കന്മാരും ഇന്ന് കോൺഗ്രസിൽ ഇല്ല. അതുകൊണ്ട് ഒക്കെ തന്നെയാണ് കോൺഗ്രസ് ഈ രീതിയിൽ തകർന്ന് തരിപ്പണം ആയത്. ഇനിയും ഒരു അഞ്ച് വർഷക്കാലം കൂടി ബി.ജെ.പി ഇന്ത്യ ഭരിച്ചാൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ചിലപ്പോൾ ഇവിടെ ഉണ്ടായെന്നു തന്നെ വരില്ല. രാഹുൽ ഗാന്ധി ഇക്കുറി മത്സരിക്കേണ്ടിയിരുന്നത് കോൺഗ്രസ് ഭൂരിപക്ഷ മണ്ഡലം ആയിരുന്ന വയനാട്ടിൽ ആയിരുന്നില്ല. അദ്ദേഹം മുൻപ് തോറ്റ ഗാന്ധി കുടുംബത്തിൻ്റെ സ്വന്തം അമേഠിയിൽ തന്നെ ആകണമായിരുന്നു. അതിന് ഒരു പ്രത്യേക തിളക്കവും ഉണ്ടായെനെ. എന്തായാലും പ്രശാന്ത് കിഷോർ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്, കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ രാജാവ് നഗ്നനാണെന്ന്.

Rahul Gandhi | 'രാജാവ് നഗ്നനാണ്', ആദ്യമായി ഒരാൾ വിളിച്ചു പറഞ്ഞു, രാഹുൽ ഗാന്ധി ഇത് ചെവിതുറന്ന് കേൾക്കുമോ?

Keywords: Politics, Election, Congress, BJP, Rahul Gandhi, King, Leader, INC, Sonia Gandhi, Narasimha Rau, Prashant Kishor, Bharat Jodo Yatra, Shashi Tharoor, Youth, Amethi, Prashant Kishor’s advice for Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia