Corruption Allegations | പിപി ദിവ്യ ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്ന് പി മുഹമ്മദ് ഷമ്മാസ്; കെ എസ് യു നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ


●'പദവിയിലിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്‍കിയത് സ്വന്തം കമ്പനിക്ക്.'
●'സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.'
●'അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് ബിനാമി കമ്പനിയുടെ എംഡി.'
●കഴിഞ്ഞ മൂന്ന് മാസമായി തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പിപി ദിവ്യ.
കണ്ണൂര്‍: (KVARTHA) പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അഴിമതികള്‍ നടത്തുകയും ബിനാമി സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമ്മാസ് രംഗത്തുവന്നത്.
അതേസമയം തനിക്കും ഭര്‍ത്താവിനുമെതിരെ റിയല്‍ എസ്റ്റേറ്റ് ബിനാമി ഇടപാടുകളുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്‍കിയത് സ്വന്തം ബിനാമി കമ്പനിക്ക് ആണെന്നും കമ്പനി ഉടമയായ ബിനാമിയുടേയും പിപി ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ ബിനാമി കമ്പനിയുടെ എംഡിയും പിപി ദിവ്യയുടെ നാട്ടുകാരനുമായ മുഹമ്മദ് ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവ് വിപി അജിത്തിന്റേയും പേരില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്. ഇരുവരുടെയും പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയതിന്റെ രേഖകളുമുണ്ടെന്നും ഷമ്മാസ് പറഞ്ഞു.
11 കോടിയോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിര്‍മാണങ്ങള്‍ക്ക് മാത്രമായി ബിനാമി കമ്പനിക്ക് നല്‍കിയത്. ഇതിന് പുറമെ പടിയൂര്‍ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ കരാറും ഈ കമ്പനിക്ക് തന്നെയായിരുന്നു. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം 2021 ആഗസ്റ്റ് ഒന്നിനാണ് ബിനാമി കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനും കൂടിയായ മുഹമ്മദ് ആസിഫാണ് ബിനാമി കമ്പനിയുടെ എംഡി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിര്‍മ്മാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്പനിക്ക് ലഭിച്ചത്. പ്രധാനമായും ബയോ ടോയ്‌ലറ്റുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിര്‍മ്മാണങ്ങള്‍. മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനി മാത്രം ചെയ്തത്. ഒരു കരാര്‍ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല.
പിപി ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ വലിയ പങ്കുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകളും ഈ ബിനാമി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ വീരപ്പനെ പോലും പി.പി ദിവ്യയും കൂട്ടാളികളും നാണിപ്പിക്കുകയാണെന്ന് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് കെ.എസ്. യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചതെന്ന് പിപി ദിവ്യ പ്രതികരിച്ചു. പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും തനിക്കുണ്ടെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പരത്തിയത്. ഇപ്പോഴത് നാല് ഏക്കറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചു വരികയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്‍പോട്ടു പോകുമെന്നും ദിവ്യ കുറിച്ചു.
ഈ വാര്‍ത്ത വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമൻ്റ് കോളത്തിൽ പങ്കുവെക്കുക, ഒപ്പം പങ്കിടാനും മറക്കരുത്!
PP Divya responds to corruption and land allegations made by KSU leader P. Muhammad Shammas, denying the claims and vowing to take legal action.
#PpDivya #KSUAllegations #KannurNews #CorruptionAllegations #LegalAction #PpShammas