24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം: മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

 


24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം: മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടി അംഗീകരിക്കുന്ന തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം എടുത്തേക്കും. ഇതു സംബന്ധിച്ച കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് നിയമ സഭയില്‍ സബ് മിഷന്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ആവശ്യം ഉന്നയിച്ച് എം.എല്‍.എ. ഇതിനുമുമ്പ് രണ്ട് തവണ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പോസ്റ്റ്‌മോര്‍ട്ടം അവസാനിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ വ്യവസ്ഥ മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു.

പകല്‍ വെളിച്ചത്തിലാവണം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും എന്നാണ് മെഡിക്കോ ലീഗല്‍ കോഡില്‍ പറയുന്നത്. അതേസമയം അപകടങ്ങളിലോ മറ്റോ അഞ്ചില്‍കൂടുതല്‍ പേര്‍ മരിച്ചാല്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ രാത്രിയും പോസ്റ്റുമോര്‍ട്ടം നടത്താമെന്നും ലീഗല്‍ കോഡില്‍ പറയുന്നുണ്ട്. ഇക്കാര്യം എം.എല്‍.എ. സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. അഞ്ചില്‍ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ രാത്രി കാലത്തും പോസ്‌ററുമോര്‍ട്ടം നടത്താമെങ്കില്‍ എന്തുകൊണ്ട് ഒരാളുടെ കാര്യത്തിലും അങ്ങനെ ആയിക്കൂടെന്ന് എം.എല്‍.എ. ആരാഞ്ഞു. എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് എന്‍.എ. നെല്ലിക്കുന്ന് ചോദിച്ചതെന്നും മെഡിക്കല്‍ ലീഗോ കോഡില്‍ ഭേദഗതിവരുത്തി 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ നടപടി സ്വീകരിക്കുന്നതിനെകുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

നിലവിലുള്ള വ്യവസ്ഥ പ്രകാരം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെങ്കില്‍ പിറ്റേന്ന് രാവിലെ ഒമ്പത് മണി കഴിയണം. അത് മരണപ്പെട്ടവരുടെ ബന്ധുക്കളെ ഏറെ വലയ്ക്കുന്നു. ദൂര സ്ഥലങ്ങളിലേക്കാണ് മൃതദേഹം കൊണ്ടു പോകേണ്ടതെങ്കില്‍ അതിനായി ഏറെ സമയവും എടുക്കുന്നു. ഫ്രീസര്‍ സൗകര്യമില്ലാത്ത ആശുപത്രികളിലാണെങ്കില്‍ മൃതദേഹം കേടു കൂടാതെ സൂക്ഷിക്കുന്നതിനും പ്രയാസം നേരിടുന്നു.

24 മണിക്കൂറും പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് നടപടിയുണ്ടാവുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രയാസങ്ങള്‍ മാറിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് മിഷന്‍ ഉന്നയിച്ചതിന് ശേഷം ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ തടസങ്ങള്‍ മാറ്റിയെടുക്കാനും എം.എല്‍.എ തന്നെയാണ് മുന്നിട്ടിറങ്ങിയത്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഉയരുന്ന ആവശ്യം പ്രാവര്‍ത്തികമാക്കാന്‍ യത്‌നിച്ച എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രവര്‍ത്തന മികവുകളില്‍ ഒന്നായും അത് സ്ഥാനം പിടിക്കും.

Keywords: Postmortem, Sub Mission, Meeting, MLA, Dead Body, Hospital, Chief Minister, Kasaragod, Kerala, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia